ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ എൻ.ഡി.എ; നിര്‍ണായക നേതൃയോഗം നാളെ ഡല്‍ഹിയില്‍
പ്രതിപക്ഷ പാർട്ടികളുടെ യോഗം ഫോട്ടോ എടുക്കാനുള്ള അവസരമാക്കി വിനിയോഗിക്കാമെന്ന് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ധ
ന്യൂഡല്‍: 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ വിശാല എൻഡിഎ നേതൃയോഗം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കും. പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗളൂരുവിൽ നടക്കുന്നസമയത്താണ് ബി.ജെ.പി സഖ്യകക്ഷികളെ കൂടെ നിർത്താൻ നീക്കങ്ങൾ ശക്തമാക്കുന്നത്.
മൂന്നാമൂഴവും നരേന്ദ്ര മോദി തന്നെ പ്രധാന മന്ത്രി പദത്തിൽ തുടരുമെന്ന അവകാശവാദം ബിജെപി ആവർത്തിക്കുമ്പോഴാണ് നിർണായക യോഗം ഡൽഹിയിൽ വെച്ച് നടക്കാൻ പോകുന്നത്. നാളെ വൈകീട്ട് ഡൽഹിയിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് ചേരുന്ന യോഗത്തിൽ പങ്കെടുക്കാൻ ഇത് വരെ 38 പാർട്ടികൾ ഒരുങ്ങിയതായി ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ധ വ്യക്തമാക്കി. രാജ്യപുരോഗതി എന്ന നരേന്ദ്ര മോദി സർക്കാർ അജണ്ടയ്ക്ക് ഒപ്പം നിൽക്കാൻ കഴിയുന്ന ഏത് പാർട്ടിക്കും എൻഡിഎ സ്ഥാനം നൽകുമെന്ന സൂചനയും അദ്ദേഹം നൽകി.
എൻ.ഡി.എയുടെ ഭാഗമായിരുന്ന എൽ.ജെ.പി ഉൾപ്പടെയുള്ള പാർട്ടികളെ ചർച്ചയ്ക്കായി ക്ഷണിച്ച ബി.ജെ.പിക്ക് മുന്നണി സ്വന്തം ഇഷ്ടപ്രകാരം വിട്ട് പോയവര്‍ തനിയെ തിരിച്ചുവരട്ടെ എന്ന നിലപാടാണുള്ളത്. പ്രതിപക്ഷ പാർട്ടികളുടെ ബംഗളൂരുവിൽ വെച്ച് നടക്കുന്ന രണ്ടാം യോഗത്തെ ബി.ജെ.പി അധ്യക്ഷൻ പരിഹസിച്ചു. യു.പി.എ കാലത്തെ അഴിമതികളിൽ തങ്ങൾക്ക് എതിരെ അന്വേഷണം വരാതിരിക്കാൻ നടക്കുന്ന യോഗം വേണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾക്ക് ഫോട്ടോ എടുക്കാനുള്ള അവസരമാക്കി വിനിയോഗിക്കാമെന്നുമായിരുന്നു ജെ.പി നദ്ധയുടെ പരിഹാസം. എന്നാൽ നാളെ നടക്കുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് എൻഡിഎയിൽ മുൻപ് സഖ്യ കക്ഷികളായിരുന്ന ടി.ഡി.പി ഉൾപ്പടെയുള്ള ചില പാർട്ടികൾ അറിയിച്ചിട്ടുണ്ട്.we