'വെറും വഞ്ചനയല്ല, രാഷ്ട്ര വഞ്ചന, തട്ടിപ്പിന്‍റെ ക്ലാസിക് ഉദാഹരണം'; പൂജ ഖേദ്കര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് കോടതി
ജാമ്യം നല്‍കുന്നത് കേസിന്‍റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്
ഡല്‍ഹി: വിവാദമായ വ്യാജ ഐഎഎസ് കേസിലെ പ്രതി മുന്‍ ട്രെയിനി ഉദ്യോഗസ്ഥ പൂജ ഖേദ്കറിന് ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. ഇവര്‍ക്ക് ജാമ്യം നല്‍കുന്നത് കേസിന്‍റെ അന്വേഷണ പുരോഗതിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയത്.
മുൻ ഐഎഎസ് ട്രെയിനിക്കെതിരെയുള്ളത് ശക്തമായ കേസാണെന്ന് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ചന്ദ്ര ധാരി സിങ് നിരീക്ഷിച്ചു. പ്രഥമദൃഷ്ട്യാ അവരുടെ ഉദ്ദേശലക്ഷ്യങ്ങള്‍ അധികാരികളെ കബളിപ്പിക്കലാണെന്നും അതിനായി ചെയ്ത കാര്യങ്ങള്‍ വലിയ ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു. വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമുള്‍പ്പെടെയാണ് പൂജക്ക് മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍. ഐഎഎസ് ട്രെയിനി ഓഫീസര്‍ എന്ന നിലയില്‍ പ്രതിയുടെ പ്രവൃത്തി തട്ടിപ്പിനുള്ള ക്ലാസിക് ഉദാഹരണമാണെന്നും അധികാരികളോട് മാത്രം വഞ്ചന ചെയ്തതെന്നും പകരം ഇത് രാഷ്ട്രത്തോടു ചെയ്ത വഞ്ചനയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐഎഎസ് ലഭിക്കുന്നതിനായി പൂജ, ഒബിസി നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷി രേഖകള്‍ എന്നിവ ദുരുപയോഗം ചെയ്തതായി കമ്മീഷൻ കണ്ടെത്തി നടപടിക്ക് ശിപാർശ ചെയ്യുകയായിരുന്നു. പൂജ ഖേദ്കറിനെതിരെ ഡല്‍ഹി പൊലീസും കേസെടുത്തിരുന്നു. വ്യാജരേഖ ചമച്ചതിന് യുപിഎസ്‌സി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
പൂജ തന്‍റെ സ്വകാര്യ ഔഡി കാറില്‍ ചുവന്ന-നീല ബീക്കണ്‍ ലൈറ്റും വിഐപി നമ്പര്‍ പ്ലേറ്റും ഉപയോഗിച്ചത് വിവാദമായിരുന്നു. കാറില്‍ മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ബോര്‍ഡും പൂജ സ്ഥാപിച്ചിരുന്നു. വിഐപി നമ്പർ പ്ലേറ്റുള്ള ഔദ്യോഗിക കാർ, താമസ സൗകര്യം, മതിയായ ജീവനക്കാരുള്ള ഔദ്യോഗിക ചേംബർ, ഒരു കോൺസ്റ്റബിൾ എന്നിവ ഉൾപ്പെടുന്ന അന്യായമായ ആവശ്യങ്ങളും ഖേദ്കർ ഉന്നയിച്ചിരുന്നു.നിയമപ്രകാരം ഒരു ട്രയിനിക്ക് ഈ സൗകര്യങ്ങളൊന്നും അനുവദനീയമല്ല.
ഇത് കൂടാതെ അഡീഷണൽ കലക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ചേംബറും പൂജ കൈവശപ്പെടുത്തി സ്വന്തം പേരെഴുതിയ ബോർഡും വച്ചു. അഡീഷണൽ കലക്‌ടറുടെ അനുമതി ഇല്ലാതെയാണ് അവർ കസേര, സോഫകൾ, മേശ ഉൾപ്പെടെ എല്ലാ സാമഗ്രികളും നീക്കം ചെയ്‌തത്. ശേഷം ലെറ്റർഹെഡ്, വിസിറ്റിംഗ് കാർഡ്, പേപ്പർ വെയ്റ്റ്, നെയിം പ്ലേറ്റ്, റോയൽ സീൽ, ഇന്റർകോം എന്നിവ നൽകാൻ റവന്യു അസിസ്റ്റന്‍റിന് നിർദേശവും നൽകി. റിട്ടയേർഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ പൂജയുടെ പിതാവും മകളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ജില്ലാ കലക്ടറുടെ ഓഫീസിൽ സമ്മർദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പൂജയുടെ ഐഎഎസ് യുപിഎസ് സി റദ്ദാക്കിയിരുന്നു,