മുസ്‌ലിംകളെ ലക്ഷ്യമിട്ട് മതസമ്മേളനം, വിദ്വേഷ പുരോഹിതൻ യതി നരസിംഹാനന്ദിനെതിരെ ഹിന്ദു സംഘടനാ നേതാക്കൾ
വിവാദ പ്രസ്‌താവനകളിലൂടെയും വിദ്വേഷ പരാമര്‍ശങ്ങളിലൂടെയും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നയാളാണ് യതി നരസിംഹാനന്ദ
ഡൽഹി: വിദ്വേഷ പുരോഹിതൻ യതി നരസിംഹാനന്ദ് സരസ്വതിയുടെ മതസമ്മേളനത്തിനെതിരെ ഹിന്ദു ആത്മീയ നേതാക്കൾ രംഗത്ത്. നരസിംഹാനന്ദ് നടത്തുന്ന ധരം സൻസദിനെ ശക്തമായി അപലപിച്ചുകൊണ്ട് 62 ഹിന്ദു ആത്മീയ നേതാക്കൾ പ്രസ്‌താവന പുറത്തിറക്കി.
2024 ഡിസംബർ 17-21 തീയതികളിൽ നടക്കാനിരിക്കുന്ന ധരം സൻസദ് എന്ന ലോകമത സമ്മേളനം പ്രകോപനപരമാണെന്ന് നേതാക്കൾ പ്രസ്‌താവനയിൽ പറയുന്നു. പ്രത്യേക മതങ്ങളെ ലക്ഷ്യമിടുന്ന വിദ്വേഷ പ്രസംഗങ്ങളാണ് ധരം സൻസദിൽ നടക്കുന്നത്. ഇത് സനാതന ധർമ്മത്തിൻ്റെ യഥാർത്ഥ ചൈതന്യത്തെ കെടുത്തുന്നതാണ്. ഇത്തരം പ്രവർത്തികൾ ഹിന്ദുമതത്തിൻ്റെ ആത്മീയ പവിത്രതയെ തകർക്കുക മാത്രമല്ല രാജ്യത്തിന്റെ സമാധാനവും ഐക്യവും ഭീഷണിയിലാക്കുകയും ചെയ്യുമെന്നും പ്രസ്‌താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ലിംഗായത്ത് കമ്മ്യൂണിറ്റി, വർക്കരി സമ്പ്രദായ്, ദി പർപ്പിൾ പണ്ഡിറ്റ് പ്രോജക്‌ട്, വിശ്വനാഥ് മന്ദിർ, സ്‌കൂൾ ഓഫ് ഭഗവത് ഗീത, ബൽക്രം മന്ദിർ എന്നിവയുൾപ്പെടെ വിവിധ സംഘടനകളുടെ പ്രതിനിധികളാണ് ഈ പ്രസ്‌താവനയിൽ ഒപ്പുവെച്ചിരിക്കുന്നത്. സമൂഹത്തിൽ വിദ്വേഷവും വിഭജനവും അക്രമവും വളർത്തുന്നതിനായി ഹിന്ദുമതത്തെ ദുരുപയോഗം ചെയ്യുന്നത് വർധിച്ചുവരികയാണെന്നും പ്രസ്‌താവനയിൽ നേതാക്കൾ പറയുന്നു .
വിദ്വേഷം വളർത്തുന്നതും മറ്റ് മതവിശ്വാസങ്ങളെ അനാദരിക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമായ വാക്കുകളെയും പ്രവർത്തികളെയും ഒത്തുചേരലുകളെയും തങ്ങൾ ശക്തമായി അപലപിക്കുന്നതായും നേതാക്കൾ വ്യക്തമാക്കി. ഇവ ഹിന്ദു മൂല്യങ്ങൾക്ക് എതിരാണെന്നും അവർ പറഞ്ഞു.
രാഷ്ട്രീയ അജണ്ടകൾക്കോ വിഭജന ലക്ഷ്യങ്ങൾക്കോ വേണ്ടി ഹിന്ദുമതത്തെ ചൂഷണം ചെയ്യുന്നതിനെ ശക്തമായി എതിർക്കും. ഹിന്ദുമതത്തിന് അതിൻ്റെ സ്വത്വമോ ശക്തിയോ സ്ഥിരീകരിക്കാൻ മറ്റ് വിശ്വാസങ്ങളെ കുറച്ച് കാണേണ്ടതില്ല. ആത്മപരിശോധന, അനുകമ്പ, മനുഷ്യത്വം എന്നിവയിൽ നിന്നാണ് യഥാർത്ഥ ആത്മീയ വളർച്ച ഉണ്ടാകുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സ്വാർത്ഥമോ രാഷ്ട്രീയമോ ആയ നേട്ടങ്ങൾക്കായി മതത്തെ കൈകാര്യം ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാനും ന്യായവും നീതിയും ഉറപ്പാക്കാനും ഉത്തരവാദിത്തപ്പെട്ട അധികാരികളോട് അഭ്യർഥിക്കുന്നതായും പ്രസ്‌താവനയിൽ പറയുന്നു.
ഉത്തർപ്രദേശിലെ ദസ്‌നാ ദേവി ക്ഷേത്രത്തിലെ പുരോഹിതനായ യതി നരസിംഹാനന്ദ സരസ്വതി നിരവധി വിദ്വേഷ പ്രസംഗങ്ങൾ നടത്തി വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ്. വിദ്വേഷ പരാമർശങ്ങളുടെ പേരിൽ നിരവധി കേസുകളും ഇയാളുടെ പേരിലുണ്ട്. മുസ്‌ലിംകൾക്കെതിരെ നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ അഴിച്ചുവിടുന്ന ഇയാൾ 2021 ഡിസംബറില്‍ അറസ്റ്റിലായിരുന്നു. തൊട്ടടുത്ത വർഷവും ഡൽഹിയിൽ നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്‌ത് നരസിംഹാനന്ദ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളും വൻ വിവാദങ്ങളാണ് ഉണ്ടാക്കിയത്.
മുസ്‌ലിമായ ഒരാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ 50 ശതമാനം ഹിന്ദുക്കളെയും മതം മാറ്റുമെന്നായിരുന്നു ഇയാളുടെ അന്നത്തെ പ്രസ്‌താവന. ഇതിനെതിരെ ഡൽഹി പൊലീസ് കേസെടുത്തിരുന്നു. അന്ന് ഹരിദ്വാറിലെ ധരം സന്‍സദില്‍ നടത്തിയ പ്രസംഗമാണ് വിവാദമായത്. മുൻപ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമർശം നടത്തിയതിനും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ വർഷം സെപ്തംബർ 29ന് ഗസിയാബാദിലെ ഹിന്ദിഭവനില്‍ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു നരസിംഹാനന്ദിന്‍റെ വിദ്വേഷ പ്രസംഗം.
ഹിമാചല്‍ പ്രദേശിലെ ഉനയില്‍ വച്ച് നടന്ന ധര്‍മ സന്‍സദില്‍ വച്ചും മുസ്‍ലിം വിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു. ഇന്ത്യ ഒരു ഇസ്‌ലാമിക രാഷ്‌ട്രമാകാതിരിക്കാന്‍ ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നായിരുന്നു യതി നരസിംഹാനന്ദിന്‍റെ വിവാദ പ്രസ്‌താവന. 2023 ഏപ്രിലില്‍ 'അഖണ്ഡ ഹിന്ദു രാഷ്ട്രം' എന്ന ആശയത്തെ മക്ക വരെയെത്തിക്കണമെന്നും അദ്ദേഹം പ്രസംഗിച്ചിരുന്നു. 'അഖണ്ഡ ഹിന്ദു രാഷ്ട്രം വീർ സവർക്കറും ഛത്രപതി ശിവാജി മഹാരാജും സ്വപ്‌നം കണ്ടതാണ്, ആ സ്വപ്‌നം അഫ്ഗാനിസ്ഥാനിൽ വരെയായി ചുരുക്കരുത്. നാം കഠിനമായി അധ്വാനിച്ച് ഹിന്ദുത്വ ആശയത്തെ മക്ക വരെയും കഅ്ബ വരെയും എത്തിക്കണം' എന്നാണ് യതി പറഞ്ഞത്.