സംഭൽ ശാഹി മസ്ജിദിലെ കിണർ പിടിച്ചെടുത്ത്​ ജില്ലാ ഭരണകൂടം; വക്കീൽ നോട്ടീസയച്ച്​ മസ്​ജിദ്​​ കമ്മിറ്റി

സമീപത്തെ കിണറിൽനിന്ന് വിഗ്രഹങ്ങൾ ലഭിച്ചെന്ന് ​​പൊലീസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി

Update: 2024-12-18 05:47 GMT
Advertising

ലഖ്​നൗ: സംഭൽ ശാഹി മസ്ജിദിനെതിരെ പുതിയ നീക്കവുമായി ജില്ലാ ഭരണകൂടം. മസ്ജിദിലെ പുരാതന കിണർ പിടിച്ചെടുത്തു. മസ്ജിദിന്റെ കിഴക്കേ മതിലിനോട് ചേർന്ന കിണറാണ് മുന്നറിയിപ്പില്ലാതെ പിടിച്ചെടുത്തത്.

വിശ്വാസികൾ പ്രാർത്ഥനയ്ക്കായി അംഗശുദ്ധി വരുത്തിയിരുന്നത് ഈ കിണറിലെ വെള്ളം ഉപയോഗിച്ചായിരുന്നു. കിണറിൽ ജില്ലാ ഭരണകൂടം മോട്ടർ സ്ഥാപിക്കുകയും പൊലീസിനെ വിന്യസിക്കുകയും ചെയ്തു. സമീപത്തെ കിണറിൽനിന്ന് വിഗ്രഹങ്ങൾ ലഭിച്ചെന്ന് ​​പൊലീസ് അവകാശപ്പെട്ടതിന് പിന്നാലെയാണ് നടപടി. കിണറിൽ പൊലീസ് പരിശോധന നടത്തിയേക്കും.

അതേസമയം, അധികൃതരുടെ നീക്കത്തെ എതിർത്ത് ജില്ലാ കലക്ടർക്ക് മസ്ജിദ് കമ്മിറ്റി വക്കീൽ നോട്ടീസ് അയച്ചു. തലമുറകളായി മസ്​ജിദ്​ പരിസരത്തി​െൻറ അവിഭാജ്യ ഘടകമാണ്​ കിണർ എന്നും അത് പിടിച്ചെടുക്കുന്നത്​ പ്രശ്​നങ്ങൾക്ക്​ കാരണമാകുമെന്നും കമ്മിറ്റി വ്യക്​തമാക്കി.

അതേസമയം, തനിക്ക്​ ഇതുവരെ മസ്​ജിദ്​ കമ്മിറ്റിയുടെ വക്കീൽ നോട്ടീസ്​ ലഭിച്ചിട്ടില്ലെന്ന്​ ജില്ലാ മജിസ്​ട്രേറ്റ്​ രാജേന്ദ്ര പെൻസിയ പറഞ്ഞു. കമ്മിറ്റിയുടെ നിയമസാധുതയെയും അദ്ദേഹം ചോദ്യം ചെയ്​തു. ‘ആരാണ്​ അവർ? ഈ കമ്മിറ്റി രജിസ്​റ്റർ ചെയ്​തതാണോ?’ എന്നായിരുന്നു ജില്ലാ മജിസ്​ട്രേറ്റി​െൻറ ചോദ്യം. 

സംഭൽ ശാഹി മസ്‍ജിദ് ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിലെ സർവേ നടപടികൾ സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്​. ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികൾക്ക് സുപ്രിംകോടതി നിർദേശം നൽകി. എന്നാൽ, ഈ നിർദേശങ്ങൾ ലംഘിച്ച്​ സംഭലിൽ അധികൃതർ നടപടി തുടരുകയാണ്​.

കഴിഞ്ഞ നവംബർ 24ന് ഒരു മുന്നറിയിപ്പുമില്ലാതെ നടന്ന സർവേ നടപടികളിൽ പ്രതിഷേധിച്ച്​ ജനം തെരുവിലിറങ്ങിയിരുന്നു. ഇതിനിടെയുണ്ടായ സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ നാലുപേർ കൊല്ലപ്പെടുകയുണ്ടായി. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News