ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു; ടി.പി.ആര്‍ പത്തിനു മുകളില്‍
ഒമിക്രോൺ കേസുകൾ 3623 ആയി
ഇന്ത്യയില്‍ പ്രതിദിന കോവിഡ് കേസുകള്‍ ഒന്നരലക്ഷം കടന്നു. 1,59,632 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്തു. ടി.പി.ആർ നിരക്ക് 10ന് മുകളിലെത്തി. 10.21 ആണ് ടി.പി.ആർ. ഒമിക്രോൺ കേസുകൾ 3623 ആയി. 616 പേര്‍ക്കാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,55,28,004 ആയി. കോവിഡ് രോഗമുക്തി 96.98 ശതമാനമായി കുറഞ്ഞു. മഹാരാഷ്ട്രയിലാണ് 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്- 41,434 പേര്‍ക്ക്. 20,318 കേസുകളും മുംബൈയിലാണ്. ഡല്‍ഹിയില്‍ 20,181 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിനു ശേഷമുള്ള ഏറ്റവും കൂടിയ കണക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.60 ശതമാനമായി.
ഒമിക്രോണ്‍ കേസുകളുടെ എണ്ണവും കൂടുകയാണ്. 27 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍- 1009 കേസുകള്‍. ഡല്‍ഹിയില്‍ 513 പേര്‍ക്ക് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 1409 പേര്‍ രോഗമുക്തി നേടി. തിങ്കളാഴ്ച മുതൽ നിയന്ത്രങ്ങൾ കടുപ്പിക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ ഒത്തുചേരാൻ പാടില്ല. രാവിലെ അഞ്ച് മുതൽ രാത്രി 11 വരെയാണ് നിയന്ത്രണങ്ങൾ. രാത്രി 11 മുതൽ രാവിലെ അഞ്ച് വരെ അവശ്യ സർവ്വീസുകൾക്ക് മാത്രമാണ് അനുമതി.
ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ വാക്സിനേഷന്‍റെ വേഗവും വര്‍ധിപ്പിച്ചു. ഒരാഴ്ചക്കിടെ 15-18 പ്രായപരിധിയിലെ രണ്ട് കോടി പേര്‍ക്ക് ആദ്യ ഡോസ് നല്‍കി. 60 വയസിനു മുകളിലുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമുള്ള ബൂസ്റ്റര്‍ ഡോസ് വിതരണം നാളെ തുടങ്ങും. അതിനിടെ കോവാക്‌സിന്റെ ബൂസ്റ്റർ ഡോസിന് ദീർഘകാലം പ്രതിരോധം നൽകാൻ കഴിയുമെന്ന് കണ്ടെത്തിയതായി ഭാരത് ബയോട്ടെക് അവകാശപ്പെട്ടു. മറ്റ് പാർശ്വഫലങ്ങൾ ഒന്നും കണ്ടെത്തിയില്ല എന്നും ഭാരത് ബയോട്ടെക് പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് രാജ്യത്ത് എത്തുന്നവർക്ക് ഏഴ് ദിവസം ഹോം ക്വാറൻറൈൻ നിർബന്ധമാക്കിയുള്ള കേന്ദ്ര സർക്കാർ ഉത്തരവ് നാളെ മുതൽ നിലവിൽ വരും.