പനയമ്പാടം അപകടം ലോക്സഭയിൽ ഉന്നയിച്ച് വി.കെ ശ്രീകണ്ഠൻ

‘അപകട വളവ് ശാസ്ത്രീയമായി പുനഃക്രമീകരിക്കണം’

Update: 2024-12-17 15:53 GMT
Advertising

ന്യൂഡൽഹി: ദേശീയപാത 966ൽ കരിമ്പ പനയമ്പാടത്ത് നടന്ന വാഹനാപകടത്തിൽ നാല് വിദ്യാർഥിനികൾ അതിദാരുണമായി മരണപ്പെട്ട സംഭവത്തിൽ ഗുരുതര അലംഭാവം കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി എടുക്കണമെന്ന് റൂൾ 377 പ്രകാരം വി.കെ ശ്രീകണ്ഠൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. അപകട വളവ് ഉടൻ ശാസ്ത്രീയമായി പുനഃക്രമീകരിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

സിമൻ്റ് ചാക്കുമായി വന്ന ലോറി പനയമ്പാടം വളവിൽ വെച്ച് നിയന്ത്രണം വിട്ട് വിദ്യാർഥിനികളുടെ മേൽ മറിയുകയായിരുന്നു. 50ലധികം അപകടങ്ങളിലായി 11 പേരുടെ ജീവനെടുത്ത അതിതീവ്ര അപകട മേഖലായി മാറിയിരിക്കുകയാണ് പ്രദേശം. ലോക്‌സഭയിൽ ഈ വിഷയം മുമ്പ് ഉന്നയിച്ചിട്ടുള്ളതും, 23.04.2021 മുതൽ വകുപ്പു മന്ത്രിയുമായി നിരന്തരം ചർച്ചകൾ നടത്തിവരികയും ചെയ്തിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കപ്പെടാതെ അപകടങ്ങൾ തുടരുകയാണ്.

പ്രസ്തുത സ്ഥലത്ത് റോഡ് നവീകരണവുമായി ബന്ധപ്പെട്ട ഡിപിആർ തയ്യാറായിട്ടുള്ളതായും, അതിൻ്റെ അലൈൻമെൻ്റ് ദേശീയപാത അധികൃതർ അംഗീകരിച്ചതായും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചിരുന്നെങ്കിലും തുടർനടപടി ഉണ്ടായില്ല. പനയമ്പാടം പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തിന് ഈ സംഭവം ഇടയാക്കിയിട്ടുണ്ട്. ഈ ദേശീയ പാതയുടെ ശാസ്ത്രീയ രീതിയിലുള്ള നിർമാണം ഉടനടി പൂർത്തീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News