പണക്കാരുമായി വിവാഹം, ഡിവോഴ്‌സ്.. സെറ്റിൽമെന്റായി കോടികൾ വാങ്ങി സുഖജീവിതം; 'കൊള്ളക്കാരി വധു'വിനെ പൊക്കി പൊലീസ്
പത്ത് വർഷത്തിനിടെ മൂന്ന് വിവാഹം കഴിച്ച സീമ ഒടുവിൽ 36 ലക്ഷം രൂപ തട്ടിയെടുത്ത് ഭർത്താവിന്റെ വീട്ടിൽ നിന്ന് മുങ്ങുകയായിരുന്നു.
ഡൽഹി: മൂന്നുവിവാഹം കഴിച്ചു, എല്ലാം ഡിവോഴ്‌സായി... ഒത്തുതീർപ്പിന്റെ പേരിൽ വാങ്ങിയത് 1.25 കോടിയിലേറെ രൂപ. 'കൊള്ളക്കാരി വധു' എന്നാണ് ഉത്തരാഖണ്ഡിലെ സീമ എന്ന യുവതിയെ പൊലീസ് വിശേഷിപ്പിച്ചത്. പത്ത് വർഷത്തെ വിവാഹത്തട്ടിപ്പിനൊടുവിൽ പിടിയിലായിരിക്കുകയാണ് നിക്കി എന്ന സീമ.
2013ൽ ആഗ്രയിൽ നിന്നുള്ള ഒരു വ്യവസായിയെ ഇവർ വിവാഹം കഴിച്ചു, കുറച്ച് നാൾ ഒരുമിച്ച് ജീവിച്ചു. പെട്ടെന്നൊരു ദിവസം ഇയാളുടെ കുടുംബത്തിനെതിരെ കേസ് കൊടുക്കുകയും ഡിവോഴ്‌സിൽ കൊണ്ടെത്തിക്കുകയും ചെയ്‌തു. ഒത്തുതീർപ്പിന്റെ ഭാഗമായി 75 ലക്ഷം രൂപയാണ് ഇയാളിൽ നിന്ന് സീമ കൈപ്പറ്റിയത്.
2017ൽ ഗുരുഗ്രാമിൽ നിന്നുള്ള ഒരു സോഫ്‌റ്റ്‌വെയർ എഞ്ചിനീയറെ സീമ വിവാഹം കഴിക്കുകയും വേർപിരിയുകയും ചെയ്‌തത് ഒരുമിച്ചായിരുന്നു. 10 ലക്ഷം രൂപ സെറ്റിൽമെൻ്റായി വാങ്ങി. തുടർന്ന്, 2023-ൽ ജയ്‌പൂർ ആസ്ഥാനമായുള്ള ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചു. താമസിയാതെ 36 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പണവും തട്ടിയെടുത്ത് വീട്ടിൽ നിന്ന് രക്ഷപെടുകയായിരുന്നു.
വീട്ടുകാർ കേസ് കൊടുത്തതിനെ തുടർന്ന് ജയ്‌പൂർ പൊലീസ് സീമയെ അറസ്റ്റ് ചെയ്‌തു. മാട്രിമോണിയൽ സൈറ്റ് വഴിയാണ് സീമ തന്റെ ഇരകളെ തേടുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. വിവാഹമോചിതരായ അല്ലെങ്കിൽ ഭാര്യമാരെ നഷ്‌ടപ്പെട്ട പുരുഷന്മാരെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വിവാഹം കഴിച്ച് 1.25 കോടി രൂപ സമാഹരിച്ചു. വിവിധ കേസുകളും ഇവരുടെ പേരിൽ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.