ലഡാക്കിൽ സൈനിക പരിശീലനത്തിനിടെ അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു
ജെ.സി ഓഫീസറും നാല് ജവാന്മാരുമാരാണ് മരിച്ചത്
ലഡാക്ക്: ലഡാക്കിൽ സൈനിക പരിശീലനത്തിനിടെയുണ്ടായ അപകടത്തിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. ജെ.സി ഓഫീസറും നാല് ജവാന്മാരുമാരാണ് മരിച്ചത്. ടാങ്കുകൾ പുഴ മുറിച്ചു കടക്കവെ ജലനിരപ്പ് ഉയർന്നാണ് അപകടമുണ്ടായത്. അതിവേഗം സഞ്ചരിക്കുന്ന T 72 ടാങ്ക് പരിശീലനത്തിലാണ് അപകടം.
മന്ദിർ മോറിന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. അഞ്ച് സൈനികരുമായി ടി-72 ടാങ്ക് നദി മുറിച്ചുകടക്കുന്നതിനിടെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിന് കാരണമായത്. ''സംഭവസമയത്ത് ഒരു ജെസിഒയും 4 ജവാൻമാരും ഉൾപ്പെടെ അഞ്ച് സൈനികരാണ് ടാങ്കിലുണ്ടായിരുന്നത്. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നതിനിടെ ഒരാളെ കണ്ടെത്തി'' പ്രതിരോധ ഉദ്യോഗസ്ഥർ എഎൻഐയോട് പറഞ്ഞു.
ലഡാക്കിൽ സൈനികർ മുങ്ങിമരിക്കാനിടയായത് നിർഭാഗ്യകരമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. വീരമൃത്യുവരിച്ച സൈനികരുടെ സേവനം രാജ്യം മറക്കില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.