യു.പിയിൽ ബേക്കറി പലഹാരങ്ങൾ വാങ്ങിക്കഴിച്ച മൂന്ന് പെൺകുട്ടികൾ മരിച്ചു
വിവരമറിഞ്ഞതിനെ തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗ്രാമത്തിലെത്തി പെൺകുട്ടികൾ കഴിച്ച ലഘുഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഉത്തർപ്രദേശിലെ റായ്ബറേലി ജില്ലയിൽ ബേക്കറി പലഹാരങ്ങൾ വാങ്ങിക്കഴിച്ച സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ മരിച്ചു. നാലും ആറും എട്ടും വയസ്സുള്ള പരി, വിധി, പിഹു എന്നീ പെൺകുട്ടികളാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് നവീൻ കുമാർ മക്കൾക്ക് പലഹാരങ്ങൾ വാങ്ങിനൽകിയത്.
പലഹാരം കഴിച്ചതോടെ കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങി. ഇവരെ ആദ്യം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചിരുന്നു. തുടർന്ന് മറ്റു രണ്ടാളെയും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ച് ചികിത്സക്കിടെ മറ്റു രണ്ട് കുട്ടികളും മരണപ്പെടുകയായിരുന്നു.
വിവരമറിഞ്ഞതിനെ തുടർന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് ഗ്രാമത്തിലെത്തി പെൺകുട്ടികൾ കഴിച്ച ലഘുഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചു. പോസ്റ്റുമോർട്ടത്തിൽ മരണകാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഗ്രാമത്തിലെ മറ്റ് കുട്ടികളെ പരിശോധിക്കാൻ ഒരു മെഡിക്കൽ സംഘത്തെ അയച്ചിട്ടുണ്ടെന്നും പരിശോധിച്ച ശേഷം നടപടിയുണ്ടാവുമെന്നും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വിനയ് കുമാർ മിശ്ര പറഞ്ഞു.