ഏഴ് മണിക്കൂറിൽ 101 സ്ത്രീകളില്‍ വന്ധ്യംകരണം: അന്വേഷണത്തിന് ഉത്തരവിട്ട് ഛത്തീസ്ഗഢ് സര്‍ക്കാര്‍
ഛത്തീസ്ഗഢില്‍ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍ക്കാര്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു.
ഛത്തീസ്ഗഢില്‍ സര്‍ഗുജ ജില്ലയില്‍ നടന്ന സര്‍ക്കാര്‍ വന്ധ്യംകരണ ക്യാമ്പിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. ഏഴ് മണിക്കൂറിനുള്ളില്‍ 101 സ്ത്രീകളില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
ക്യാമ്പിനെ സംബന്ധിച്ച പരാതികളെ തുടര്‍ന്ന്, അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. അലോക് ശുക്ല പറഞ്ഞു.
ഓഗസ്റ്റ് 27നാണ് വന്ധ്യംകരണ ക്യാമ്പ് നടത്തുകയും സര്‍ക്കാര്‍ സര്‍ജന്‍ ഡോ. ജിബ്‌നസ് എക്ക 101 ശസ്ത്രക്രിയകള്‍ നടത്തുകയും ചെയ്തത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഒരു ശസ്ത്രക്രിയാ വിദഗ്ധന് ഒരു ദിവസം പരമാവധി 30 ശസ്ത്രക്രിയകളാണ് ചെയ്യാവുന്നത്.
മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡോ. ശുക്ല പറഞ്ഞു. ശസ്ത്രക്രിയയ്ക്കായി ധാരാളം സ്ത്രീകള്‍ എത്തിയിരുന്നുവെന്നും അവര്‍ ശസ്ത്രക്രിയ നടത്താന്‍ പ്രേരിപ്പിച്ചുവെന്നുമാണ് ഡോക്ടറുടെ വാദം.