'പിതാവ് ജയിലിൽ മരണത്തിന്റെ വക്കിലാണ്; ചികിത്സ ലഭിക്കുന്നില്ല'- അസം ഖാന്റെ മകൻ

പിതാവിനൊപ്പം ജയിലിലായിരുന്ന അബ്ദുല്ല അസം ശനിയാഴ്ച വൈകീട്ടാണ് മോചിതനായത്. 31 കാരനായ അബ്ദുല്ല 43 കേസുകളിൽ പ്രതിയാണ്.

Update: 2022-01-18 13:52 GMT
Advertising

സമാജ്‌വാദി പാർട്ടി നേതാവും മുൻ എം.പിയുമായ അസംഖാൻ ജയിലിൽ അതീവ ഗുരുതരാവസ്ഥയിലെന്ന് മകൻ അബ്ദുല്ല അസം. പിതാവിന്റെ ആരോഗ്യനില മോശമായിട്ടും അദ്ദേഹത്തിന് ആവശ്യമായ ചികിത്സ നൽകാൻ യു.പി സർക്കാർ തയ്യാറാവുന്നില്ലെന്നും അദ്ദേഹം എൻ.ഡി.ടി.വിയോട് പറഞ്ഞു.

കോവിഡ് ബാധിതനായി ഒമ്പത് ദിവസം കഴിഞ്ഞാണ് പിതാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹം മരണത്തിന്റെ വക്കിലാണ്. ഒമ്പതു തവണ എം.എൽ.എയും രണ്ടു തവണ എം.പിയുമായ ആളാണ് തന്റെ പിതാവ്. അദ്ദേഹത്തിന്റെ സി ക്ലാസ് ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്-അബ്ദുല്ല അസം പറഞ്ഞു.

പിതാവിനൊപ്പം ജയിലിലായിരുന്ന അബ്ദുല്ല അസം ശനിയാഴ്ച വൈകീട്ടാണ് മോചിതനായത്. 31 കാരനായ അബ്ദുല്ല 43 കേസുകളിൽ പ്രതിയാണ്.

''കാളമോഷണം, ആട് മോഷണം, കോഴി മോഷണം, പുസ്തക മോഷണം തുടങ്ങിയ കേസുകളാണ് ഞങ്ങൾക്കെതിരെ എടുത്തിരിക്കുന്നത്. വിഷയം കോടതിയിലായതിനാൽ കൂടുതൽ പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ല. രണ്ട് വർഷമായി ഞാൻ ജയിലിലായിരുന്നു. തന്റെ മാതാവ് 10 മാസം ജയിലിൽ കഴിഞ്ഞു. രണ്ട് വർഷമായി തന്റെ പിതാവും ജയിലിലാണ്. വ്യാജരേഖകൾ നിർമിച്ചതിനാണ് തനിക്കെതിരെ കേസെടുത്തത്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ''-അബ്ദുല്ല പറഞ്ഞു.

അടുത്ത മാസം നടക്കാനിരിക്കുന്ന യു.പി നിയമസഭാ തെരഞ്ഞെടുപ്പിൽ അബ്ദുല്ല മത്സരിക്കുമെന്നാണ് സൂചന. അഖിലേഷ് യാദവിനുള്ള പിന്തുണ അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. ഞങ്ങൾ അഖിലേഷ് യാദവിനൊപ്പമാണ്. പാർട്ടി എവിടെ മത്സരിക്കാൻ ആവശ്യപ്പെട്ടാലും ഞാൻ മത്സരിക്കുമെന്നും അബ്ദുല്ല പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News