ജെഎൻയുവിൽ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദർശനം; വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കാൻ അധികൃതർ

കേരള സ്റ്റോറി അടക്കമുള്ള സംഘ്‌പരിവർ ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിയ ജെഎൻയു അധികൃതർക്കെതിരെ വിദ്യാർഥി പ്രതിഷേധം ശക്തമാണ്.

Update: 2024-12-18 05:23 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി ജെഎൻയുവിൽ പ്രദർശിപ്പിച്ച് വിദ്യാർഥികൾ. കർശന നടപടിയെടുക്കുമെന്ന സർവകലാശാല അധികൃതരുടെ വിലക്ക് ലംഘിച്ചായിരുന്നു ഡോക്യുമെന്ററി പ്രദർശനം. 

ഇടതുപക്ഷ പിന്തുണയുള്ള ഓൾ ഇന്ത്യ സ്റ്റുഡൻ്റ്‌സ് ഫെഡറേഷൻ (എഐഎസ്എഫ്) സംഘടിപ്പിച്ച സ്‌ക്രീനിംഗ് പ്രൊജക്‌ടറിൽ പ്രദർശിപ്പിക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥർ പ്രൊജക്‌ടർ കേടുവരുത്തിയതായി സംഘാടകർ പറയുന്നു. തുടർന്ന്, വിദ്യാർഥികൾ യൂണിവേഴ്‌സിറ്റിയിലെ ഗംഗാ ധാബയിൽ ലാപ്‌ടോപ്പിൽ ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. 

സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിരവധി വിദ്യാർത്ഥികളാണ് ഡോക്യുമെന്ററി കാണാൻ തടിച്ചുകൂടിയത്. 2019ലെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ഡല്‍ഹി പൊലീസ് അഴിച്ചുവിട്ട ആക്രമണത്തിന്റെ സ്‌മരണാർഥമാണ് ജെഎൻയുവിൽ 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദർശിപ്പിക്കാൻ തീരുമാനിച്ചതെന്ന് എഐഎസ്എഫ് പറഞ്ഞു. 

സ്‌ക്രീനിങ്ങിനിടെ ജെഎൻയു സുരക്ഷാ ഉദ്യോഗസ്ഥർ ജെഎൻയു സ്റ്റുഡന്റസ് യൂണിയൻ ജോയിൻ്റ് സെക്രട്ടറി സാജിദിനെ കയ്യേറ്റം ചെയ്‌തതായും സംഘടന ആരോപിച്ചു. പ്രൊജക്‌ടർ കേടുവരുത്തിയെങ്കിലും സ്വേച്ഛാധിപത്യത്തിന് മുന്നിൽ കീഴടങ്ങാൻ തയ്യാറാകാത്ത വിദ്യാർഥികൾ ഈ ഡോക്യുമെന്ററി കണ്ടു. അഭിപ്രായ സ്വാതന്ത്ര്യത്തിനും പ്രതിഷേധത്തിനുമുള്ള അവകാശങ്ങൾ ലംഘിക്കാനാണ് സർവകലാശാല അധികൃതർ ശ്രമിച്ചതെന്നും എഐഎസ്എഫ് പ്രതിനിധി ആരോപിച്ചു. 

ചിത്രത്തിന്റെ പ്രദര്‍ശനം 'അനധികൃതവും അനാവശ്യവും' ആണെന്നും ക്യാംപസിലെ സാമുദായിക സൗഹാര്‍ദവും സമാധാനപരമായ അന്തരീക്ഷവും തകര്‍ക്കുമെന്നും ചൂണ്ടിക്കാട്ടി സർവകലാശാല നേരത്തെ പ്രദർശനത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിദ്യാർഥികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും സര്‍വകലാശാലയുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നും മുന്നറിയിപ്പും നൽകി.

എന്നാൽ, ദി കേരള സ്റ്റോറി, കശ്മീർ ഫയൽസ്, ജഹാംഗീർ നാഷണൽ യൂണിവേഴ്‌സിറ്റി, ദി സബർമതി റിപ്പോർട്ട് തുടങ്ങിയ വിഭജന, ഫാസിസ്റ്റ് ആശയങ്ങൾ പരസ്യമായി പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ചോദ്യംചെയ്യപ്പെടാതെ ക്യാംപസിൽ പ്രദർശനം നടത്താൻ അധികൃതർ അനുവദിച്ചിരുന്നു. സർക്കാരിനെ വിമർശിക്കുന്ന ഡോക്യുമെൻ്ററികളുടെ പ്രദർശനം അടിച്ചമർത്താൻ ഭരണകൂടം നിരന്തരം ശ്രമിക്കുകയാണ്. അതേസമയം ആർഎസ്എസ്- ബിജെപി അജണ്ട പ്രചരിപ്പിക്കുന്ന സിനിമകൾക്ക് സ്വാതന്ത്ര്യം നൽകുന്നു എന്നത് കടുത്ത കാപട്യമാണെന്ന് എഐഎസ്എഫ് വിമർശിച്ചു. 

2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസിയിൽ സംപ്രേഷണം ചെയ്‌ത രണ്ട് ഭാഗങ്ങളുള്ള ടിവി പരമ്പരയാണ് ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ. രാജ്യത്തെ അപകീർത്തിപ്പെടുത്തി എന്നാരോപിച്ച് ഗുജറാത്ത് ആസ്ഥാനമായ ജസ്റ്റിസ് ഓണ്‍ ട്രയല്‍ ഗ്രൂപ്പ് ബിബിസിക്കെതിരേ കേസ് ഫയല്‍ ചെയ്‌തിരുന്നു. പിന്നാലെ കേന്ദ്രസർക്കാർ ഡോക്യുമെന്ററി നിരോധിക്കുകയും ചെയ്‌തു. വിലക്കുകൾ മറികടന്ന് ജനുവരി 23ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ ഒരു വിദ്യാർത്ഥി സംഘം കാമ്പസിനുള്ളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് ജെഎൻയുവിലും പ്രദർശനം നടന്നത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News