അടാല പള്ളിയിൽ ദേവിയുടെ പ്രതിഷ്‌ഠ; മാർച്ച് രണ്ടിന് വാദം കേൾക്കുമെന്ന് യുപി കോടതി

സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് അടാല പള്ളിയിൽ സർവേ നടത്താൻ യുപി കോടതി അനുവദിക്കാതിരുന്നത്.

Update: 2024-12-18 05:25 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ഉത്തർപ്രദേശിലെ ജൗൻപൂരിലെ അടാലാ മസ്‌ജിദിൽ സർവേ നടത്തുന്നത് സംബന്ധിച്ച കേസ് അടുത്ത വർഷത്തേക്ക് മാറ്റി. 2025 മാർച്ച് 2ന് ഇത് സംബന്ധിച്ച വാദം കേൾക്കുമെന്ന് ജൗൻപൂർ ജില്ലാ കോടതി സിവിൽ ജഡ്‌ജി അറിയിച്ചു. സുപ്രിംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. മതസ്ഥലങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് എല്ലാ കോടതികളെയും തടയുന്ന സുപ്രിം കോടതിയുടെ Places of Worship (Special Provisions) Act പ്രകാരമാണ് നടപടിയെന്ന് ജില്ലാതല സർക്കാർ അഭിഭാഷകൻ സതീഷ് ചന്ദ്ര പാണ്ടേ പറഞ്ഞു. ഉത്തരവ് പ്രകാരം ആരാധന നിയമത്തിനെതിരെ വരുന്ന ഹരജികളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുന്നതിന് കീഴ്കോടതിയെ സുപ്രീംകോടതി വിലക്കിയിരുന്നു.

അടാലാ മസ്‌ജിദ് യഥാർത്ഥത്തിൽ 'അടല' ദേവിയുടെ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് സ്വരാജ് വാഹിനി അസോസിയേഷൻ എന്ന വലതുപക്ഷ സംഘടനയും പ്രദേശവാസിയായ സന്തോഷ് കുമാർ മിശ്രയും ചേർന്ന് 2024 മെയ് 17 ന് ജൗൻപൂർ കോടതിയിലാണ് കേസ് ഫയൽ ചെയ്‌തത്‌. 14ാം നൂറ്റാണ്ടിൽ നിർമിക്കപ്പെട്ട പള്ളി 'അടാല ദേവി മന്ദിർ' ആണെന്നും ഫിറോസ് തുഗ്ലക് അധികാരം പിടിച്ചതിന് ശേഷം ക്ഷേത്രം തകർത്ത് പള്ളി നിർമിക്കുകയായിരുന്നുവെന്നാണ് ഹരജിയിലെ ആരോപണം.

തർക്കഭൂമി വിട്ടുനൽകണമെന്നും അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയാൻ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന്, കേസ് ഡിസംബർ 16ന് പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരുന്നത്. എന്നാൽ, നടപടിക്രമങ്ങൾക്കിടെ, പ്രതിപക്ഷ അഭിഭാഷകൻ ഡിസംബർ 12-ലെ സുപ്രിംകോടതി ഉത്തരവിൻ്റെ (റിട്ട് സി 1246/2020, അശ്വിനി ഉപാധ്യായ vs. യൂണിയൻ ഓഫ് ഇന്ത്യ) പകർപ്പ് കോടതിയിൽ സമർപ്പിച്ചു. 

അതിനിർണായകമായ ഇടപെടലിൽ 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളിൽ അവകാശവാദമുന്നയിച്ചുള്ള പുതിയ കേസുകളൊന്നും കോടതികൾ സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രിംകോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കോടതി വിസമ്മതിക്കുകയായിരുന്നു. നിയമത്തിന്റെ സാധുത കോടതി പരിശോധിക്കും.

നിലവിലുള്ള കേസുകളുമായി ബന്ധപ്പെട്ട ഒരു നടപടിയും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുടരരുതെന്നും സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. പള്ളികൾക്കും ദർഗകൾക്കുമെതിരായ കേസുകളിൽ പുതുതായി സർവേ നടത്തുന്നതും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ സുപ്രിംകോടതി തടഞ്ഞിരിക്കുകയാണ്. എന്നാൽ, പള്ളികൾക്കും ദർഗകൾക്കും മേൽ അവകാശവാദമുന്നയിച്ച് ഹിന്ദുത്വവാദികൾ സമർപ്പിച്ച കേസുകളിൽ തുടർനടപടി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News