പനിയും ജലദോഷവും വിട്ടുമാറുന്നില്ലേ ? രോഗപ്രതിരോധ ശേഷി കൂട്ടിയേ പറ്റൂ... ഈ ഭക്ഷണങ്ങൾ നിങ്ങളെ സഹായിക്കും
ഭക്ഷണക്രമവും ജീവിതശൈലിയും രോഗപ്രതിരോധ ശേഷിയെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്
ഇടക്കിടക്ക് വരുന്ന പനിയും ജലദോഷവും ചുമയും തെല്ലൊന്നുമല്ല കുഞ്ഞുങ്ങളെയും മുതിർന്നവരെയും സങ്കടത്തിലാക്കുന്നത്. കടുത്ത വേനൽ കാലം പനിയുടെ സീസൺ കൂടിയാണിത്. ശക്തമായ പ്രതിരോധശേഷി ഉണ്ടെങ്കിൽ മാത്രമേ ഇവയെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ സാധിക്കൂ. ശരീരത്തെ അണുബാധകളിൽ നിന്നും രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ രോഗപ്രതിരോധ ശേഷി കൂടിയേ മതിയാവൂ.
നിങ്ങളുടെ ഭക്ഷണക്രമവും ജീവിതശൈലിയും രോഗപ്രതിരോധ വ്യവസ്ഥയെ പ്രധാനമായും ബാധിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, പതിവായി വ്യായാമം ചെയ്യുക, ശരിയായ ഉറക്കം, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക ഇതെല്ലാം സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാൻ സഹായിക്കുന്ന ചില വഴികളാണ്.
പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഇതാ...
സിട്രസ് പഴങ്ങൾ
നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവ പോലുള്ള സിട്രസ് പഴങ്ങളിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.
ബദാം
അവശ്യ പോഷകങ്ങളുടെ ശക്തികേന്ദ്രമാണ് ബദാം. ഹൃദയാരോഗ്യം വർധിപ്പിക്കാൻ ബദാം സഹായിക്കുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇത് രോഗപ്രതിരോധ സംവിധാനത്തിനും നല്ലതാണ്. രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന വിറ്റാമിൻ ഇ, സിങ്ക്, മഗ്‌നീഷ്യം, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങളുടെ ഉറവിടമാണ് ബദാം.
മഞ്ഞൾ
മഞ്ഞൾ ഒരു അത്ഭുതകരമായ സുഗന്ധവ്യഞ്ജനമാണ്. മഞ്ഞളിന്റെ പ്രധാന ഘടകമായ കുർക്കുമിൻ രോഗപ്രതിരോധ പ്രവർത്തനത്തെ സഹായിക്കുന്നു. ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്നതിന് പുറമെ മഞ്ഞൾ പാലോ ചായയോ ചേർത്ത് കുടിക്കാം.
ഗ്രീൻ ടീ
ഗ്രീൻ ടീ കുടിക്കുന്നതും രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഗ്രീൻ ടീയിൽ എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് രോഗങ്ങളെ ചെറുക്കുന്ന ആന്റിഓക്സിഡന്റാണ്.
മോര്
കാൽസ്യം അടങ്ങിയ പാനീയമാണ് മോര്. ഈ വേനൽക്കാലത്ത് ഒരിക്കലും ഒഴിവാക്കാൻപാടില്ലാത്ത പാനീയമാണിത് . മോരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് രോഗപ്രതിരോധ സംവിധാനത്തിന്റെ സുഗമമായ പ്രവർത്തനത്തിന് സഹായിക്കുന്നു. കല്ലുപ്പ്, കുരുമുളക്, പുതിനയില, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്ത് മോരുണ്ടാക്കുന്നതും ഏറെ ഗുണം ചെയ്യും.
വെളുത്തുള്ളി, ഇഞ്ചി, കിവി, പപ്പായ, ബ്രൊക്കോളി, ചീര, തൈര്, കുരുമുളക്, വിത്തുകൾ, പരിപ്പ് എന്നിവയും പ്രതിരോധശേഷി വർധിപ്പിക്കുന്ന മറ്റ് ചില ഭക്ഷണങ്ങളാണ്.