ഫാസ്റ്റ് ഫുഡ് പ്രേമിയാണോ...? കരളിനെ സൂക്ഷിച്ചോളൂ...

ഭക്ഷണത്തിൻറെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡ് ആക്കിയാൽ കരളിലെ കൊഴുപ്പ് മിതമായ തോതിൽ ഉയരും

Update: 2023-01-17 14:44 GMT
Editor : abs | By : Web Desk
Advertising

സ്ഥിരമായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നയാളാണോ. എന്നാൽ കരളിനെ സൂക്ഷിച്ചോളൂ. ഉയർന്ന കലോറിയുള്ള വറുത്ത ഭക്ഷണങ്ങൾ വിളമ്പുന്ന ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് നോൺആൽക്കഹോളിക് ഫാറ്റി ലിവർ പോലുള്ള ചില കരൾ രോഗങ്ങളിലേക്ക് ക്ഷണിച്ചേക്കാമെന്നാണ് പുതിയ പഠനം. ലൊസാഞ്ചലസിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് സതേൺ കലിഫോർണിയയിലെ കെക് സ്‌കൂൾ ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്.

സർവേയിൽ പങ്കെടുത്തവരിൽ 52% ചില ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരായിരുന്നു. ഇവരിൽ 29% പേരും ഫാസ്റ്റ് ഫുഡിൽ നിന്ന് അഞ്ചിലൊന്നോ അതിലധികമോ പ്രതിദിന കലോറി ലഭിക്കുന്നവരാണ് ഈ ഗ്രൂപ്പിൽ കരളിലെ കൊഴുപ്പിന്റെ അളവിൽ വർദ്ധനവുണ്ടായതായി കണ്ടെത്തി. തങ്ങളുടെ പ്രതിദിന കലോറി ആവശ്യത്തിൻറെ 20 ശതമാനമോ അതിന് മുകളിലോ ഫാസ്റ്റ് ഫുഡിലൂടെ കണ്ടെത്തുന്ന അമിതവണ്ണക്കാരിലും പ്രമേഹ രോഗികളിലും കരളിലെ കൊഴുപ്പിൻറെ തോത് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കുമെന്ന ഗവേഷണ റിപ്പോർട്ട് പറയുന്നു.

എന്താണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ?

കരളിൽ കൊഴുപ്പ് അടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. ഇത് സാധാരണയായി രണ്ടു തരം ഉണ്ട്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും വിളിക്കാം. രാജ്യത്തെ ജനങ്ങൾക്കിടയിൽ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ രോഗസാധ്യത ഒൻപത് ശതമാനം മുതൽ 32 ശതമാനം വരെ ആണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അമിതവണ്ണം, പ്രമേഹം, പ്രമേഹരോഗ സാധ്യതയുള്ളവർ എന്നിവരിൽ ഇത്തരം കരൾരോഗ സാധ്യത കൂടുതലാണ്. ആരോഗ്യമുള്ള കരളിൽ സാധാരണ അഞ്ച് ശതമാനത്തിന് താഴെയാണ് കൊഴുപ്പ് കാണാറുള്ളത്. ഇതിൽ ചെറിയ തോതിൽ മാറ്റം വന്നാൽ പോലും നോൺ ആൽക്കഹോളിക് ഫാറ്റി ലിവറിന് സാധ്യതയുണ്ടെന്ന് ആരോഗ്യ വദഗ്ധർ പറയുന്നു.

അമിതവണ്ണമോ പ്രമേഹമോ ഇല്ലാത്തവരും തങ്ങളുടെ ഭക്ഷണത്തിൻറെ അഞ്ചിലൊന്ന് ഫാസ്റ്റ് ഫുഡ് ആക്കിയാൽ കരളിലെ കൊഴുപ്പ് മിതമായ തോതിൽ ഉയരും. ദിവസത്തിൽ ഒരു തവണ ഫാസ്റ്റ് ഫുഡ് ഭക്ഷണം പ്രശ്‌നമല്ലെന്നു കരുതുന്നവരും സൂക്ഷിക്കണം. ഇത് അവരുടെ പ്രതിദിന കലോറിയുടെ അഞ്ചിലൊന്നാണെങ്കിൽ കരൾ അപകടത്തിലാണെന്നു കരുതണമെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ 2017-18ലെ നാഷനൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയിലെ വിവരങ്ങൾ ഉപയോഗിച്ചാണ് ഗവേഷണം നടത്തിയത്. പീത്സ, ബർഗർ ഉൾപ്പെടെയുള്ള ഭക്ഷണവിഭവങ്ങൾ ഫാസ്റ്റ് ഫുഡിൽ ഉൾപ്പെടുത്തിയിരുന്നു.

'ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നത് ഹൃദയത്തിന്റെ അപകടസാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, അതുപോലെ കരളിനും, പുതിയ പഠനങ്ങൾ അമിതവണ്ണവും പ്രമേഹവും ഉള്ളവരിൽ ഫാസ്റ്റ് ഫുഡ് ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങൾ കൃത്യമായി മനസ്സിലാക്കാൻ സഹായിച്ചു. കരൾ രോഗം വരുന്നത് മദ്യം കഴിക്കുന്നതിലൂടെ മാത്രമല്ല, നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണെന്ന് കൂടി പഠനങ്ങൾ തെളിയിക്കുന്നു.- ലോസ് ആഞ്ചലസ്, സിഎയിലെ ഇന്റേണിസ്റ്റായ നേഹ മേത്ത പറയുന്നു.

കരൾ സൂക്ഷിക്കുക

ശരീരത്തിന് ഊർജവും സ്വസ്തതയും ലഭിക്കുന്നതിന് കരളിൻറെ ആരോഗ്യം അനിവാര്യമാണ്. കരൾ ശരീരത്തിലെ വിഷപദാർത്ഥം, പ്രോട്ടീനുകൾ സമന്വയിപ്പിക്കൽ, ദഹനത്തിന് ആവശ്യമായ ജൈവ രാസവസ്തുക്കൾ നിർമ്മിക്കൽ തുടങ്ങിയ പല സുപ്രധാന ജോലികൾ നടത്തുന്നു. തെറ്റായ ആഹാരവും ജീവിത കരൾകോശങ്ങളുടെയും നാഡീവ്യൂഹങ്ങളുടെയും, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങൾക്കും കാരണമാകുന്നു. മദ്യത്തിൻറെ ഉപയോഗം, പുകവലി, മരുന്നുകളുടെ ഉപയോഗം, ഉറക്കകുറവ്, അമിതവണ്ണം, പ്രമേഹം, ഫാസ്റ്റ് ഫുഡ് തുടങ്ങിയവയാണ് കരൾ രോഗം ഉണ്ടാകുന്നതിനു കാരണം.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കുറയ്ക്കുന്നതിന്, ആരോഗ്യകരമായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നതാണ്. ഒപ്പം ആരാഗ്യകരമായ ഭാരം നിലനിർത്തുക, വ്യായാമം ചെയ്യുക കൂടാതെ മദ്യം പൂർണമായും ഒഴിവാക്കുക.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News