തെലങ്കാനയില്‍ 63.94 ശതമാനം പോളിങ്; കഴിഞ്ഞ തവണത്തേക്കാള്‍ 10 ശതമാനത്തോളം കുറവ്
ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ പോളിങ് നടന്നപ്പോള്‍ നഗരപ്രദേശങ്ങളാണ് പ്രതീക്ഷ തെറ്റിച്ചത്
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 63.94 ശതമാനം പോളിങ്. ബി ആർ എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടന്ന തെലങ്കാനയില്‍ കഴിഞ്ഞ തവണത്തെക്കാള്‍ 10 ശതമാനത്തോളം പോളിങ് കുറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ ശക്തമായ പോളിങ് നടന്നപ്പോള്‍ നഗരപ്രദേശങ്ങളാണ് പ്രതീക്ഷ തെറ്റിച്ചത്. സിനിമാതാരങ്ങളടക്കം പ്രമുഖർ സമ്മതിദാനാവകാശം രേഖപ്പെടുത്തി.
തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന് ശേഷം നടന്ന ഏറ്റവും വാശിയേറിയ പ്രചാരണത്തിനൊടുവില്‍ നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പൂർത്തിയായി. രാവിലെ 7 മണി മുതല്‍ തുടങ്ങിയ പോളിങ് പൊതുവെ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു, മകനും മന്ത്രിയുമായ കെ ടി രാമറാവു, മകള്‍ കവിത എന്നിവർ രാവിലെ തന്നെ വോട്ടിങ് രേഖപ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത റെഡ്ഡി, മുഹമ്മ്ദ അസ്ഹറുദ്ദീന്‍ തുടങ്ങിയ നേതാക്കളും എം.ഐ.എം ചെയർമാന്‍ അസദുദ്ദീന്‍ ഉവൈസി, ബി.ജെ. പി അധ്യക്ഷന്‍ കിഷന്‍കുമാർ റെഡ്ഡി തുടങ്ങിയവരും രാവിലെ തന്നെ പോളിങ് സ്റ്റേഷനിലെത്തി. സിനിമാ താരങ്ങളായ അല്ലു അർജുന്‍, ജൂനിയർ എന്‍ ടി ആർ, വിജയ ദേവരകൊണ്ട്, ചിരഞ്ജീവി വെങ്കിടേഷ് എന്നിവർ ജൂബിലി ഹില്‍സ് ഉള്‍പ്പെടെ നഗര മണ്ഡലങ്ങളില്‍ വോട്ടങ് രേഖപ്പെടുത്തി. തലസ്ഥാനമായ ഹൈദരാബാദ് ജില്ലയിലെ നിയോജക മണ്ലങ്ങളിലാണ് ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയത്. ചന്ദ്രയാന്‍ഗുട്ട, ചാർമിനാർ, മുഷീറാബാദ്, നാമ്പള്ളി തുടങ്ങി മണ്ഡലങ്ങളില്‍ 40 ശതമാാനത്തില്‍ താഴെയാണ് പോളിങ് നടന്നത്.
അതേസമയം, ഗ്രാമപ്രദേശങ്ങളില്‍ ജനങ്ങള്‍ വലിയ തോതില്‍ പോളിങ് സ്റ്റേഷനിലെത്തി. ആദിലാബാദ്, ഖമ്മം, മെഹ്ബൂബാബാദ്, മേധക് ജില്ലകളില്‍ 70 ശതമാനത്തിന് മുകളില്‍ വോട്ടിങ് രേഖപ്പെടുത്തി. 119 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 2290 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. ഗ്രാമപ്രദേശങ്ങളിലെ പോളിങ് ശതമാനത്തിലെ വർധനവ് ഭരണവിരുദ്ധ വികാരമുണ്ടായതിന്റെ തെളിവാണന്ന് കോണ്‍ഗ്രസ് വാദിക്കുന്നു. തങ്ങളുടെ ശക്തികേന്ദ്രങ്ങളില്‍ ഇളക്കം തട്ടിയിട്ടില്ലെന്നാണ് ബി.ആർ.എസിന്റെ അവകാശ വാദം. ആരുടെ അവകാശവാദമാണ് ശരിയാവുന്നതെന്നറിയാന്‍ വോട്ടെണ്ണല്‍ ദിനമായ ഡിസംബർ മൂന്നു വരെ കാത്തിരിക്കാം.