'10 ഡൽഹി കൗൺസിലർമാരെ വാങ്ങാൻ 100 കോടി വാഗ്ദാനം ചെയ്തു'; ബി.ജെ.പിക്കെതിരെ ആംആദ്മി
എഎപി 'ഓപ്പറേഷൻ ഝാഡു' നടത്തുന്നതായും തങ്ങളുടെ കൗൺസിലർമാരെ തേടി ഡൽഹിയിൽ അലയുകയാണെന്നും ബിജെപി
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിലെ തങ്ങളുടെ കൗൺസിലർമാരെ ബിജെപി വൻതുക വാഗ്ദാനം ചെയ്ത് വശത്താക്കാൻ ശ്രമിക്കുന്നതായി ആംആദ്മി പാർട്ടി.15 വർഷം ബിജെപി ഭരിച്ച കോർപ്പറേഷനിൽ ഈയടുത്ത് നടന്ന തെരഞ്ഞെടുപ്പിൽ എഎപി വൻവിജയം നേടിയിരുന്നു. ഇതിനെ തുടർന്ന് തങ്ങളുടെ അംഗങ്ങളെ വശത്താക്കാൻ എഎപിയേക്കാൾ 30 സീറ്റുകൾ കുറവുള്ള ബിജെപി വൃത്തികെട്ട കളി കളിക്കുന്നതായാണ് ആംആദ്മി നേതാക്കൾ ആരോപിക്കുന്നത്. മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിനൊപ്പം എഎപി കൗൺസിലർമാരായ ഡോ. രോനാക്ഷി ശർമ, അരുൺ നവാരിയ, ജ്യോതി റാണി എന്നിവരാണ് വാർത്താസമ്മേളനത്തിൽ ആരോപണമുന്നയിച്ചത്.
യോഗേന്ദ്ര ചണ്ഡോലിയയെന്നയാൾ തന്നെ വിളിച്ചതായും ബിജെപി സംസ്ഥാന പ്രസിഡൻറ് ആദേശ് ഗുപ്ത സംസാരിക്കാൻ ആഗ്രഹിക്കുന്നതായും എം.സി.ഡി കൗൺസിലർമാരെ വാങ്ങാൻ നൂറു കോടിയുടെ ബജറ്റുണ്ടെന്ന് ഗുപ്തയും ബിജെപി പ്രവർത്തകരും പറഞ്ഞതായും രോനാക്ഷി ശർമ ആരോപിച്ചു.
'ഈ നൂറു കോടി 10 കൗൺസിലർമാരെ വാങ്ങാൻ വേണ്ടി മാത്രമാണ്. ഭാരതീയ ഖോഖ പാർട്ടി (കുതിരക്കച്ചവടത്തിന്റെ പേരിൽ എഎപി വിളിക്കുന്ന പേര്) ഓരോ കൗൺസിലർമാർക്കും പത്ത് കോടിയുടെ ബജറ്റുണ്ട്' അയാൾ പറഞ്ഞതായി രോനാക്ഷി വ്യക്തമാക്കി.
തന്നെ പിന്തുണക്കുന്നവരെ വീടുകളിലെത്തി വരെ അവർ ബുദ്ധിമുട്ടിക്കുന്നതായും സത്യപ്രതിജ്ഞക്ക് മുമ്പ് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അരുൺ നവാരിയ പറഞ്ഞു.
കോർപ്പറേഷനിൽ ക്രോസ്‌വോട്ട് ചെയ്യാനായി 50 ലക്ഷം രൂപ തനിക്ക് ചിലർ റോഡിൽ വെച്ച് വാഗ്ദാനം ചെയ്തതായി ജ്യോതിറാണിയുടെ ഭർത്താവ് പറഞ്ഞു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞപ്പോൾ ആർക്കും അറിയാതെ ക്രോസ് വോട്ട് ചെയ്യാനാകുമെന്ന് അയാൾ പറഞ്ഞതായും ആരോപിച്ചു. എന്നാൽ എഎപി കൗൺസിലർമാർ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉറച്ചുനിൽക്കുമെന്ന് സഞ്ജയ് സിംഗ് പറഞ്ഞു.
എന്നാൽ തങ്ങളുടെ കൗൺസിലർമാരെ എഎപി വശീകരിക്കാൻ ശ്രമിക്കുന്നതായാണ് ബിജെപി ആരോപിക്കുന്നത്. അവർ 'ഓപ്പറേഷൻ ഝാഡു'- ചൂൽ- നടത്തുന്നതായും കൗൺസിലർമാരെ തേടി ഡൽഹിയിൽ അലയുകയാണെന്നും ബിജെപി പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ 15 വർഷത്തെ ബിജെപി ആധിപത്യത്തിന് വിരാമം കുറിച്ച് 134 സീറ്റുമായി ആംആദ്മി പാർട്ടി ഭരണം പിടിക്കുകയായിരുന്നു. 250 ൽ ഒമ്പത് സീറ്റ് മാത്രമാണ് കോൺഗ്രസിന് നേടാനായത്. മുൻ ഭരണകക്ഷിയായ ബിജെപി 104 സീറ്റുകൾ നേടി. മൂന്നു സ്വതന്ത്ര സ്ഥാനാർഥികളും വിജയിച്ചു. 2012ൽ മൂന്നായി വിഭജിച്ചിരുന്ന മുൻസിപ്പൽ കോർപ്പറേഷനെ ഒന്നാക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നോർത്ത്, സൗത്ത്, ഈസ്റ്റ് എന്നിങ്ങനെയായുള്ള കോർപ്പറേഷനുകളെ മുൻസിപ്പൽ കോർപ്പറേഷൻ ഓഫ് ഡൽഹി എന്ന പേരിൽ മേയ് 22ന് ഒന്നിപ്പിക്കുകയായിരുന്നു കേന്ദ്രസർക്കാർ. പക്ഷേ അഭിമാന പോരാട്ടമായി കണ്ട് ഡൽഹി സംസ്ഥാനം ഭരിക്കുന്ന എഎപി ഇറങ്ങിയതോടെ വിജയം അവർക്കൊപ്പം നിന്നു.
784 സ്ഥാനാർഥികൾക്ക് കെട്ടിവെച്ച പണം നഷ്ടമായിരുന്നു. മതിയായ വോട്ടുവിഹിതം ലഭിക്കാത്ത ഇവർക്ക് തുക നഷ്ടമായെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. 370 സ്വതന്ത്ര സ്ഥാനാർഥികൾ, 188 കോൺഗ്രസ് സ്ഥാനാർഥികൾ, 128 ബിഎസ്പി സ്ഥാനാർഥികൾ, 13 എഐഎംഐഎം സ്ഥാനാർഥികൾ, മൂന്ന് എഎപി സ്ഥാനാർഥികൾ, 10 ബിജെപി സ്ഥാനാർഥികൾ എന്നിവർക്കാണ് തുക നഷ്ടമായത്. ഡിസംബർ നാലിന് നടന്ന തെരഞ്ഞെടുപ്പിൽ 1349 സ്ഥാനാർഥികളാണ് വിവിധ പാർട്ടികൾക്കായി മത്സരിച്ചത്. 2017ൽ 270 വാർഡുകളിൽ 180 എണ്ണത്തിലും ബിജെപി വിജയിച്ചിരുന്നു. 1958നാണ് ഡൽഹി കോർപ്പറേഷൻ സ്ഥാപിക്കപ്പെട്ടത്.
Aam Aadmi Party alleged BJP trying to buy councilors in Delhi Municipal Corporation by offering huge sums of money