പിറന്നാൾ ദിനത്തിൽ ഓൺലൈനായി വാങ്ങിയ കേക്ക് കഴിച്ച് പത്തുവയസുകാരി മരിച്ചു

കേക്കിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം

Update: 2024-04-01 05:13 GMT
Editor : Lissy P | By : Web Desk
Advertising

പട്യാല: പഞ്ചാബിലെ പട്യാലയിൽ ഓൺലൈനായി ഓർഡർ ചെയ്തുവാങ്ങിയ പിറന്നാൾ കേക്ക് കഴിച്ച പത്തുവയസ്സുകാരി ഭക്ഷ്യവിഷബാധയേറ്റ് മരിച്ചതായി കുടുംബം. മാൻവി എന്ന കുട്ടിയാണ് മരിച്ചത്. മാർച്ച് 24 ന് വൈകിട്ടാണ് മാൻവിയുടെ ജന്മദിനം കുടുംബം കേക്ക് മുറിച്ച് ആഘോഷിച്ചത്. പിറന്നാൾ ആഘോഷങ്ങളുടെ വീഡിയോ സോഷ്യൽമീഡിയയിൽ കുടുംബം പങ്കുവെക്കുകയും ചെയ്തിരുന്നു.

കേക്ക് കഴിച്ചതിന് പിന്നാലെ മാൻവിക്കും  സഹോദരിക്കുമടക്കം രാത്രി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി വീട്ടുകാർ പറയുന്നു.തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ കുട്ടികൾ ഛർദ്ദിക്കാന്‍ തുടങ്ങി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മാൻവിയുടെ മുത്തച്ഛൻ പറഞ്ഞു. ആശുപത്രിയിലെത്തിച്ചെങ്കിലും മാൻവിയുടെ ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ബേക്കറി ഉടമക്കെതിരെ മാൻവിയുടെ കുടുംബം പൊലീസിൽ പരാതി നൽകി.

കേക്ക് ഉണ്ടാക്കിയവർക്കെതിരെ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. ഓൺലൈനായി വാങ്ങിയ ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിയിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. കേക്കിന്റെ സാമ്പിളുകൾ പരിശോധിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഫലം വന്നതിന് ശേഷം മാത്രമേ കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ സാധിക്കൂവെന്നും അധികൃതർ വ്യക്തമാക്കി.  

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News