ഇനി കണ്ണുതുറന്ന് കിടന്ന് നേരം വെളുപ്പിക്കേണ്ട; സുഖമായി ഉറങ്ങാൻ ഒഴിവാക്കാം ഈ ശീലങ്ങൾ
പോഷകസമൃദമായ ആഹാരം കഴിക്കുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തെ ഉറക്കം
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നില്ല.. സുഖമായി ഉറങ്ങുക എന്നത് ചിലർക്ക് ഇപ്പോഴും വിദൂര സ്വപ്നമാണ്. മാറുന്ന ജീവിതശൈലിക്കും തിരക്കിനുമിടയിൽ ഉറക്കത്തിന്റെ കാര്യം മനപ്പൂർവം പലരും വിട്ടുകളയാറുണ്ട്. ഏതെങ്കിലും സമയം എങ്ങനെയെങ്കിലും ഉറങ്ങിയാൽ മതിയെന്ന ചിന്തയാണ് പലർക്കും. ഇങ്ങനെ നിസാരമാക്കേണ്ട ഒന്നാണോ ഉറക്കം? ആരോഗ്യകരമായ ഉറക്കത്തിന്റെ പ്രാധാന്യം ആരോഗ്യ പ്രവർത്തകർ ആവർത്തിച്ച് പറയാറുണ്ട്. മതിയായ ഉറക്കം ലഭിക്കാത്തവരെ കാത്തിരിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് നിരവധി പഠനങ്ങളും പുറത്തുവന്നിരുന്നു.
പോഷകസമൃദമായ ആഹാരം കഴിക്കുന്നതും ദിവസേന വ്യായാമം ചെയ്യുന്നതും പോലെ തന്നെ പ്രധാനമാണ് കൃത്യസമയത്തെ ഉറക്കം. ഒരു ദിവസത്തെ എല്ലാ തിരക്കുകളും കഴിഞ്ഞ് ശരീരം വിശ്രമിക്കുന്ന സമയമാണ് ഉറക്കം. എന്തൊക്കെ ചെയ്തിട്ടും ഉറങ്ങാൻ സാധിക്കുന്നില്ലെങ്കിൽ വില്ലൻ നിങ്ങളുടെ ശീലങ്ങൾ തന്നെയാകാം. പക്ഷേ, എന്തിനുമൊരു പരിഹാരമുണ്ടല്ലോ. സുഖകരമായ ഉറക്കത്തിന് ഒഴിവാക്കേണ്ട ചില ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ബെഡ് ടൈമിൽ ഫോണിനോട് ബൈ പറയാം
രാത്രി മൊബൈലിൽ നിന്ന് കണ്ണെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഉറക്കം പോകുന്ന വഴിയറിയില്ല. കുട്ടികളാണെങ്കിലും മുതിർന്നവരാണെങ്കിലും പരിധിവിട്ട മൊബൈൽ ഉപയോഗം ജീവിതശൈലികളെ താളം തെറ്റിക്കും. സ്മാർട്ട് ഫോണിലെ കടുത്ത നീല വെളിച്ചം ഉറക്കത്തെ മാരകമായി ബാധിക്കുമെന്ന് വിദഗ്ധർ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാത്രിയുള്ള മൊബൈലിന്റെ ഉപയോഗം ഒറ്റയടിക്ക് കുറക്കാൻ സാധിക്കുന്നില്ലെങ്കിൽ പതിയെ പതിയെ കുറച്ച് കൊണ്ടുവരിക എന്നതാണ് ഒരേയൊരു പോംവഴി. കൃത്യമായ ഒരു റിമൈൻഡർ വെക്കുന്നത് ഫോൺ ഉപയോഗം നിയന്ത്രിക്കുന്നതിന് സഹായകമാകും.
അമിത ഭക്ഷണം വേണ്ട
ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഭക്ഷണം കഴിക്കുന്നത് നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ആവശ്യത്തിലധികം ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നാൽ ഉറക്കം വരികയില്ലെന്ന് മാത്രമല്ല വയറിനടക്കം അസ്വസ്ഥതകൾ ഉണ്ടാക്കുകയും ചെയ്യും. കലോറി കൂടുതലുള്ള കനത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണം ദഹിക്കാൻ സമയമെടുക്കുമെന്നതിനാൽ ഇത്തരം ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ലഘുവായ ഭക്ഷണമാണ് രാത്രി നല്ലത്.
കാപ്പി വേണ്ട.. മദ്യം വേണ്ടേ വേണ്ട
ഊർജസ്വലരായിരിക്കാൻ വേണ്ടി കാപ്പി കുടിക്കുന്നവരാണ് കൂടുതലും. എന്നാൽ, അമിതമായാൽ കഫെയിൻ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ചെറുതല്ല. രാത്രി കഴിവതും കാപ്പി കുടി ഒഴിവാക്കുക. തലച്ചോറിന്റെ പ്രവർത്തനത്തെ മന്ദഗതിയിലാക്കുന്ന മയക്കുമരുന്നാണ് മദ്യം. ഇത് രാത്രിയിൽ ഉറക്കത്തെ തടസ്സപ്പെടുത്തും. ഇത് ഇടയ്ക്കിടെ ഉണരാനും പേടിസ്വപ്നങ്ങൾ കാണാനും ഇടയാക്കും.