നോമ്പ് തുറക്കാൻ ഒരു തണ്ണിമത്തൻ ആയാലോ...! ഗുണങ്ങള്‍ ഏറെയാണ്
തണ്ണിമത്തനിൽ 90-92% വരെ ജലാംശം അടങ്ങിയിട്ടുണ്ട്
നോമ്പ് കാലത്ത് ഒഴിച്ചുകുടാനാകത്ത ഒന്നാണ് തണ്ണിമത്തൻ. രുചിയുള്ള ദാഹശമനിയായി പ്രവർത്തിക്കുന്ന തണ്ണിമത്തന് ഗുണങ്ങളേറെയാണ്. വേനൽക്കാലത്ത് മലയാളിയുടെ തീൻ മേശയിൽ നിറഞ്ഞുനിൽക്കുന്ന തണ്ണിമത്തനിൽ 90-92% വരെ ജലാംശം അടങ്ങിയിട്ടുണ്ട്. ചൂട് ഉയരുമ്പോള്‍ പലർക്കും വിശപ്പ് നഷ്ടപ്പെടുകും നിർജ്ജലീകരണ പ്രശ്നങ്ങള്‍ നേരിടുകയും ചെയ്യും. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധി കൂടിയാണ് തണ്ണിമത്തൻ. ധാരാള പോഷകങ്ങള്‍ നിറഞ്ഞ തണ്ണിമത്തന്‍റെ മറ്റു ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
1. ശരീരത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു
ശരീരത്തിന്‍റെ താപനില, അവയവങ്ങളുടെ പ്രവർത്തനം, കോശങ്ങളിലേക്കുള്ള പോഷക വിതരണം എന്നിവ മതിയായ ജലാംശത്തെ ആശ്രയിക്കുന്ന ശാരീരിക പ്രക്രിയകളാണ്. ഉയർന്ന ജലാംശമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം നൽകാൻ സഹായിക്കും. 92% വെള്ളം അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നത് വെള്ളം കുടിക്കുന്നതിന് സമാനമാണ്. കുറഞ്ഞ അളവിൽ കലോറി അടങ്ങിയ ഭക്ഷണമായതിനാൽ തണ്ണിമത്തൻ കഴിക്കുന്നതിലൂടെ കൂടുതൽ നേരം വയറുനിറഞ്ഞിരിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും
2. പോഷകങ്ങളാൽ സമ്പന്നം
തണ്ണിമത്തനിൽ പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിൻ എ, സി എന്നിവയുൾപ്പെടെ വിവിധ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. താരതമ്യേന കലോറി കുറഞ്ഞ ഭക്ഷണം കൂടിയാണ് തണ്ണിമത്തൻ.
1 കപ്പ് (152 ഗ്രാം) തണ്ണിമത്തനിലെ പോഷകങ്ങൾ ഇതാ
കലോറി: 46
കാർബോഹൈഡ്രേറ്റ്സ്: 11.5 ഗ്രാം
ഫൈബർ: 0.6 ഗ്രാം
പഞ്ചസാര: 9.4 ഗ്രാം
പ്രോട്ടീൻ: 0.9 ഗ്രാം
കൊഴുപ്പ്: 0.2 ഗ്രാം
വിറ്റാമിൻ എ: പ്രതിദിന മൂല്യത്തിന്റെ (ഡിവി) 5%
വിറ്റാമിൻ സി: ഡിവിയുടെ 14%
പൊട്ടാസ്യം: ഡിവിയുടെ 4%
മഗ്നീഷ്യം: ഡിവിയുടെ 4%
സിട്രുലിൻ എന്ന അമിനോ ആസിഡിന്റെ സമ്പന്നമായ ഉറവിടമാണ് തണ്ണിമത്തൻ. കൂടാതെ, വൈറ്റമിൻ സി, കരോട്ടിനോയിഡുകൾ, ലൈക്കോപീൻ, കുക്കുർബിറ്റാസിൻ ഇ എന്നിവയുൾപ്പെടെയുള്ള ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.
ഈ സംയുക്തങ്ങൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിക്കുന്നു, അസ്ഥിരമായ തന്മാത്രകൾ നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടുകയാണെങ്കിൽ അവ നിങ്ങളുടെ കോശങ്ങളെ നശിപ്പിക്കും. കാലക്രമേണ ഇവ പ്രമേഹം, ഹൃദ്രോഗം, കാൻസർ തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.
3.കാൻസറിനെ തടയുന്നു
തണ്ണിമത്തനിലെ ഉയർന്ന അളവിലുള്ള ലൈക്കോപീൻ, കരോട്ടിനോയിഡ് ഫൈറ്റോ ന്യൂട്രിയന്റ് സംയുക്തം എന്നിവ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കും എന്നാണ് പംനങ്ങള്‍ പറയുന്നത്. സ്തനാർബുദം, വൻകുടൽ, ശ്വാസകോശം, എൻഡോമെട്രിയൽ കാൻസർ എന്നിവയുടെ അപകടസാധ്യതകൾ കുറയ്ക്കാൻ ലൈക്കോപീൻ സഹായിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. കാൻസർ കോശങ്ങളുടെ ഓട്ടോഫാഗി {ശരീരം കേടായ കോശങ്ങളെ നീക്കം ചെയ്യുന്ന പ്രക്രിയ} പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുക്കുർബിറ്റാസിൻ ട്യൂമർ വളർച്ചയെ തടഞ്ഞേക്കാം
4. ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
തണ്ണിമത്തനിൽ അടങ്ങിയ പോഷകങ്ങൾ ഹൃദയാരോഗ്യത്തെ സഹായിക്കുന്നവയാണ്. നിലവിലെ ജീവിത സാഹചര്യങ്ങളുടെ ഫലമായി ഹൃദ്രോഗം മൂലം നിരവധി ആളുകളാണ് മരണപ്പെടുന്നത്. ഭക്ഷണക്രമം പോലുള്ള ജീവിതശൈലി ഘടകങ്ങൾ നിങ്ങളുടെ രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിച്ചാൽ ഹൃദയാഘാതം പോലുള്ളവക്കുള്ള സാധ്യത കുറയും.
കൊളസ്ട്രോളും രക്തസമ്മർദ്ദവും കുറയ്ക്കാൻ തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഉയർന്ന കൊളസ്ട്രോൾ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് കേടുപാടുകൾ തടയാനും ഇത് സഹായിച്ചേക്കാം. തണ്ണിമത്തനിൽ സിട്രുലിൻ എന്ന അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ നൈട്രിക് ഓക്സൈഡിന്റെ അളവ് വർദ്ധിപ്പിക്കും. നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകൾ വികസിപ്പിക്കാൻ സഹായിക്കുകയും ഇതിലൂടെ രക്തസമ്മർദ്ദം കുറയുകയും ചെയ്യുന്നു.
5. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
വൈറ്റമിൻ സിയുടെ ഉയർന്ന സാന്ദ്രത അടങ്ങിയിരിക്കുന്നതിനാൽ തണ്ണിമത്തൻ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കും. ഗവേഷണമനുസരിച്ച്, നിങ്ങൾ സമ്മർദ്ദത്തിലായിരിക്കുമ്പോഴോ അണുബാധ ഉണ്ടാകുമ്പോഴോ ശരീരത്തിലെ വൈറ്റമിൻ സിയുടെ സാന്ദ്രത അതിവേഗം കുറയുന്നു. അതിനാൽ, വിറ്റാമിൻ സി അടങ്ങിയ തണ്ണിമത്തൻ കഴിക്കുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രവർത്തനങ്ങൾ മെച്ചപ്പെടുകയും നിങ്ങളുടെ പ്രതിരോധ സംവിധാനത്തെ സഹായിക്കുകയും ചെയ്യും
6. കണ്ണിന്‍റെ ആരോഗ്യം വർധിപ്പിക്കുന്നു
തണ്ണിമത്തനിൽ അടങ്ങിയ ലൈക്കോപീൻ കണ്ണുകൾക്ക് ഏറെ ഗുണകരമായ ഒന്നാണ്. പ്രായമായവരിൽ അന്ധതയ്ക്ക് കാരണമാകുന്ന നേത്ര പ്രശ്നമാണ് മാക്യുലർ ഡീജനറേഷൻ (എഎംഡി). മാക്യുലർ ഡീജനറേഷൻ തടയാനും കണ്ണിന്റെ ആരോഗ്യം വർധിപ്പിക്കാനും തണ്ണിമത്തൻ സഹായിക്കും. കൂടാതെ തണ്ണിമത്തനിലെ ബീറ്റാ കരോട്ടിൻ, വിറ്റാമിൻ സി, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ കണ്ണുകളെ സംരക്ഷിക്കും. കണ്ണുകൾ വരളുന്നതും ഗ്ലോക്കോമയും പോലുള്ള അസുഖങ്ങളിൽ നിന്നും ഇത് കണ്ണുകളെ സംരക്ഷിക്കുന്നു.
7. പേശിവേദന ഒഴിവാക്കാം
തണ്ണിമത്തനിൽ കാണപ്പെടുന്ന സിട്രുലൈൻ എന്ന അമിനോ ആസിഡിന് വ്യായാമ പ്രകടനം മെച്ചപ്പെടുത്താനും പേശിവേദന കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണ്. സിട്രുലൈൻ പതിവായി കഴിക്കുന്നത് എയറോബിക് പ്രകടനം മെച്ചപ്പെടുത്തുമെന്നാണ് പംനങ്ങള്‍ പറയുന്നത്. ഇവ രക്തക്കുഴലുകള്‍ വികസിപ്പിക്കാനും സഹായിക്കുന്നതിനാൽ ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യാൻ ഹൃദയം കഠിനമായി പ്രവർത്തിക്കേണ്ടി വരില്ല.
8. ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
തണ്ണിമത്തനിൽ അടങ്ങിയിരിക്കുന്ന വിറ്റമിൻ എ, സി എന്നിവ ചർമ്മത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നവയാണ്. വിറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തെ കൊളാജൻ നിർമ്മിക്കാൻ സഹായിക്കുന്നു. കൊളാജൻ ചർമ്മത്തെ മൃദുലമാക്കുകയും മുടിയെ ശക്തമാക്കുകയും ചെയ്യുന്നു. ചർമ്മകോശങ്ങൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒന്നാണ് വൈറ്റമിൻ എ.
9. ദഹനം മെച്ചപ്പെടുത്താം
തണ്ണിമത്തനിൽ ധാരാളം വെള്ളവും ചെറിയ അളവിൽ നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ആരോഗ്യകരമായ ദഹനത്തിന് ആവശ്യമാണ്. ഫൈബർ കുടലിന്‍റെ പ്രവർത്തനത്തെ സഹായിക്കുമ്പോള്‍ വെള്ളം ദഹനനാളത്തിലൂടെ മാലിന്യങ്ങളെ കൂടുതൽ കാര്യക്ഷമമായി നീക്കം ചെയ്യുന്നു.