കോൺഗ്രസിന് തിരിച്ചടി: പഞ്ചാബിൽ രണ്ട് എംഎൽഎമാർ കൂടി ബിജെപിയിൽ ചേർന്നു

തെരഞ്ഞെടുപ്പ് പടിവാതിൽക്കലിൽ എത്തിനിൽക്കെയാണ് എംഎൽഎമാരായ ഫത്തേ ജംഗ് സിംഗ് ബജ്‍വയും ബൽവീന്ദർ സിംഗ് ലഡ്ഡിയും പാർട്ടി വിട്ടത്

Update: 2021-12-28 09:34 GMT
Editor : Lissy P | By : Web Desk
Advertising

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാകുമെന്ന് പറഞ്ഞുകേട്ട പ്രമുഖ നേതാവ് ഉൾപ്പെടെ രണ്ട് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നു. പാർട്ടിയിലെ മുതിർന്ന നേതാവും എംപിയുമായ പ്രതാപ് ബജ്‍വയുടെ സഹോദരനും കോൺഗ്രസ് എംഎൽഎയുമായ ഫത്തേ ജംഗ് സിംഗ് ബജ്‍വയാണ് ഒരാൾ. പഞ്ചാബിലെ ഖാദിയാനിലെ എംഎൽഎയാണ് ഇദ്ദേഹം. ഹർഗോബിന്ദ്പൂരിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായ ബൽവീന്ദർ സിംഗ് ലഡ്ഡിയാണ് ബി.ജെ.പിയിലേക്ക് ചേക്കേറിയ മറ്റൊരാൾ.

അടുത്തിടെ നടന്ന ഒരു റാലിയിൽ കോൺഗ്രസിന്റെ പഞ്ചാബ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു ഫത്തേ ബജ്‍വയെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അതേ സീറ്റിൽ തനിക്കും താൽപ്പര്യമുണ്ടെന്ന് സഹോദരനായ പ്രതാപ് ബജ്‍വ പാർട്ടിയെ  അറിയിച്ചു. സഹോദരനോട് തോൽക്കുമെന്ന് കരുതിയാണ് ഫത്തേ ജംഗ് ബജ്‍വ ബി.ജെ.പിയിൽ ചേർന്നതെന്നാണ് പാർട്ടിവൃത്തങ്ങൾ അടക്കം പറയുന്നത്.

കോൺഗ്രസിലെ തന്നെ മറ്റൊരു എംഎൽഎയായ റാണ ഗുർമീത് സോധി കഴിഞ്ഞയാഴ്ച ബിജെപിയിൽ ചേർന്നിരുന്നു. മൂന്ന് എംഎൽഎമാരും മുൻ കോൺഗ്രസ് നേതാവ് അമരീന്ദർ സിങ്ങിന്റെ വിശ്വസ്തരായിരുന്നു. അമരീന്ദർ സിങ് കഴിഞ്ഞ മാസം രാജിവച്ച്   സ്വന്തം പാർട്ടി ആരംഭിച്ചിരുന്നു. എന്നാൽ അമരീന്ദർ സിങ്ങിന്റെ പുതിയ സംഘടനയായ പഞ്ചാബ് ലോക് കോൺഗ്രസിലേക്ക് പോകാതെ പകരം  ബിജെപിയിലാണ് ഇവർ മൂന്നുപേരും ചേർന്നത്.

അടുത്ത വർഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പിൽ അമരീന്ദർ സിംഗ്, സുഖ്ദേവ് സിംഗ് ധിൻഡ്സ എന്നിവരുമായി ബി.ജെ.പി സംഖ്യമുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ കോൺഗ്രസ് , അകാലിദൾ നേതാക്കൾ പാർട്ടിയിലെത്തുമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News