അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ: പി.എ.സിയുടെ പ്രവർത്തനം താളംതെറ്റുന്നു
കേന്ദ സർക്കാരിലെ ക്രമക്കേട് തുറന്നുകാട്ടുന്ന സി.എ.ജി റിപ്പോർട്ട് ചർച്ച ചെയ്യാതിരിക്കാനുള്ള തന്ത്രമാണോ അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷനെന്ന് കോൺഗ്രസ് സംശയിക്കുന്നുണ്ട്
ന്യൂഡല്‍ഹി: ലോക്സഭയിലെ കോൺഗ്രസ് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്തതോടെ അവതാളത്തിലായത് പബ്ലിക് അകൗണ്ട്സ് കമ്മിറ്റിയുടെ പ്രവർത്തനം. സർക്കാറിന്റെ കണക്കുകൾ പരിശോധിക്കുന്ന പബ്ലിക് അകൗണ്ട് കമ്മിറ്റി ചെയർമാനാണ് അധീർ രഞ്ജൻ ചൗധരി. സി.എ.ജി റിപ്പോർട്ട് പരിശോധനയടക്കം നടത്തേണ്ടത് ഈ കമ്മിറ്റിയാണ്.
കേന്ദ സർക്കാരിലെ ക്രമക്കേട് തുറന്നുകാട്ടുന്ന സി.എ.ജി റിപ്പോർട്ട് ചർച്ച ചെയ്യാതിരിക്കാനുള്ള തന്ത്രമാണോ അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷനെന്ന് കോൺഗ്രസ് സംശയിക്കുന്നുണ്ട്. പാർലമെന്ററി കമ്മറ്റികളുടെ പ്രവർത്തനം താളംതെറ്റുന്നതിത് ഇന്നലെ നടന്ന പ്രിവിലേജ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച കൊടിക്കുന്നിൽ സുരേഷ് ചൂണ്ടിക്കാട്ടിയിരുന്നു. അധീറിന്റെ സസ്‌പെൻഷൻ ചർച്ച ചെയ്യുന്നതിനായാണ് ഇന്നലെ പ്രിവിലേജ് കമ്മിറ്റി കൂടിയത്.
ദേശീയപാതാ നിർമാണത്തിലടക്കം ഏഴുതരത്തിലെ ക്രമക്കേടിലേക്ക് വിരൽചൂണ്ടിയാണ് സി.എ.ജി റിപ്പോർട്ട് സമർപ്പിച്ചത്. പാർലമെന്റിന്റെ മേശപ്പുറത്ത് വച്ചതോടെ ഇനി റിപ്പോർട്ട് പി.എ.സിയുടെ കോർട്ടിലാണ്. ഭരണകക്ഷിക്കാന് ഈ സമിതിയിൽ ഭൂരിപക്ഷമെങ്കിലും ചെയര്മാൻ സ്ഥാനം പ്രതിപക്ഷത്തുനിന്നുള്ള എം.പിക്കാണ്. കൂടുതൽ തെളിവെടുപ്പടക്കം നടത്താൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ അധികാരമുള്ള സമിതിയാണിത്.
അധ്യക്ഷന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരെ അധീർ വിളിച്ചുവരുത്തുമോ എന്ന ആശങ്ക ബി.ജെ.പിക്കുണ്ട്. ഐ.ടി പാർലമെന്ററി സമിതി അധ്യക്ഷനായ ശശി തരൂർ, ബി.ജെ.പി എം.പിമാരുടെ എതിർപ്പ് അവഗണിച്ച് നോട്ടീസ് അയച്ചത് ഏറെ ബഹളം സൃഷ്ടിച്ചിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്യുമ്പോൾ പി.എ.സിയിൽ സി.എ.ജി ഹാജരാകേണ്ടതുണ്ട്. വിശദമായ ചർച്ചകൾക്കുശേഷം സി.എ.ജി റിപ്പോർട്ടിനെ കുറിച്ചുള്ള റിപ്പോർട്ട് പാർലമെന്റിൽ പി.എ.സി സമർപ്പിക്കണം.
പി.എ.സി ചെയർമാന്റെ അസാന്നിധ്യത്തിൽ ലോക്സഭാ സെക്രട്ടറി ജനറലിന് യോഗം നടത്താൻ മറ്റൊരാളെ നിയോഗിക്കാവുന്നതാണ്. ഇത്തരം നടപടിയിലേക്ക് കടക്കാതെ അധീർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ 30 തീയതിക്കുശേഷം പിൻവലിക്കണമെന്നാണ് കോൺഗ്രസിന്‍റെ ആവശ്യം.
Summary: The work of the Public Accounts Committee has come to a standstill after the suspension of Adhir Ranjan Chowdhury, leader of the Congress party in the Lok Sabha.