ജാർഖണ്ഡിൽ കേബിൾ കാർ അപകടത്തിൽ മരണം രണ്ടായി; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയും

കഴിഞ്ഞ 19 മണിക്കൂറിലധികമായി സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 48 പേർ കേബിള്‍ കാറുകളില്‍ കുടുങ്ങിക്കിടക്കുകയാണ്

Update: 2022-04-11 09:22 GMT
Editor : Lissy P | By : Web Desk
Advertising

റാഞ്ചി: ജാർഖണ്ഡിലെ ദിയോഘർ ജില്ലയിലെ ബാബ ബൈദ്യനാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട്ട് കുന്നുകളിൽ റോപ്പ്‍വേയിലെ കേബിൾ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരം മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ  48 പേർ  ഇപ്പോഴും  കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനത്തിനായി രണ്ട് ഇന്ത്യൻ എയർഫോഴ്‌സ് ഹെലികോപ്റ്ററുകളും സ്ഥലത്തെത്തിയിട്ടുണ്ട്.

സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.എന്നാൽ കൃത്യമായ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. സംഭവത്തിന് ശേഷം റോപ്പ്‍വേ മാനേജരും മറ്റ് ജീവനക്കാരും സ്ഥലത്തുനിന്ന് ഓടിപ്പോയതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. അപകടം നടന്ന ഉടനെ കേബിൾ കാറിൽ നിന്ന് താഴേക്ക് ചാടിയ ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു.

രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) സംഘത്തെ സംഭവസ്ഥലത്തേക്ക് അയച്ചതായി ദിയോഘർ ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ മഞ്ജുനാഥ് ഭജൻത്രി പറഞ്ഞു. എല്ലാ വിനോദസഞ്ചാരികളെയും സുരക്ഷിതമായി ഒഴിപ്പിക്കുകയാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ലംബമായ റോപ്പ്‍വേയാണ് ത്രികുട്ട് റോപ്വേയെന്ന് ജാർഖണ്ഡ് ടൂറിസം വകുപ്പ് പറയുന്നു. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള റോപ്പ്‍വേയ്ക്ക് 766 മീറ്റർ നീളമുണ്ട്. കുന്നിന് 392 മീറ്റർ ഉയരമുണ്ട്. 25 ക്യാബിനുകളാണ് റോപ്പ്‍വേയിലുള്ളത്. ഓരോ ക്യാബിനിലും നാല് പേർക്ക് ഇരിക്കാനാകും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News