2021 മേയ് മുതൽ അസം പൊലീസ് കൊന്നത് 51 പേരെ; വ്യാജ ഏറ്റുമുട്ടലാണോയെന്ന് അന്വേഷിക്കണമെന്ന് ഹരജി
'ചിലർ കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇവർ കൊല്ലപ്പെട്ടത്. മറ്റു ചിലർ കാലിന് വെടിയേറ്റാണ് മരിച്ചത്. പൊലീസ് വാഹനങ്ങൾ ഇടിച്ച് മരണപ്പെട്ട പ്രതികളുമുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് വാഹനമിടിച്ചത്' അഫിഡവിറ്റിൽ അസം സർക്കാർ അഡ്വക്കറ്റ് ജനറൽ ദേവ്ജിത്ത് സൈകിയ
ഗുവാഹത്തി: 2021 മേയ് മുതൽ അസം പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് 51 പേരും പരിക്കേറ്റത് 139 പേരും. ഗുവാഹത്തി ഹൈക്കോടതിയിൽ അസം സർക്കാറാണ് ഇക്കാര്യം അറിയിച്ചത്. ഏറ്റുമുട്ടലുകൾ വ്യാജമാകാമെന്നും അവ അന്വേഷിക്കണന്നെും ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹരജി പരിശോധിക്കവേയാണ് സർക്കാർ മറുപടി നൽകിയത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റും അഭിഭാഷകനുമായ ആരിഫ് ജ്വാഡ്ഡർ നൽകിയ പൊതു താൽപര്യ ഹരജിയിൽ ആഭ്യന്തര മന്ത്രാലയം അഫിഡവിറ്റ് സമർപ്പിക്കുകയായിരുന്നു.
'ചിലർ കസ്റ്റഡിയിൽ വെച്ച് കൊല്ലപ്പെടുകയായിരുന്നു. പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ഇവർ കൊല്ലപ്പെട്ടത്. മറ്റു ചിലർ കാലിന് വെടിയേറ്റാണ് മരിച്ചത്. പൊലീസ് വാഹനങ്ങൾ ഇടിച്ച് മരണപ്പെട്ട പ്രതികളുമുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് പോകുമ്പോഴാണ് വാഹനമിടിച്ചത്' അസം സർക്കാർ അഡ്വക്കറ്റ് ജനറൽ ദേവ്ജിത്ത് സൈകിയ നൽകിയ അഫിഡവിറ്റിൽ പറഞ്ഞു.
വ്യാജ ഏറ്റുമുട്ടലുകളിൽ കേസെടുത്ത് സിബിഐയുടെയോ പ്രത്യേക സംഘത്തിന്റെയോ ഇതര സംസ്ഥാന പൊലീസിന്റെയോ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ നടത്താൻ പരാതിക്കാരനായ ജ്വാഡ്ഡർ കോടതിയോട് ആവശ്യപ്പെട്ടു. വ്യാജ ഏറ്റുമുട്ടലാണെന്ന് തെളിയുന്ന കേസുകളിൽ ഇരകളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ കേസുകളിലും നിയമത്തിന്റെയും തുല്യതയുടെയും ലംഘനമാണ് നടന്നിരിക്കുന്നതെന്നും പൊലീസുകാർക്ക് കൊല്ലാനുള്ള ലൈസൻസില്ലെന്നും ചൂണ്ടിക്കാട്ടി. കുറ്റവാളികളെ നീതിന്യായ വ്യവസ്ഥക്ക് മുമ്പിൽ ഹാജരാക്കലാണ് അവരുടെ ഉത്തരവാദിത്തമെന്നും കൊന്നൊടുക്കലല്ലെന്നും ഹരജിയിൽ പറഞ്ഞു.
ദേശീയ മനുഷ്യാവകാശ കമ്മീഷനിലും ജ്വാഡ്ഡർ പരാതി നൽകിയിട്ടുണ്ട്. കമ്മീഷൻ അസം പൊലീസിൽനിന്ന് ആക്ഷൻ ടൈക്കൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
''ഏറ്റുമുട്ടലിന്റെ സമയത്ത് ഇരകൾ നിരായുധരും വിലങ്ങ് ധരിപ്പിക്കപ്പെട്ടവരുമായിരുന്നു. കൊല്ലപ്പെട്ടവരും പരിക്കേറ്റവരും അതിഭയങ്കര കുറ്റവാളികളായിരുന്നില്ല'' ജ്വാഡ്ഡർ ആരോപിച്ചു.
അസമിലെ ബിജെപി സർക്കാറിന്റെ ഏറ്റുമുട്ടൽ കൊലകൾക്കെതിരെയും പരിക്കേൽപ്പിക്കലിനെതിരെയും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ വർഷം മേയ് പത്തിന് അധികാരമേറ്റ ഹിമന്ത ബിശ്വ ശർമ തീവ്രവാദികൾ, മയക്കുമരുന്ന് വിതരണക്കാർ, കള്ളക്കടത്തുകാർ, കൊലപാതകികൾ, കാലിക്കടത്തുകാർ, ബലാത്സംഗക്കേസ് പ്രതികൾ, സ്ത്രീ പീഡകർ എന്നിവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
51 people killed and 139 injured in clashes between Assam police since May 202151 people killed and 139 injured in clashes between Assam police since May 2021