ലോക്സഭ തെരഞ്ഞെടുപ്പ്: നാലിടത്ത് ആംആദ്മി, മൂന്നിടത്ത് കോൺഗ്രസ്, ഡൽഹിയിൽ സീറ്റ് ധാരണയെന്ന് റിപ്പോർട്ട്
ഇരുപാർട്ടികളുടെയും നേതാക്കളുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരുമെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായി ഡൽഹിയിലെ ലോക്‌സഭാ സീറ്റുകൾ വിഭജിക്കുന്നതിൽ കോൺഗ്രസും ആംആദ്മിയും അന്തിമ ധാരണയിലേക്കെത്തുന്നുവെന്ന് റിപ്പോർട്ട്. ഇരു പാർട്ടികളും തമ്മിൽ സീറ്റുവിഭജനത്തിൽ ധാരണയായതായി കോൺഗ്രസ്- ആം ആദ്മിയിലെ നേതാക്കൾ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ഏഴ് സീറ്റുകളിൽ നാലിടത്ത് ആംആദ്മിയും മൂന്നിടത്ത് കോൺഗ്രസും മത്സരിക്കാൻ ധാരണയായെന്നാണ് റിപ്പോർട്ടുകൾ.
ഡൽഹിക്ക് പുറമെ നോർത്ത് വെസ്റ്റ്, വെസ്റ്റ്,സൗത്ത് ഡൽഹി സീറ്റുകളിൽ എഎപിയാകും സ്ഥാനാർത്ഥികളെ നിർത്തുകയെന്നും കോൺഗ്രസ് ഈസ്റ്റ്, നോർത്ത് ഈസ്റ്റ് ഡൽഹി, ചാന്ദ്നി ചൗക്ക് എന്നിവിടങ്ങളിലും മത്സരിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2019 ലെ ലോക് സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയാണ് ഏഴ് സീറ്റുകളിലും ജയിച്ചത്. ചണ്ഡിഗഡ് മേയർ തിരഞ്ഞെടുപ്പിൽ സുപ്രീം കോടതി ഇടപെടലിലൂടെ വിജയം സ്വന്തമാക്കിയ ഇൻഡ്യാ ബ്ലോക്ക് മറ്റിടങ്ങളിലെ സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും വേഗത്തിലാക്കുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഉത്തർപ്രദേശിലെ 80 സീറ്റുകൾക്കായി സമാജ്‌വാദി പാർട്ടിയുമായി കരാറിൽ ഏർപ്പെട്ടതിന് പിന്നാലെ ഇൻഡ്യ മുന്നണിയിൽ നടക്കുന്ന ശ്രദ്ധേയമായ സീറ്റ് വിഭജനമാണിത്. ഇന്ന് വൈകുന്നേരം കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ ഡൽഹിയിലെ വസതിയിൽ ഇരുപാർട്ടികളുടെയും നേതാക്കളുടെ നേതൃത്വത്തിൽ സംയുക്ത യോഗം ചേരുമെന്നാണ് റിപ്പോർട്ട്.