ശ്രീലങ്കയിൽ നിന്ന് കടലിലൂടെ നീന്തി ഇന്ത്യയിലേക്ക്; മത്സരത്തിനിടെ 78കാരൻ മരിച്ചു
ശ്രീലങ്കയിൽ നിന്ന് പാക്ക് കടലിടുക്കിലൂടെ ഇന്ത്യയിലേക്കായിരുന്നു റിലേ നീന്തൽ പരിപാടി
ചെന്നൈ: നീന്തൽ മത്സരങ്ങൾ പല രീതിയിൽ കണ്ടിട്ടുണ്ടാകും നാം. സ്വിമ്മിങ് പൂളിൽ തുടങ്ങി റെക്കോർഡ് ഇടാൻ കായൽ നീന്തി കടക്കുന്ന വാർത്തകളിലൂടെ വരെ കടന്നുപോയിട്ടുണ്ടാകും. എന്നാൽ, ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു അതിസാഹസിക മത്സരം, അതും കടലിലൂടെ. ഈ മത്സരത്തിനിടെ ഒരാൾക്ക് തന്റെ ജീവൻ നഷ്ടമായിരിക്കുകയാണ്.
ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തെ ധനുഷ്‌കോടി ദ്വീപിലേക്കായിരുന്നു നീന്തൽ മത്സരം. ഇതിനിടെ ഹൃദയാഘാതം മൂലം കർണാടകയിലെ ബംഗളൂരു സ്വദേശി ഗോപാൽ റാവു എന്ന 78കാരൻ മരിച്ചു.
ശ്രീലങ്കയിൽ നിന്ന് പാക്ക് കടലിടുക്കിലൂടെ ഇന്ത്യയിലേക്കായിരുന്നു റിലേ നീന്തൽ പരിപാടി. 31 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. നീന്തൽക്കാർ ഏപ്രിൽ 22ന് രാമേശ്വരത്ത് നിന്ന് ബോട്ടിൽ പുറപ്പെട്ട് ശ്രീലങ്കയിലേക്ക് പോയിരുന്നു. ഇന്ന് പുലർച്ചെ 12.10ന് ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് ധനുഷ്കോടിയിലേക്ക് നീന്താൻ തുടങ്ങി.
ബെംഗളൂരുവിൽ നിന്നുള്ള ഗോപാൽ റാവു തുടർച്ചയായി മത്സരത്തിൽ പങ്കെടുക്കുകയും മൂന്നാം സ്ഥാനം നിലനിർത്തുകയും ചെയ്തിരുന്നു. ലക്ഷ്യത്തിലേക്ക് അടുക്കുന്നതിനിടെ തനിക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാകുന്നന്തായി നീന്തൽക്കാരെ അനുഗമിക്കുന്ന ബോട്ടിലുള്ളവരെ അറിയിച്ചു.
തുടർന്ന് റാവുവിനെ ബോട്ടിലേക്ക് കയറ്റി ഡോക്ടർ പരിശോധിച്ചെങ്കിലും ഇദ്ദേഹം മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മറ്റ് നീന്തൽ താരങ്ങൾ പരിപാടി റദ്ദാക്കി ബോട്ടിൽ ധനുഷ്കോടി ദ്വീപിലെത്തി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി രാമേശ്വരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ രാമേശ്വരം ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
എന്നാൽ, ഇന്ത്യൻ, ശ്രീലങ്കൻ സർക്കാരുകളുടെ എല്ലാ അനുമതികളോടും കൂടിയാണ് മത്സരം സംഘടിപ്പിക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന വിവരം. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.