ഓൺലൈൻ ഓഹരി വിപണി തട്ടിപ്പ്; 70 കാരിയുടെ 2.84 കോടി രൂപ നഷ്ടമായി
ട്രേഡിങ്ങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടത്തിയത്
പൂനെ: ഓഹരി വിപണി തട്ടിപ്പിനിരയായ 70 കാരിയുടെ 2.8 കോടി രൂപ നഷ്ടമായി.പുനെ സ്വദേശിനിയായ വയോധികയെ ഓൺലൈൻ ട്രേഡിങ്ങിലൂടെ 19 കോടി രൂപ ലാഭമുണ്ടാക്കിയെന്ന് കാണിച്ചാണ് തട്ടിപ്പ് സംഘം കോടികൾ തട്ടിയത്.
മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനിടയിലാണ് സ്റ്റോക്ക് ട്രേഡിംഗ് ആപ്ലിക്കേഷൻ്റെ പരസ്യത്തിൽ വയോധിക വീഴുന്നത്.'ക്ലിക്ക് ടു ജോയിൻ' ബട്ടണിൽ അമർത്തിയ വയോധികയെ സഹായിക്കാൻ മെലിസ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി ബന്ധപ്പെട്ടു. സ്റ്റോക്ക് ട്രേഡിംഗ് ടിപ്പുകൾ ഷെയർ ചെയ്യാമെന്ന് പറഞ്ഞ് വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ അവരെ ചേർത്തു. ബാങ്കിങ് ഇടപാടുകളുടെതടക്കം സ്വകാര്യവിവരങ്ങൾ വയോധികയിൽ നിന്ന് ശേഖരിച്ച തട്ടിപ്പ് സംഘം ട്രേഡിംഗ് ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും നൽകി.
ഇതിന് പിന്നാലെ വിവിധ സ്ഥാപനങ്ങളുടെ ഷെയറുകൾ വാങ്ങാനും വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപം നടത്താനും വൃദ്ധയോട് ആവശ്യപ്പെട്ടു. തുടർന്ന് ട്രേഡിംഗ് ആപ്ലിക്കേഷനിലെ അക്കൗണ്ടിൽ പണം നിക്ഷേപിച്ച അവർക്ക് അഞ്ച് മുതൽ ആറ് ഇരട്ടി വരെ ലാഭം ലഭിച്ചതായി ആപ്പിൽ രേഖപ്പെടുത്തി. ലാഭവിഹിതം കണ്ട് വയോധിക നിക്ഷേപം വർദ്ധിപ്പിച്ചു.ഇത്തരത്തിൽ 50,000 മുതൽ 72 ലക്ഷം രൂപ വരെ കുറഞ്ഞ ദിവസത്തിനുള്ളിൽ അവർ നിക്ഷേപിച്ചു.
40 ദിവസത്തിനുള്ളിൽ 16 ഇടപാടുകളിലൂടെ 2.84 കോടി രൂപയാണ് നിക്ഷേപിച്ചതെന്ന് പരാതിയിൽ പറയുന്നു. ഇതുവഴി നിക്ഷേപം 19.13 കോടി രൂപയായി ഉയർന്നുവെന്നും ആപ്പിൽ കാണിച്ചു.ലാഭവിഹിതം കുമിഞ്ഞുകൂടിയതോടെ പണം പിൻവലിക്കാൻ വയോധിക ആഗ്രഹം പ്രകടിപ്പിച്ചു. സർവീസ് ചാർജായി പത്ത് ശതമാനം അതായത് 1.91 കോടി രൂപ നൽകണമെന്ന് ആപ്പിന്റെ സഹായിയായ മെലിസ ആവശ്യപ്പെട്ടു. ആ തുക തൻ്റെ ലാഭത്തിൽ നിന്ന് കുറക്കണമെന്ന് വയോധിക ആവശ്യപ്പെട്ടെങ്കിലും ആ പണം മുൻകൂറായി നൽകണമെന്ന് മെലിസ ആവശ്യപ്പെട്ടു.
ഇതിനിടയിലാണ് ഷെയർ ട്രേഡിംഗ് തട്ടിപ്പുകളെക്കുറിച്ചുള്ള വാർത്തകൾ വയോധികയുടെ ശ്രദ്ധയിൽപെട്ടത്.തുടർന്ന് അവർ സൈബർ ക്രൈം സെല്ലിനെ സമീപിച്ചതോടെയാണ് തട്ടിപ്പിനെ കുറിച്ച് കൂടുതൽ വ്യക്മമാകുന്നത്. ഷെയർ ട്രേഡിംഗിലെ നൂതന പാഠങ്ങളും ടിപ്സുകളും പഠിപ്പിക്കാമെന്ന് പറഞ്ഞ് വൻ തട്ടിപ്പാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് നടക്കുന്നതെന്ന്പൊലീസ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ മാത്രം 110 പേരുടെ 18 കോടി രൂപ നഷ്ടമായതായി അന്വേഷണ സംഘം കണ്ടെത്തി.