അഹമ്മദാബാദിൽ അജ്ഞാതര്‍ അംബേദ്കറുടെ പ്രതിമ തകർത്തു; വ്യാപക പ്രതിഷേധം
കുറ്റവാളികളെ തിരിച്ചറിയാൻ അധികൃതർ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്
അഹമ്മദാബാദ്: അഹമ്മദാബാദില്‍ അജ്ഞാതര്‍ ഡോ.ബി.ആര്‍ അംബേദ്കറുടെ പ്രതിമ തകര്‍ത്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം. പ്രതിമ തകര്‍ത്തത് വ്യാപക പ്രതിഷേധത്തിനിടയാക്കിയതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയാൻ അധികൃതർ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
"അഹമ്മദാബാദ് നഗരത്തിലെ ഖോഖ്ര പ്രദേശത്തുള്ള ശ്രീ കെ കെ ശാസ്ത്രി കോളേജിന് മുന്നിൽ സ്ഥിതി ചെയ്യുന്ന ബാബാസാഹേബ് അംബേദ്കറുടെ പ്രതിമയുടെ മൂക്കും കണ്ണടയും ചില അജ്ഞാതർ നശിപ്പിച്ചു." പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.കെ റാബാരി പിടിഐയോട് പറഞ്ഞു. തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് മുമ്പാണ് സംഭവം നടന്നതെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. രോഷാകുലരായ നാട്ടുകാർ പ്രതിമയ്ക്ക് സമീപം പ്രതിഷേധിക്കുകയും തകര്‍ത്തവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
മഹാരാഷ്ട്രയിലെ പർഭാനിയിൽ ഡിസംബർ 10ന് അജ്ഞാതനായ ഒരാൾ ഭരണഘടനയുടെ പകർപ്പ് നശിപ്പിച്ചതിനെ തുടർന്ന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. ഇതിനെത്തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളുമായി ബന്ധപ്പെട്ട് 50 ലധികം പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ ഒരാളായ സോമനാഥ് സൂര്യവംശി ഡിസംബർ 15ന് നെഞ്ചുവേദനയെ തുടർന്ന് മരിച്ചിരുന്നു.