രാജ്യത്ത് മദ്യപാനം മൂലമുള്ള കാൻസറുകളിൽ ക്രമാതീതമായ വർധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്‌ദർ

20-ലധികം തരം കാൻസറുകൾക്ക് മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നു

Update: 2025-02-17 10:28 GMT
Editor : സനു ഹദീബ | By : Web Desk
രാജ്യത്ത് മദ്യപാനം മൂലമുള്ള കാൻസറുകളിൽ ക്രമാതീതമായ വർധന; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്‌ദർ
AddThis Website Tools
Advertising

ന്യൂ ഡൽഹി: മദ്യപാനം മൂലമുള്ള കാൻസറുകൾ ഇന്ത്യയിൽ വർധിച്ച് വരുന്നുവെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്ധർ. ലഹരിപാനീയങ്ങളിൽ ആരോഗ്യ മുന്നറിയിപ്പ് ലേബലുകൾ സ്ഥാപിക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. മദ്യപാനം കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നുവെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ 20-ലധികം തരം കാൻസറുകൾക്ക് മദ്യത്തിന്റെ ഉപയോഗം കാരണമാകുന്നു.

മദ്യപാനം വായ, തൊണ്ട, അന്നനാളം, ആമാശയം, വൻകുടൽ, മലാശയം, പാൻക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട കാൻസറുകൾക്കുള്ള സാധ്യത വർധിപ്പിക്കുന്നതായി വാസ്കുലർ ഇന്റർവെൻഷണൽ റേഡിയോളജിസ്റ്റും എൻഡോവാസ്കുലർ സർജനുമായ ഡോ. പുനീത് ഗാർഗ് ഐഎഎൻഎസിനോട് ചൂണ്ടിക്കാട്ടി. സ്ത്രീകളിൽ സ്തനാർബുദത്തിനും പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനും ഇത് കാരണമാകുന്നു.

മദ്യത്തെ അർബുദത്തിനുള്ള പ്രധാനകാരണമാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ കാൻസറിന്റെ വ്യാപനത്തിൽ മദ്യം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള കാൻസർ രോഗികളിൽ ഏകദേശം 4 ശതമാനവും മദ്യപാനം മൂലമാണ്. 2020-ൽ ഇന്ത്യയിൽ ഏകദേശം 62,100 പുതിയ കാൻസർ രോഗികൾ ഉണ്ടാകാൻ മദ്യപാനം കാരണമായെന്ന് ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു സമീപകാല പഠനം വ്യക്തമാക്കുന്നു.

ദീർഘകാല മദ്യപാനം രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുകയും കാൻസർ കോശങ്ങളെ തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള കഴിവ് കുറയ്ക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിഎൻഎയെയും പ്രോട്ടീനുകളെയും നശിപ്പിക്കുന്ന ഒരു വിഷ സംയുക്തമായ അസറ്റാൽഡിഹൈഡായി മദ്യം മാറുന്നു. ഇത് നമ്മുടെ ആരോഗ്യത്തിലും ശരീരത്തിന്റെ പ്രവർത്തനങ്ങളിലും ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. 

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News