തുറിച്ചു നോക്കേണ്ട, ഇങ്ങനെ വേണം മുലയൂട്ടാന്‍..

Update: 2018-06-02 21:10 GMT
തുറിച്ചു നോക്കേണ്ട, ഇങ്ങനെ വേണം മുലയൂട്ടാന്‍..
Advertising

'തുറിച്ചു നോട്ട'ങ്ങളിലെ അനാവശ്യ വിവാദങ്ങൾ വഴിമാറ്റി വിട്ട, എന്നാൽ യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന ചില മുലയൂട്ടൽ ചിന്തകൾ.

മുലയൂട്ടലുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങള്‍ക്കിടെ എങ്ങനെ മുലയൂട്ടണമെന്ന് വിശദീകരിക്കുന്ന കുറിപ്പുമായി ഡോക്ടര്‍മാരുടെ കൂട്ടായ്മ. അമൃതകിരണം എന്ന ഫെയ്സ്‍ബുക്ക് പേജിലാണ് കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്:

കാലമെത്ര പുരോഗമിച്ചാലും ഒളിമങ്ങാതെ നിൽക്കുന്ന പരിശുദ്ധിയുടെയും സ്നേഹത്തിന്റെയും ജീവാമൃതം. കുടുംബത്തിലും കുഞ്ഞിലും നിന്നു വേറിട്ട് അമ്മയെന്ന സ്ത്രീക്ക് സമൂഹത്തിൽ സ്വതന്ത്രമായ ഒരു സ്ഥാനവും അതിനോട് ചേർന്നുള്ള ഉത്തരവാദിത്തങ്ങളും വർധിച്ചപ്പോൾ, മുലയൂട്ടലിന്റെ സംസ്കാരത്തിന് ലോകമാകമാനം വെല്ലുവിളികൾ ഉയർന്നു. ശാരീരികവും ബൗദ്ധികവുമായ ആരോഗ്യമുള്ള ഒരു തലമുറയാണ് സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ഏറ്റവും വിലപിടിച്ച നിക്ഷേപമെങ്കിൽ, അമ്മമാരുടെ മുലയൂട്ടൽ അവരുടെ കടമ എന്നതു പോലെ, അതിനു വേണ്ട സൗകര്യം ഒരുക്കുക സമൂഹത്തിന്റെ ഉത്തരവാദിത്തവുമാണ്.

'തുറിച്ചു നോട്ട'ങ്ങളിലെ അനാവശ്യ വിവാദങ്ങൾ വഴിമാറ്റി വിട്ട, എന്നാൽ യഥാർത്ഥത്തിൽ ചർച്ച ചെയ്യപ്പെടേണ്ടിയിരുന്ന ചില മുലയൂട്ടൽ ചിന്തകൾ.

  • അമ്മയുടെ മുലപ്പാൽ കുടിച്ചു വളർന്നവർ ഉണ്ടെങ്കിൽ വരിനെടാ..."

മീശ പിരിച്ചു ലാലേട്ടൻ ഒരു പഞ്ചിനു പറയുന്നതാണേലും അതു വാസ്തവം തന്നാണേ. മുലപ്പാൽ കുടിച്ചു വളർന്നവർ ശരിക്കും 'ജിമ്മൻ'മാരാകാൻ പലതുണ്ട് കാര്യം.

ജനിച്ചു വീണു ആറു മാസം വരെ കുഞ്ഞിന്റെ സമ്പൂർണ്ണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ. അതായത് കുഞ്ഞിന്റെ വളർച്ചക്കു വേണ്ട അന്നജം, കൊഴുപ്പ്, പ്രോട്ടീൻ, ലാക്ടോസ്, വിറ്റാമിനുകൾ, ധാതുക്കൾ, ലവണങ്ങൾ, എൻസൈമുകൾ മുതലായവ കുഞ്ഞിന് ഉചിതമായ അളവിലും ദഹിക്കാൻ എളുപ്പമുള്ള രൂപത്തിലും മുലപ്പാലിൽ അടങ്ങിയിരിക്കുന്നു.

കൂടാതെ കുഞ്ഞിന്റെ തലച്ചോറിന്റെ ശരിയായ വളർച്ചക്കും ബുദ്ധിവികാസത്തിനും വേണ്ട പ്രത്യേക ഘടകങ്ങളും മുലപ്പാലിൽ ഉണ്ട്. പശു ഉൾപ്പടെ മറ്റു മൃഗങ്ങളുടെ പാലിലും മേൽപറഞ്ഞ പോഷകഘടകങ്ങൾ ഉണ്ട് തന്നെ, എന്നാൽ അതിന്റെ അളവും രൂപവും അവയുടെ കുഞ്ഞുങ്ങൾക്ക് പാകത്തിനായിരിക്കും. പശുക്കുട്ടിയല്ലല്ലോ മനുഷ്യക്കുട്ടി! അതുകൊണ്ടു ആദ്യ ആറു മാസം പാലിന് വേണ്ടി അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.

ലോകാരോഗ്യ സംഘടന കുട്ടികളുടെ വളർച്ചയുടെ തോത് രേഖപ്പെടുത്താനും വളർച്ചാ പ്രശ്നങ്ങൾ കണ്ടെത്തുവാനും, വിവിധ പ്രായത്തിൽ ആവശ്യം വേണ്ട തൂക്കവും നീളവും കാണിക്കുന്ന ഗ്രോത്ത് ചാർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ചാർട്ടുകൾ നിർമിക്കാൻ ലോകത്തിന്റെ പല കോണുകളിലുള്ള വ്യത്യസ്ത വിഭാഗങ്ങളിലുള്ള കുട്ടികളിൽ നടത്തിയ നീണ്ട പഠനത്തിൽ വെളിപ്പെട്ട കൗതുകകരമായ ഒരു കാര്യമുണ്ട്. ആരോഗ്യമുള്ള അമ്മമാർ മുലപ്പാൽ മാത്രം കൊടുത്തു വളർത്തുന്ന എല്ലാ കുഞ്ഞുങ്ങളും, ആദ്യ 6 മാസം ജാതി-വർഗ-വർണ വ്യതാസമില്ലാതെ ഒരേ തോതിൽ വളരുന്നു. അവരുടെ വളർച്ച മുലപ്പാൽ ഇതര ആഹാരങ്ങൾ കഴിച്ചു വളരുന്ന കുട്ടികളെക്കാൾ മെച്ചപ്പെട്ടും ഇരിക്കുന്നു. അതാണ് മുലപ്പാലിന്റെ സാർവലോക മാന്ത്രികത.

മുലപ്പാൽ പ്രകൃത്യാ അണുവിമുക്തമാണ് എന്നു മാത്രമല്ല, മുലപ്പാലിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികളും മറ്റു പ്രതിരോധ ഘടകങ്ങളും കുഞ്ഞിന് ലഭിക്കുന്ന ആദ്യ 'വാക്‌സിനേഷ'നുമാണ്. അവ കുഞ്ഞിനെ അണുബാധകളിൽ നിന്നും സംരക്ഷിക്കുന്നു. മുലപ്പാൽ കുടിച്ചു വളരുന്ന കുട്ടികളിൽ ആദ്യ വർഷം വയറിളക്കം, ന്യൂമോണിയ, ചെവിയിൽ പഴുപ്പ് തുടങ്ങിയ അസുഖങ്ങൾ ഗണ്യമായി കുറവായിരിക്കും.

മുലയൂട്ടി വളർത്തിയ കുഞ്ഞുങ്ങളിൽ ഭാവിയിൽ പ്രമേഹം, ഹൃദ്രോഗം, തൊലിപ്പുറത്തുള്ള അലർജി (എക്‌സിമ), ആസ്ത്മ, മറ്റു അലർജികൾ എന്നിവ വരുവാനുള്ള സാധ്യതകൾ താരതമ്യേന കുറവാണ്. ഇക്കൂട്ടർക്ക് തലച്ചോറിന്റെ വളർച്ചയും വികാസവും കൂടുതലായിരിക്കുന്നതിനാൽ ഉയർന്ന ഐ.ക്യു ഉള്ളവരും പഠനത്തിൽ മികവു പുലർത്തുന്നവരും ആയിരിക്കും. കുഞ്ഞു ജനിക്കുമ്പോൾ അവരുടെ പേരിൽ നിക്ഷേപങ്ങൾ തുടങ്ങാൻ ബാങ്കുകളുടെ പരസ്യം കണ്ടിട്ടില്ലേ, അവരുടെ ഭാവിയിലേക്ക് നമുക്ക് കൊടുക്കാൻ അവയെക്കാളൊക്കെ മെച്ചപ്പെട്ട, ചെലവില്ലാത്ത വലിയ നിക്ഷേപവും ഹെൽത്ത് ഇൻഷുറൻസും ഒക്കെയാണ് മുലപ്പാലെന്നു മനസിലായില്ലേ!

  • ചിരിച്ചു കൊണ്ട് മുലയൂട്ടട്ടെ അമ്മ...

മുലയൂട്ടുന്ന അമ്മക്ക് ചിരിക്കാൻ ഒരുപാട് കാരണങ്ങളുണ്ട്

പ്രസവാനന്തരമുള്ള രക്തസ്രാവവും അതുമൂലമുണ്ടാകുന്ന വിളർച്ചയും മുലയൂട്ടുന്ന അമ്മമാരിൽ കുറവായിരിക്കും.

ജനിക്കാൻ പോകുന്ന കുഞ്ഞിന് മുലപ്പാൽ ഉൽപാദിപ്പിക്കാൻ, ഗർഭാവസ്ഥയിൽ തന്നെ അമ്മയുടെ മാറിലും, വയറിലും, ഇടുപ്പിലും ഒക്കെയായി ശരീരം കൊഴുപ്പു സംഭരിക്കും. ഇങ്ങനെ പ്രസവാനന്തരം 'എന്റെ ഷെയ്പ്പ് പോയേ' എന്നു കരയുന്ന അമ്മമാർക്കുള്ള ഏറ്റവും നല്ല 'ജിം' ആണ് മുലയൂട്ടൽ. കൊഴുപ്പു ഭൂരിഭാഗവും കുഞ്ഞു 'കുടിച്ചു വറ്റിച്ചോളും.'

കുഞ്ഞിന് സമ്പൂർണമായി മുലയൂട്ടുന്ന സമയം അണ്ഡ വിസർജനം നടക്കാത്തത് കൊണ്ടു ഗർഭധാരണത്തിനുള്ള സാധ്യത കുറവാണ്‌, അതു ഒരു സ്വാഭാവിക ഗർഭ നിരോധനമായി പ്രവർത്തിക്കും. (അതിനെ അധികം നമ്പണ്ട, കൂടുതൽ സുരക്ഷിതമായ ഗർഭനിരോധന മാർഗങ്ങൾ സ്വീകരിച്ചോണം മടിക്കാതെ!)

ഭാവിയിൽ സ്തനാർബുദത്തിൽ നിന്നും അണ്ഡാശയ അർബുദങ്ങളിൽ നിന്നും മുലയൂട്ടൽ സംരക്ഷണം നൽകുന്നതായി പഠനങ്ങളുണ്ട്. അമ്മക്കുമുണ്ട് ഹെൽത്ത് ഇൻഷുറൻസ്!

മുലപ്പാൽ ഇതര വസ്തുക്കൾ കൊടുക്കാനുള്ള പാത്രം കഴുകൽ, തിളപ്പിക്കൽ, കോരി കൊടുക്കാനുള്ള ഗുസ്തി ഇതൊക്കെ കണക്കിലെടുക്കുമ്പോൾ മുലക്കണ്ണ് വായിൽ വച്ചു കൊടുത്തു റിലാക്സ് ചെയ്യാൻ അവസരം തരുന്ന മുലയൂട്ടൽ എത്രയോ ഭേദം!

മുല കുടിക്കുമ്പോൾ കുഞ്ഞു അമ്മയുടെ മുഖത്തേക്ക് സാകൂതം നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ, ജനിച്ച കുഞ്ഞിന്റെ കണ്ണുകളുടെ ഘടന പ്രകാരം മാറിൽ നിന്നു അമ്മയുടെ മുഖം വരെയുള്ള അകലത്തിലുള്ള (ഏതാണ്ട് 25 cm) വസ്തുക്കളാണ് അവർക്ക് ഏറ്റവും വ്യക്തമായി കാണാൻ കഴിയുക. അങ്ങനെ അമ്മയെ മാത്രം കണ്ടു കൊണ്ടു, ആ മുഖം ആരാധിച്ചു കൊണ്ടു, ആ ചൂടിലും ചൂരിലും വളരുന്ന കുഞ്ഞും അമ്മയും തമ്മിലുള്ള ഇഴയടുപ്പമാണ് മുലയൂട്ടലിന്റെ ഏറ്റവും വലിയ സമ്മാനം!

  • കുഞ്ഞു ജനിക്കുമ്പോൾ തുടങ്ങി കുടുംബ ബജറ്റ് കൂട്ടാനും കിഴിക്കാനും തുടങ്ങുന്ന അച്ഛന്മാർക്ക്...

ഒരു ടിൻ പാൽപ്പൊടിക്ക്, 250 മുതൽ 400 രൂപ വരെ വിലയുണ്ട്. സാമാന്യം നന്നായി പാൽ കുടിക്കുന്ന ആരോഗ്യവാനായ ഒരു കുഞ്ഞിന്, ഒരു ടിൻ ഒരാഴ്ച തികക്കില്ല. അങ്ങനെയെങ്കിൽ ഒരു മാസത്തെ ചെലവ് ആലോചിച്ചു നോക്കൂ. അതും താരതമ്യേന എത്രയോ കുറഞ്ഞ ഗുണത്തിനായി.
മുലപ്പാലുകാരന് അസുഖങ്ങൾ കുറവായിരിക്കും എന്നു പറഞ്ഞല്ലോ, അതു കൊണ്ട് മരുന്ന്, ആശുപത്രി ഇത്യാദി ചിലവുകൾ കുറവായിരിക്കും. രക്ഷിതാക്കൾക്ക് ഇതു മൂലം ജോലിയിൽ നിന്ന് ലീവെടുക്കേണ്ട സാഹചര്യങ്ങളും കുറവ്. ഇപ്പോൾ മനസിലായില്ലേ, വില തുച്ഛം ഗുണം മെച്ചം!

  • എപ്പോഴാണ് മുലയൂട്ടലിനുള്ള തയാറെടുപ്പുകൾ തുടങ്ങേണ്ടത്?

ഒരു സിനിമാ ഡയലോഗ്‌ കടമെടുക്കുക ആണെങ്കിൽ, ഗർഭം ധരിക്കുമ്പോഴേ ഒരു സ്ത്രീ അമ്മായായി കഴിഞ്ഞു. മുലയൂട്ടലിനുള്ള തയ്യാറെടുപ്പുകളും ഗർഭിണിയായിരിക്കുമ്പോൾ തന്നെ തുടങ്ങണം. സ്വയം പരിശോധിച്ചു നോക്കി, മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞു ഇരിക്കുന്നില്ല എന്നു ഉറപ്പാക്കുക.

സംശയമുണ്ടെങ്കിൽ അടുത്ത തവണ ഗൈനക്കോളജിസ്റ്റിനെ കാണാൻ ചെല്ലുമ്പോൾ കാണിച്ചു ഉറപ്പാക്കുക. മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിഞ്ഞിട്ടാണെങ്കിൽ, സിറിഞ്ച് ഉപയോഗിച്ചു ഒരു പ്രത്യേക രീതിയിൽ പുറത്തേക്കു വലിച്ചാൽ പ്രസവ സമായമാകുമ്പഴേക്കും ശരിയായി വരും. ഇല്ലെങ്കിൽ കുഞ്ഞു വാവ വന്നതിനു ശേഷം അതിനായി കഷ്ടപ്പെടേണ്ടി വരും.

പ്രസവത്തിനു ശേഷം കുറച്ചു കാലത്തേക്കെങ്കിലും ധരിക്കാൻ മുലയൂട്ടാൻ സൗകര്യ പ്രദമായ രീതിയിലുള്ള വസ്ത്രങ്ങൾ തയ്യാറാക്കി വയ്ക്കുക.

  • എപ്പോഴാണ് മുലയൂട്ടൽ തുടങ്ങേണ്ടത്?

കുഞ്ഞു വാവ പുറത്തെത്തി ആദ്യത്തെ കോലാഹലവും കരച്ചിലും കഴിഞ്ഞു, 5-10 മിനിറ്റിനുള്ളിൽ ആശാൻ ശാന്തനാവും. കുഞ്ഞിക്കണ്ണുകൾ പതുക്കെ ചിമ്മി തുറന്നു വായും നാക്കും ചലിപ്പിച്ചു എന്തോ തിരഞ്ഞു തുടങ്ങും. ഉണർന്നു ഊർജസ്വലനായി അമ്മയെ തിരഞ്ഞു തുടങ്ങുന്ന ഈ സമയമാണ് മുലയൂട്ടൽ തുടങ്ങാൻ ഏറ്റവും നല്ലത്. സാധാരണ പ്രസവത്തിനു ശേഷം 30 മിനിറ്റിനുള്ളിൽ, സിസേറിയനു ശേഷം 1 മണിക്കൂറിനുള്ളിൽ എന്നു പറയുമെങ്കിലും അമ്മ തയ്യാറാവുന്നതനുസരിച്ചു ഏറ്റവും നേരത്തെ മുലയൂട്ടൽ തുടങ്ങുക.

കുഞ്ഞു ജനിച്ചു ആദ്യ രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ചുരത്തുന്ന നേരിയ മഞ്ഞ നിറമുള്ള പാലിനെയാണ് colustrum എന്ന് പറയുന്നത് . ഇത് ആദ്യത്തെ ദിവസം 40 -50 മില്ലി ലിറ്റർ വരെയാണ് (ആ ദിവസങ്ങളിൽ കുഞ്ഞിന്‌ ആ അളവേ ആവശ്യമുള്ളൂ) ഇതിൽ പോഷകഘടകങ്ങൾക്കു പുറമെ ആന്റിബോഡികൾ പോലുള്ള ധാരാളം രോഗപ്രതിരോധ ഘടകങ്ങളും അടങ്ങിയിരിക്കുന്നു. ഭാവിയിൽ കുഞ്ഞിന്റെ പ്രതിരോധ ശക്തിക്കു തറക്കല്ലിടുന്ന colostrum അതുകൊണ്ടു തന്നെ കുഞ്ഞിന് കിട്ടുന്നുണ്ടെന്നു ഉറപ്പു വരുത്തണം.

അതേ പോലെ പ്രധാനമാണ് മുലപ്പാലിന് മുൻപ് മറ്റൊന്നും കുട്ടിക്ക് കൊടുക്കാതിരിക്കുക എന്നുള്ളതും. പരമ്പരാഗതമായി കൊടുത്തു വരുന്ന തേനും വയമ്പും സ്വർണം ചാലിച്ചതുമെന്നും തന്നെ യാതൊരു പ്രയോജനവും ചെയ്യില്ലെന്നു മാത്രമല്ല, നവജാത ശിശുവിന് ഗുരുതരമായ അണുബാധ ഉണ്ടാക്കാൻ പോന്നവയുമാണ്.

  • എത്ര തവണ മുലയൂട്ടണം?

അതിനു കൃത്യമായ ഉത്തരമില്ല. കുട്ടി പാലിനായി കരയുമ്പോഴെല്ലാം മുലയൂട്ടാം. സാധാരണ രണ്ടു മുതൽ മൂന്നു മണിക്കൂർ ഇടവേളകളാണ് കണ്ടു വരുന്നത്. ഒരു ദിവസം ചുരുങ്ങിയത് എട്ടു മുതൽ പത്തുവരെ തവണ മുലയൂട്ടുക. പാൽ ഉൽപാദനത്തിൽ പ്രധാനമായ പ്രൊലാക്ടിൻ ഹോർമോൺ ഏറ്റവും അധികം ഉത്പാദിപ്പിക്കപ്പെടുന്നത്‌ രാത്രി സമയത്തായതിനാൽ, ആദ്യ 1-2 മാസങ്ങളിൽ എങ്കിലും രാത്രിയിൽ 1-2 തവണ മുലയൂട്ടുന്നത് നന്നായി പാൽ ചുരക്കാൻ സഹായിക്കും.

  • കുഞ്ഞു മുഴുവൻ സമയം മുല ചപ്പി ഇരിക്കുന്നു, മറ്റൊന്നും ചെയ്യാൻ സമ്മതിക്കുന്നില്ല...

പല അമ്മമാരുടെയും പരാതിയാണിത്. ഒരു തവണ എത്ര നേരം മുലയൂട്ടണം എന്നു നോക്കാം. കുഞ്ഞു പാൽ കുടിച്ചു തുടങ്ങുമ്പോൾ, മുലയിൽ നിന്നു ആദ്യം ചുരക്കുന്ന പാലിന് ഫോർ മിൽക്ക് (fore milk) എന്നു പറയുന്നു. ഇതിൽ ഏറെയും വെള്ളമാണ്, കുഞ്ഞിന്റെ ദാഹം ശമിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. (നല്ല വെയിലത്തു വീട്ടിൽ വന്നു കേറുമ്പോൾ ആദ്യം നമ്മൾ ചോറല്ലല്ലോ, വെള്ളമല്ലേ തിരയുക, തിരയാൻ അറിയാത്ത കുഞ്ഞിന് പ്രകൃതി നൽകുന്ന കരുതലാണിത്!) പിന്നാലെ ചുരന്നു വരുന്നത് ഹൈൻഡ് മിൽക്ക് (hind milk), ഇതിൽ ഏറെ കൊഴുപ്പും പോഷകങ്ങളുമായത് കൊണ്ടു കുഞ്ഞിന്റെ വിശപ്പു മാറാൻ ഉതകും. കുഞ്ഞിന് തൂക്കം കൂട്ടുന്നതും പ്രധാനമായും hind milk ആണ്. അടിക്കടി മുലകൾ മാറ്റി പാൽ കൊടുത്താൽ, കുഞ്ഞു ദാഹം തീർക്കുന്ന ഫോർ മിൽക്ക് മാത്രം കുടിച്ചു ഉറങ്ങും. വിശപ്പ് മാറാത്തത് കൊണ്ടു, പെട്ടെന്ന് എഴുന്നേറ്റു കരച്ചിൽ തുടങ്ങും. ഫലത്തിൽ, അമ്മ മുലയൂട്ടി കൊണ്ടേ ഇരിക്കും, കുഞ്ഞു കരഞ്ഞു കൊണ്ടും ഇരിക്കും, ഇത്രയും തവണ പാൽ കുടിച്ചിട്ടും കുഞ്ഞിന് തൂക്കം കൂടുകയും ഇല്ല!

ചുരുക്കത്തിൽ, ഒരു മുലയിൽ നിന്നു ചുരക്കുന്ന പാൽ മുഴുവൻ ഒരു സമയം കുഞ്ഞിന് കൊടുക്കണം. ഒരു മുലയിലെ പാൽ തീർന്നതിനു ശേഷം മാത്രം മറ്റേ മുലയിലേക്കു മാറ്റുക.

ഇങ്ങനെ ഒരു മുലയിലെ പാൽ മുഴുവൻ കുടിച്ചു തീർക്കാൻ ആരോഗ്യവാനായ ഒരു കുഞ്ഞിന് 5 മുതൽ 10 മിനിട്ടു വരെ മതിയാകും. 20 മിനിറ്റിൽ കൂടുതൽ ഒരു തവണ മുലയൂട്ടണ്ട ആവശ്യം ഉണ്ടാകേണ്ടതല്ല. ഏതാണ്ട് സമയം കഴിയുമ്പോൾ കുഞ്ഞിനെ മാറ്റി ഉറങ്ങുന്നെങ്കിൽ ഉറക്കുകയോ അല്ലെങ്കിൽ മറ്റു കളികളിൽ ഏർപ്പെടുത്തുകയോ ചെയ്യുക.

  • പാലില്ല!!.....

ഇതാണ് ഏറ്റവും കൂടുതലുള്ള പരാതി, ഏറ്റവും വിചിത്രമായ കാര്യം കുഞ്ഞിനെയും അമ്മയെയും കാൾ ഇക്കാര്യത്തിൽ പരാതി കൂടെയുള്ള ബന്ധു ജനങ്ങൾക്കും സന്ദർശിക്കാൻ വരുന്ന നാട്ടുകാർക്കും ഒക്കെയാണ് എന്നതാണ്. ഇങ്ങനെ പരാതി ഉള്ളവരൊക്കെ തങ്ങളുടെ കൈയിലിരിക്കുന്ന കുഞ്ഞിനെ ഒന്നു ഇരുത്തി നോക്കുക. ..

-കുഞ്ഞിന് തൂക്കം കൂടിയിട്ടുണ്ടോ? (ജനിച്ചു ഏതാനും ദിവസത്തേക്ക് കുഞ്ഞിന്റെ തൂക്കം കുറയുക സ്വാഭാവികമാണ്, ഏതാണ്ട് 7 മുതൽ 10 ദിവസത്തിനുള്ളിൽ ജനനഭാരത്തിൽ തിരിച്ചെത്തും. അന്ന് തുടങ്ങി 3 മാസം വരെ, ദിവസം 15 മുതൽ 20 ഗ്രാം വരെയെങ്കിലും ശരീരഭാരം വർധിക്കും. 45 ദിവസത്തെ കുത്തിവപ്പിന് വരുമ്പോൾ ജനന സമയത്തെത്തിൽ നിന്നു തൂക്കം ഏതാണ്ട് 1 കിലോ കൂടിയിട്ടുണ്ടാവും, 4 മാസത്തോടെ തൂക്കം ജനനഭാരത്തിന്റെ ഇരട്ടിയാകും.)

- കുഞ്ഞു ദിവസത്തിൽ ആറ് തവണയെങ്കിലും മൂത്രമൊഴിക്കുന്നുണ്ടോ?

-ഒരോ തവണത്തെ മുലയൂട്ടലിനു ശേഷം കുട്ടി രണ്ടു മൂന്നു മണിക്കൂർ നേരത്തേക്ക് നന്നായി ഉറങ്ങുന്നുണ്ടോ?

- ദിവസം 1-2 പ്രാവശ്യമെങ്കിലും മഞ്ഞ നിറത്തിൽ മലം വിസർജിക്കുന്നുണ്ടോ?

ഇവയ്ക്ക് ഉത്തരം അതേ എന്നാണെങ്കിൽ, കുഞ്ഞു വായു ഭക്ഷിച്ചു വളരാത്തത് കൊണ്ടും, മൂത്രവും മലവും ശൂന്യതയിൽ നിന്നും ഉണ്ടാകാത്തത് കൊണ്ടും, ഇതു ആ പാവം അമ്മയുടെ പാൽ കുടിച്ചു തന്നെ ഉണ്ടായതാണെന്നു സമ്മതിക്കുക. മുന്നോട്ടും അതു തന്നെ മതി.

അമ്മയെ കുത്തി നോവിക്കുന്നതിനു പകരം ധാരാളം വെള്ളവും പോഷക സമൃദ്ധമായ ആഹാരവും ഒപ്പം ഇഷ്ടംപോലെ സ്നേഹവും കരുതലും നൽകുക.
ഇനിയും പാൽ ഇല്ലെന്നാണ് സംശയമെങ്കിൽ, സ്വയം പൊടിപ്പാൽ കൊടുക്കുന്ന 'സാഹസിക കൃത്യ'ത്തിനു പകരം, ഒരു ഡോക്ടറെ സമീപിച്ചു ഉപദേശം തേടുക.

  • എങ്ങനെയാണ് മുലയൂട്ടേണ്ടത്?

അമ്മക്ക് സുഖകരമായ ഏതു position-ലും കുഞ്ഞിന് മുലയൂട്ടാവുന്നതാണ് .എന്നിരുന്നാലും കിടന്നു പാലുകൊടുക്കുമ്പോൾ ഉണ്ടായേക്കാവുന്ന, പാൽ ശ്വാസനാളത്തിൽ കയറി ശ്വാസതടസവും തന്മൂലം ഗുരുതരമായ ന്യൂമോണിയയും മരണവും (aspiration), ചെവിയിൽ പഴുപ്പ്, തുടങ്ങി അപകട സാധ്യതകൾ മുൻനിർത്തി കിടന്നു പാലുകൊടുക്കുന്നതു ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്‌. അമ്മ നിവർന്നിരുന്ന് അല്ലെങ്കിൽ ചാരിയിരുന്ന് ആണ് പാല് കൊടുക്കേണ്ടത് . കുഞ്ഞിന്റെ തലയും ഉടലും നേർരേഖയിൽ വരത്തക്ക വിധം വേണം കുഞ്ഞിനെ പിടിക്കാൻ, കുഞ്ഞിനെ ചേർത്ത് പിടിക്കുകയും ശരീരം പൂർണമായും താങ്ങിനിർത്തുകയും വേണം. അത് പോലെ കുഞ്ഞിന്റെ മുഖം സ്‌തനത്തോട് ചേർന്നിരിക്കണം.

അമ്മയുടെ മുലക്കണ്ണും ചുറ്റുമുള്ള കറുപ്പ് ഭാഗവും (areola) മുഴുവൻ കുഞ്ഞിന്റെ വായിലായിരിക്കണം, കുഞ്ഞിന്റെ കീഴ്ത്താടി മുലയിൽ തട്ടിയിരിക്കണം, അതുപോലെ കുഞ്ഞിന്റെ വായ് നന്നായി തുറന്നിരിക്കുകയും കീഴ്ചുുണ്ട് പുറത്തോട്ടു തുറന്നിരിക്കുകയും വേണം. കുഞ്ഞിന്റെ വായ്ക്ക് മുകളിലാണ് കൂടുതൽ മുലക്കറുപ്പ് (areola) കാണേണ്ടത്. ഇങ്ങനെ കുഞ്ഞു മുല വലിച്ചു കുടിക്കുമ്പോൾ അമ്മക്ക് വേദന ഒട്ടും തന്നെ അനുഭവപ്പെടുകയില്ല .

  • എന്താണ് 'തുറിച്ചു നോട്ട'ങ്ങളുടെ പ്രശ്നം?

പ്രധാനമായും അമ്മയുടെ ശരീരത്തിലെ രണ്ടു ഹോർമോണുകളാണ് മുലപ്പാലുണ്ടാകാനും ചുരത്താനും സഹായകമാകുന്നത്- പ്രൊലാക്ടിൻ, ഓക്സിടോസിൻ. ഇതിൽ പ്രൊലാക്ടിൻ പാലുൽപാദനത്തിനും ഓക്സിടോസിൻ പാൽ ചുരത്തുന്നതിനും സഹായിക്കുന്നു. ഈ രണ്ടു ഹോർമോണുകളും അമ്മയുടെ തലച്ചോറിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്‌. കുഞ്ഞു പാൽ കുടിക്കുന്നത് മാറിൽനിന്നാണ് എങ്കിലും, ആദ്യം പാൽ 'ചുരക്കുന്നത്' അമ്മയുടെ മനസ്സിലാണ് (തലച്ചോറിലാണ്) എന്നു സാരം.

കുഞ്ഞു മുലക്കണ്ണ് വലിച്ചു കുടിക്കുമ്പോളാണ് പ്രൊലാക്ടിൻ രക്തത്തിലെത്തുന്നത്, മറ്റൊരു തരത്തിൽ പറഞ്ഞാൽ കുഞ്ഞു മുല വലിച്ചു കുടിച്ചില്ലെങ്കിൽ, പ്രൊലാക്ടിനും അതുകൊണ്ടു പാലും ഉണ്ടാവുകയില്ല. ഇതാണ് കൂടെ കൂടെയുള്ള മുലയൂട്ടലിന്റെ ആവശ്യം. മുലയൂട്ടുമ്പോൾ അമ്മയുടെ പുറം ഭാഗം തടവിക്കൊടുക്കുന്നത് പ്രൊലാക്ടിൻ ഉൽപാദനം കൂട്ടുമെന്ന് പഠനങ്ങളുണ്ട്.

കുഞ്ഞിന്റെ സ്പർശനം, കരച്ചിൽ, മണം, എന്തിനു ജോലിസ്ഥലത്തിരിക്കുന്ന അമ്മക്ക് കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകൾ വരെ രക്തത്തിൽ ഓക്സിടോസിന്റെ അളവ് കൂട്ടി മുല ചുരത്തുന്നു. എന്നാൽ വേദന, മാനസിക സമ്മർദ്ദങ്ങൾ തുടങ്ങിയവ വിപരീതമായി ബാധിക്കുകയും അതുമൂലം സ്തനങ്ങളിൽ നിറഞ്ഞിരിക്കുന്ന പാൽ വേണ്ട പോലെ ചുരത്താൻ പറ്റാതെ വരികയും ചെയ്യുന്നു. ഇവിടെയാണ് അമ്മയുടെ സ്വകാര്യതയുടെ പ്രസക്തി. പൊതു സ്ഥലങ്ങളിലോ ആൾക്കൂട്ടത്തിനിടയിലോ ഇരിക്കുമ്പോൾ ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠ കാരണം വേണ്ട രീതിയിൽ പാൽ ചുരത്താൻ പറ്റാതെ പോകുന്നു. അമ്മയെ അനാവശ്യമായി കുറ്റപ്പെടുത്തുക, ആവശ്യത്തിനു ഉറക്കം കിട്ടാതിരിക്കുക ഇവയൊക്കെ പാൽ ചുരത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് പാലൂട്ടുന്ന അമ്മമാരെ പരമാവധി സ്നേഹിക്കുകയും പരിചരിക്കുകയും അവർക്ക് ആവശ്യത്തിനു ഉറക്കം കിട്ടുന്നുണ്ടെന്നു ഉറപ്പാക്കുകയും ചെയ്യുന്നത്, 'പാൽ കൂട്ടാൻ 100 വഴികൾ' പരീക്ഷിക്കുന്നതിലും ഗുണം ചെയ്യും.

  • മുലപ്പാൽ കൊടുക്കാൻ പറ്റാത്ത അവസ്ഥകളുണ്ടോ?

കുഞ്ഞിന് മുലപ്പാലിലെ ഘടകങ്ങൾ ദഹിപ്പിക്കാൻ കഴിയാത്ത ചില ജനിതക വൈകല്യങ്ങൾ (Congenital lactose intolerance, Galactosemia etc, ഇവ വളരെ വളരെ അപൂർവമാണ്) ഉള്ളപ്പോൾ, അതുപോലെ അമ്മ ക്യാൻസറിനെതിരെയുള്ള മരുന്നുകളോ ചില മാനസിക വൈകല്യങ്ങൾക്ക് നൽകുന്ന ലിഥിയം പോലുള്ള മരുന്നുകളോ മെത്തിമസോൾ, കാർബിമസോൾ തുടങ്ങിയ ആന്റി തൈറോയ്ഡ് മരുന്നുകളോ കഴിക്കുന്ന അവസരങ്ങളിൽ കുഞ്ഞിന് മുലപ്പാൽ നൽകാൻ പാടില്ല.

അതീവ ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കൾക്ക് താത്കാലികമായി മുലപ്പാൽ കൊടുക്കാതിരിക്കാറുണ്ട്.

ടി ബി, HIV തുടങ്ങിയുള്ള പകർച്ച വ്യാധികളുള്ള അമ്മമാരെയും താത്കാലികമായോ എന്നെന്നേക്കുമായോ മുലയൂട്ടുന്നതിൽ നിന്നു വിലക്കാറുണ്ട്, എന്നാൽ ഇതു മുലപ്പാൽ ഇതര ആഹാരം നൽകാനുള്ള അവരുടെ സാമൂഹ്യ സാമ്പത്തിക അവസ്ഥകൾ കൂടി കണക്കിലെടുത്തായിരിക്കും.

ഇപ്പോഴത്തെ കുട്ടികൾക്കൊക്കെ 'ഭയങ്കര' വിശപ്പാണ്, 6 മാസം വരെയൊന്നും മുലപ്പാൽ മാത്രം കൊണ്ടു പറ്റില്ല. 3 മാസം തൊട്ടു കുറുക്കൊക്കെ കൊടുക്കാം!!

അറിയാൻ പാടില്ലാഞ്ഞിട്ടു ചോദിക്കുവാ, കാലം മാറിയെന്നു പറഞ്ഞു 2 മാസം കഴിയുന്നതിനു മുൻപ് നിങ്ങൾ കുഞ്ഞിനെ നടക്കാൻ കൊണ്ടുപോകുവോ? അതുപോലെ തന്നെ ആണ് അവരുടെ ദഹന വ്യവസ്ഥയും, മുലപ്പാലല്ലാതെ മറ്റു ഭക്ഷണങ്ങൾ ദഹിപ്പിക്കാൻ അതിനു 6 മാസത്തെ വളർച്ച വേണം. ഇരിക്കുന്നതിന് മുൻപ് കാലു നീട്ടിക്കാൻ നോക്കിയാൽ മൂക്കും കുത്തി താഴെ കിടക്കും ചിലപ്പോൾ. അതുകൊണ്ടു 6 മാസം പൂർത്തിയാവുന്നത് വരെ കുഞ്ഞിന് മുലപ്പാൽ മാത്രം കൊടുക്കുക.

Full View

Similar News