ഇൻഡിഗോ ക്യാബിൻ ക്യൂ അംഗത്തിനെതിരെ ലൈംഗികാതിക്രമം: മുംബൈയിൽ സ്വീഡിഷ് പൗരൻ അറസ്റ്റിൽ
വിമാനങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിന് കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റ്റിലായ എട്ടാമത്തെയാളാണ് വെസ്റ്റ്‌ബെർഗ്
മുംബൈ:ഇൻഡിഗോ ക്യാബിൻ ക്യൂ അംഗത്തിനെതിരെ ലൈംഗികാതിക്രമം നടത്തിയ സ്വീഡിഷ് പൗരൻ മുംബൈയിൽ അറസ്റ്റിൽ. ക്ലാസ് എറിക് ഹരാൾഡ് ജോനസ് വെസ്റ്റ്‌ബെർഗ(63)ാണ് അറസ്റ്റിലായത്. ബാങ്കോംഗിൽനിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ 6ഇ- 1052 വിമാനത്തിലാണ് സംഭവം നടന്നത്. നാലു മണിക്കൂർ നീണ്ട യാത്രയുടെ തുടക്കം മുതൽ ഇയാൾ 24കാരിയായ ക്യാബിൻ ക്രൂ അംഗത്തെ ശല്യം ചെയ്യുകയായിരുന്നു. ഭക്ഷണം വിതരണം ചെയ്യുമ്പോൾ തുടങ്ങിയ ശല്യപ്പെടുത്തൽ വിമാനം ലാൻഡ് ചെയ്യുന്നത് വരെ തുടർന്നു. ഇതിനിടെ ക്രൂ അംഗം ക്യാപ്റ്റനെ വിവരം അറിയിച്ചു. തുടർന്ന് വെസ്റ്റ് ബെർഗിന് റെഡ് വാണിംഗ് നൽകുകയും ചെയ്തു. ഒടുവിൽ 6.30ന് മുംബൈ വിമാനത്താവളത്തിൽ വിമാനമിറങ്ങിയതോടെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. 20,000 രൂപ കെട്ടിവെച്ച് ഇയാൾക്ക് അന്തേരി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നൽകിയിട്ടുണ്ട്. ക്യാബിൻ ക്രൂ അംഗങ്ങളെ സാക്ഷിയാക്കി സഹർ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.
സംഭവത്തെ കുറിച്ച് ക്യാബിൻ ക്രൂ അംഗം പറയുന്നതിങ്ങനെ: 'വിമാനത്തിൽ മത്സ്യവിഭവങ്ങളില്ലെന്ന് മദ്യപിച്ചിരുന്ന വെസ്റ്റ്‌ബെർഗിനെ അറിയച്ചത് മുതലാണ് പ്രശ്‌നം തുടങ്ങിയത്. തുടർന്ന് അദ്ദേഹത്തിന് ഞാൻ കോഴിയിറച്ചിയടങ്ങിയ ഭക്ഷണം നൽകി. തുടർന്ന് എ.ടി.എം കാർഡ് വാങ്ങി സൈ്വപ് ചെയ്യുന്നതിനിടെ അയാളെന്റെ കയ്യിൽ കയറി പിടിച്ചു. ഞാൻ കൈ വലിച്ചു. അയാളോട് പിൻ നമ്പർ അടിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അയാൾ യാത്രക്കാരുടെ മുമ്പിൽ വെച്ച് എന്നോട് ലൈംഗികാതിക്രമം നടത്തി. ഞാൻ ബഹളം വെച്ചപ്പോൾ അയാൾ സീറ്റിലേക്ക് മടങ്ങി'.
തുടർന്നും ഇയാൾ അസഭ്യം പറഞ്ഞതായും മറ്റൊരു യാത്രക്കാരനെ അപമാനിച്ചതായും കുറ്റപത്രത്തിൽ പറഞ്ഞു. എന്നാൽ വെസ്റ്റ് ബെർഗിന് ഒന്നും തനിച്ച് പിടിക്കാനാകുന്നില്ലെന്നും നിരവധി പ്രശ്‌നങ്ങളുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷൻ പ്രഭാകർ തൃപാതി പറഞ്ഞത്.
വിമാനങ്ങളിൽ പ്രശ്‌നങ്ങളുണ്ടാക്കിയതിന് കഴിഞ്ഞ മൂന്നു മാസത്തിനിടെ അറസ്റ്റിലായ എട്ടാമത്തെയാളാണ് വെസ്റ്റ്‌ബെർഗ്. 2022ൽ ആറു പേരാണ് അറസ്റ്റിലായത്. 2017-2023 കാലയളവിൽ അഞ്ച് ലൈംഗികാതിക്രമക്കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്.
Swedish national arrested in Mumbai for sexually assaulting Indigo cabin crew member