ഒമ്പത് മാസത്തിനിടെ പാക് തടങ്കലിൽ മരിച്ചത് ആറ് ഇന്ത്യക്കാർ
അടുത്ത കാലത്തായി മത്സ്യത്തൊഴിലാളികളുടെ മരണസംഖ്യയിൽ വർധനവുണ്ട്. ഇത്തരം സംഭവങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും പ്രശ്നം ഇസ്ലാമാബാദ് ഹൈ കമ്മീഷനു മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം.
ന്യൂഡൽഹി: കഴിഞ്ഞ ഒമ്പത് മാസത്തിനിടെ അഞ്ച് മത്സ്യത്തൊഴിലാളികളുൾപ്പെടെ ആറ് ഇന്ത്യൻ തടവുകാർ പാകിസ്താൻ കസ്റ്റഡിയിൽ മരിച്ചതായി വിദേശകാര്യ മന്ത്രാലയം. കസ്റ്റഡിയിൽ മരണപ്പെട്ട തൊഴിലാളികൾ ശിക്ഷ പൂർത്തിയാക്കിയവരാണെന്നും അവരെ നിയമവിരുദ്ധമായി തടങ്കലിലാക്കിയതാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
അടുത്ത കാലത്തായി മത്സ്യത്തൊഴിലാളികളുടെ മരണസംഖ്യയിൽ വർധനവുണ്ട്. ഇത്തരം സംഭവങ്ങൾ ഭയപ്പെടുത്തുന്നതാണെന്നും പ്രശ്നം ഇസ്ലാമാബാദ് ഹൈ കമ്മീഷനു മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേർത്തു. ഇന്ത്യ പാക് സമുദ്രാതിർത്തിയിൽ വെച്ച് ആറ് മത്സ്യത്തൊഴിലാളികളെ രക്ഷിച്ചുവെന്ന പാക് അധികൃതരുടെ അവകാശവാദത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്റെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ച കടലിലകപ്പെട്ട ആറ് മത്സ്യത്തൊഴിലാളികളെ പാക് സെക്യൂരിറ്റി ഏജൻസിയുടെ കപ്പൽ പട്രോളിംഗ് നടത്തുന്നതിനിടെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡിന് കൈമാറിയിരുന്നു.
ജനുവരിയിൽ 50 വയസ്സുകാരനായ ജയന്തി സൊളാങ്കി പാക് തടവിൽ മരിച്ചിരുന്നു. മത്സ്യത്തൊഴിലാളിയായ ഇദ്ദേഹത്തെ പാക് അധികൃതർ കടലിൽ വെച്ച് പിടികൂടുകയായിരുന്നു. ജൂലൈയിൽ സമാനമായ സാഹചര്യത്തിൽ പിടിയിലായ കാലു ഷിയാൽ എന്ന 38-കാരനും പാക് തടവിൽ മരിച്ചു. ഇദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് വാഗാ അതിർത്തിയിൽവെച്ച് ഇന്ത്യക്ക് കൈമാറി.