ഗുജറാത്ത് വംശഹത്യ: മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പരിശോധിക്കുമെന്ന് സുപ്രീംകോടതി

സാകിയ ജഫ്രി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി

Update: 2021-10-27 10:30 GMT
Advertising

2002ലെ ഗുജറാത്ത് വംശഹത്യാ കേസില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ഉൾപ്പെടെ 64 പേർക്ക് പ്രത്യേക അന്വേഷണ സംഘം ക്ലീൻചിറ്റ് നൽകിയ അന്തിമ റിപ്പോര്‍ട്ട് കാണണമെന്ന് സുപ്രീംകോടതി. മജിസ്റ്റീരിയൽ കോടതി ആ റിപ്പോര്‍ട്ട് സ്വീകരിച്ചതിനു നല്‍കിയ ന്യായീകരണവും കോടതിയുടെ ഉത്തരവും പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.

2002 ഫെബ്രുവരി 28ന് കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഗുജറാത്ത് വംശഹത്യയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സാകിയ ഹരജി നല്‍കിയത്. മോദി അടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെ ചോദ്യംചെയ്താണ് ഹരജി. എ എന്‍ ഖാന്‍വില്‍കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ജസ്റ്റിസ് ദിനേശ് മഹേശ്വരി, ജസ്റ്റിസ് സി ടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സാകിയയ്ക്ക് വേണ്ടി കപിൽ സിബലാണ് ഹാജരായത്. .

2012 ഫെബ്രുവരി 8നാണ് അന്വേഷണ സംഘം കേസ് അവസാനിപ്പിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്‍കിയത്. നരേന്ദ്ര മോദി അടക്കം 64 പേരെയും പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവുകളില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘം പല വസ്തുതകളും കണ്ടെത്തിയെങ്കിലും, കേസ് അവസാനിപ്പിച്ചുകൊണ്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അതൊന്നും ഉള്‍പ്പെടുത്തിയില്ലെന്ന് കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഒരു മാധ്യമപ്രവര്‍ത്തകന്‍ ഒളിക്യാമറാ ഓപറേഷനിലൂടെ പുറത്തുകൊണ്ടുവന്ന വസ്തുതകള്‍ പരിഗണിച്ചില്ലെന്നും  ആ ദൃശ്യങ്ങള്‍ കണ്ടാല്‍ ഞെട്ടുമെന്നും കപില്‍ സിബല്‍ പറഞ്ഞു. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസുമായി ബന്ധപ്പെട്ട് സാകിയ ജഫ്രി നല്‍കിയ പരാതിക്കപ്പുറം ഒന്നും പരിഗണിക്കില്ലെന്നാണ് മജിസ്റ്റീരിയല്‍ കോടതി അന്ന് പറഞ്ഞതെന്നും കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഗുജറാത്ത് വംശഹത്യയുടെ കാലത്ത് അധികാരത്തില്‍ ഇരിക്കുന്നവരുടെ നിഷ്ക്രിയത്വവും പൊലീസിന്‍റെ ഒത്താശയും വിദ്വേഷ പ്രസംഗവും അക്രമം അഴിച്ചുവിടലും ഉണ്ടായിട്ടുണ്ടെന്ന് കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞു. വംശഹത്യക്ക് മുന്‍പ് വര്‍ഗീയത ആളിക്കത്തിക്കാന്‍ നടന്ന ശ്രമങ്ങളെ കുറിച്ച് പരാതിക്കാരി ഡിജിപിയെ ധരിപ്പിച്ചിരുന്നു. അതൊന്നും പരിഗണിച്ചില്ലെന്നും കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. ഹരജിയില്‍ വാദം കേള്‍ക്കുന്നത് തുടരും.

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കൊല്ലപ്പെട്ട 68 പേരില്‍ ഒരാളാണ് മുന്‍ എംപി കൂടിയായ ഇഹ്സാന്‍ ജഫ്രി. ഗോധ്രയില്‍ സബര്‍മതി എക്സ്പ്രസില്‍ 59 പേര്‍ വെന്തുമരിച്ചതിന്‍റെ അടുത്ത ദിവസമായിരുന്നു ഇത്. പ്രത്യേക അന്വേഷണസംഘത്തിന്‍റെ റിപ്പോര്‍ട്ടിനെതിരെ സാകിയ ജഫ്രി നല്‍കിയ ഹരജി 2017 ഒക്ടോബര്‍ 5ന് ഗുജറാത്ത് ഹൈക്കോടതി തള്ളുകയുണ്ടായി. പ്രത്യേക അന്വേഷണം നടന്നത് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തിലാണ് എന്ന കാരണം പറഞ്ഞാണ് ഹരജി തള്ളിയത്. തുടരന്വേഷണം ആവശ്യപ്പെട്ട് മജിസ്റ്റീരിയല്‍ കോടതിയെയോ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയോ സുപ്രീംകോടതിയോ പരാതിക്കാരിക്ക് സമീപിക്കാമെന്നും കോടതി അന്ന് വ്യക്തമാക്കുകയുണ്ടായി.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News