''കുടുംബത്തെ അന്യായമായി തടവിലാക്കി, കാണാന്‍ പോലും അനുവദിക്കുന്നില്ല''; പരാതിയുമായി അഫ്രീന്‍ ഫാത്തിമ

അറിയിപ്പോ വാറന്‍റോ ഒന്നുില്ലാതെ എത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു എന്ന് അഫ്രീന്‍ ഫാത്തിമ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

Update: 2022-06-11 05:52 GMT
Advertising

അലഹബാദ്: തന്‍റെ മാതാപിതാക്കളെയും സഹോദരിയെയും പൊലീസ് അന്യായമായി പിടിച്ചുകൊണ്ടുപോയി തടവിലാക്കിയിരിക്കുകയാണെന്ന പരാതിയുമായി വിദ്യാർത്ഥി ആക്ടിവിസ്റ്റ് അഫ്രീൻ ഫാത്തിമ. അറിയിപ്പോ വാറന്‍റോ ഒന്നുമില്ലാതെ എത്തിയ അലഹബാദ് പൊലീസ് കുടുംബത്തെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുകയായിരുന്നു എന്ന് അഫ്രീന്‍ ഫാത്തിമ ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ പറയുന്നു.

"അലഹബാദ് പോലീസ് ഇന്നലെ രാത്രി അന്യായമായി പിടിച്ചുകൊണ്ടുപോയ എന്‍റെ പിതാവ് ജാവേദ് മൊഹമ്മദ്, അമ്മ പർവീൺ ഫാത്തിമ, സഹോദരി സുമയ്യ ഫാത്തിമ എന്നിവരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയോടെയാണ് ഞങ്ങൾ ഇതെഴുതുന്നത്, യാതൊരുവിധ അറിയിപ്പോ, വാറന്‍റോ കൂടാതെയാണ് പൊലീസ് എന്‍റെ കുടുബത്തെ പിടിച്ചുകൊണ്ടുപോയത്, അവരെവിടെയാണെന്ന് കണ്ടെത്താൻ ഇതുവരെ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ അഫ്രീന്‍ ഫാത്തിമ പറഞ്ഞു.

അലിഗഢ് യൂണിവേഴ്സിറ്റി യൂണിയന്‍ മുന്‍ പ്രസിഡന്‍റും നിലവിലെ ജെ.എന്‍.യു യൂണിയന്‍ കൌണ്‍സിലറുമാണ് അഫ്രീന്‍ ഫാത്തിമ. നിലവില്‍ ഫ്രറ്റേണിറ്റി മൂവ്‌മെന്‍റിന്റെ ദേശീയ സെക്രട്ടറി കൂടിയാണ് അഫ്രീന്‍.


Full View

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തിയ പരാമര്‍ശത്തിനെതിരെ നഗരം വന്‍ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ഈ പൊലീസ് നടപടി. വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ നേതാവ് കൂടിയാണ് പൊലീസ് കസ്റ്റഡിയിലുള്ള അഫ്രീനിന്റെ പിതാവ് ജാവേദ് മുഹമ്മദ്.

വെള്ളിയാഴ്ച രാത്രി 8:50ഓടെയാണ് തന്‍റെ കുടുംബത്തെ പൊലീസുകാര്‍ കൂട്ടിക്കൊണ്ടുപോയതെന്നും, അവരെ കാണാന്‍ അനുവദിക്കുന്നില്ലെന്നും, കസ്റ്റഡിയിലാണെന്ന് സ്ഥിരീകരിക്കാന്‍ പോലും അനുവദിക്കില്ലെന്നും അഫ്രീന്‍ ഫാത്തിമ പരാതിയില്‍ പറയുന്നു. "സുഹൃത്തുക്കളും മറ്റ് കുടുംബാംഗങ്ങളുമായി ഞങ്ങള്‍ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, അവിടെ നിന്ന ഉദ്യോഗസ്ഥർ എന്‍റെ കുടുംബത്തെ കാണാൻ പോലും അനുവദിച്ചില്ല, മാത്രമല്ല അവര്‍ കസ്റ്റഡിയിലുണ്ടോ എന്ന് സ്ഥിരീകരിക്കാൻ പോലും പൊലീസ് ഞങ്ങളെ അനുവദിച്ചില്ല''. ദേശീയ വനിതാ കമ്മീഷന് നല്‍കിയ പരാതിയില്‍ അഫ്രീന്‍ ഫാത്തിമ പറഞ്ഞു.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News