പ്രതിഷേധത്തില്‍ കുടുങ്ങിയ മോദി... കർഷകർ കിങ് മേക്കറാകുമോ? മിന്നലാകുമോ എ.എ.പി?
അധികാരത്തുടര്‍ച്ച തേടി കോണ്‍ഗ്രസ്, അമരിന്ദറിനെ കൂട്ടുപിടിച്ച് ബി.ജെ.പി, പഴയ പ്രതാപവുമായി ശിരോമണി അകാലിദള്‍, ഭരണം പിടിക്കാന്‍ എ.എ.പി, പോരാട്ടവീര്യവുമായി കര്‍ഷകര്‍...
ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന കര്‍ഷക സമരം, അമരിന്ദർ - സിദ്ദു പോരിനു പിന്നാലെ ക്യാപ്റ്റന്‍റെ രാജി, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വഴിയില്‍ കുടുക്കിയ പ്രതിഷേധം, ലുധിയാന കോടതിയിലെ സ്ഫോടനം... സംഭവ ബഹുലമായ അഞ്ചു വർഷത്തിനൊടുവിൽ പഞ്ചാബ് ഫെബ്രുവരി 14ന് പോളിങ് ബൂത്തിലേക്ക് പോവുകയാണ്. കഴിഞ്ഞ തവണത്തെ വ്യക്തമായ ആധിപത്യം നിലനിർത്താൻ കോൺഗ്രസിനു കഴിയുമോ? അതോ അന്ന് കോൺഗ്രസിനെ മുന്നിൽ നിന്നു നയിച്ച ക്യാപ്റ്റൻ അമരിന്ദർ സിങ് ഇത്തവണ ബി.ജെ.പി പാളയത്തിലേക്ക് വിജയമെത്തിക്കുമോ? അതോ അഭിപ്രായ സർവെകൾ പ്രവചിക്കുംപോലെ ആം ആദ്മി പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമോ? അതോ കർഷകർ തീരുമാനിക്കുമോ പഞ്ചാബ് അടുത്ത അഞ്ചു വർഷം ആരു ഭരിക്കണമെന്ന്? ആർക്കും വ്യക്തമായ മുൻതൂക്കം അവകാശപ്പെടാൻ കഴിയാത്ത പഞ്ചാബിലെ രാഷ്ടീയ സാഹചര്യത്തിൽ ഉയരുന്ന ചോദ്യങ്ങൾ നിരവധിയാണ്. പഞ്ചകോണ മത്സരം നടക്കുന്ന പഞ്ചാബിന്റെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കാം...
കോൺഗ്രസ് vs ശിരോമണി അകാലിദൾ, കന്നിയങ്കത്തിൽ മിന്നിയ എ.എ.പി
117 അംഗ നിയമസഭയാണ് പഞ്ചാബിലുള്ളത്. കേവല ഭൂരിപക്ഷത്തിന് 59 സീറ്റിലെ ജയം അനിവാര്യം. 2017ലെ തെരഞ്ഞെടുപ്പില്‍ 77 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയത്. ആം ആദ്മി പാർട്ടി 20 സീറ്റ് നേടി രണ്ടാമതെത്തി. ശിരോമണി അകാലിദള്‍ 15 സീറ്റ് നേടിയപ്പോൾ മൂന്നു സീറ്റിൽ വിജയിക്കാനേ ബി.ജെ.പിക്കു കഴിഞ്ഞുള്ളൂ. ബാക്കി രണ്ട് സീറ്റാകട്ടെ എല്‍.ഐ.പിയും സ്വന്തമാക്കി.
1952 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ പരിശോധിച്ചാൽ കോൺഗ്രസും ശിരോമണി അകാലിദളുമാണ് പഞ്ചാബ് മാറിമാറി ഭരിച്ചതെന്നു കാണാം. 1952, 57, 62, 72, 80, 92, 2002, 2017 വർഷങ്ങളിൽ കോൺഗ്രസ് അധികാരത്തിലേറി. 1969, 77, 85, 97, 2007, 2012 വർഷങ്ങളിൽ ശിരോമണി അകാലിദളിന്റെ നേതൃത്വത്തിലുള്ള സഖ്യമാണ് പഞ്ചാബ് ഭരിച്ചത്. 1980ൽ ഒരു സീറ്റിൽ വിജയിച്ചാണ് പഞ്ചാബ് നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത്. 1997ൽ 18 സീറ്റും 2007ൽ 19 സീറ്റും 2012ൽ 12 സീറ്റും നേടി ശിരോമണി അകാലിദളിനൊപ്പം പഞ്ചാബ് ഭരിച്ച ബി.ജെ.പിക്ക് 2017ൽ മൂന്ന് സീറ്റിൽ മാത്രമേ വിജയിക്കാനായുള്ളൂ. കന്നിയങ്കത്തിൽ സ്വന്തമാക്കിയ 20 സീറ്റുമായി എ.എ.പിയാണ് 2017ൽ മുഖ്യപ്രതിപക്ഷമായത്.
വാഴുമോ വീഴുമോ ക്യാപ്റ്റനെന്ന വന്‍മരം?
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ മുഖമായിരുന്നു ക്യാപ്റ്റന്‍ അമരിന്ദര്‍ സിങ്. മൂന്ന് കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കിയും ജനപ്രിയ പദ്ധതികള്‍ ആവിഷ്കരിച്ചും മുഖ്യമന്ത്രിയായി മുന്നേറുന്നതിനിടെയാണ് അമരിന്ദര്‍-സിദ്ദു പടലപ്പിണക്കം കോണ്‍ഗ്രസിനെ ഉലച്ചത്. കോണ്‍ഗ്രസിലെ ആഭ്യന്തര കലഹം പൊട്ടിത്തെറിയില്‍ എത്തിയപ്പോള്‍ കഴിഞ്ഞ വര്‍ഷം സെപ്തംബർ 18ന് അമരിന്ദര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടർന്ന് ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയായി. പുതിയ പാർട്ടി രൂപീകരിക്കുമെന്ന് ഒക്ടോബര്‍ 27ന് പ്രഖ്യാപിച്ച ക്യാപ്റ്റന്‍, നവംബർ 2ന് കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവെച്ചു. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയും ചെയ്തു. ബി.ജെ.പിക്കൊപ്പം സ്വന്തം പാർട്ടിയുമായി നിലയുറപ്പിക്കുന്ന അമരിന്ദർ സിങിന്‍റെ തന്ത്രം വിജയിക്കുമോ എന്ന ചോദ്യത്തിന് ഈ നിയമസഭാ തെരഞ്ഞെടുപ്പ് മറുപടി നൽകും.
ജ്വലിക്കുമോ കർഷകവീര്യം തെരഞ്ഞെടുപ്പിലും?
ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പായിരുന്നു പഞ്ചാബിലെ കര്‍ഷകര്‍ തുടങ്ങിയ സമാനതകളില്ലാത്ത സമരം. ലോക്‌സഭയും രാജ്യസഭയും പാസ്സാക്കിയതോടെ 2020 സെപ്തംബർ 27നാണ് മൂന്ന് വിവാദ കാര്‍ഷിക ബില്ലുകള്‍ നിയമമായത്. കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020, അവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവയായിരുന്നു ആ നിയമങ്ങള്‍. കാർഷിക ഉൽപ്പന്നങ്ങളുടെ താങ്ങുവില, കാർഷിക സബ്സിഡി, ഭക്ഷ്യ സബ്സിഡി, പൊതുവിതരണ സമ്പ്രദായം എന്നിവയാണ് പുതിയ നിയമങ്ങളിലൂടെ ഇല്ലാതായത്. ബഹുരാഷ്ട്ര കുത്തകകളെ സഹായിക്കുന്നതാണ് പുതിയ നിയമങ്ങളെന്ന് കർഷക സംഘടനകൾ തുടക്കത്തിലേ വിലയിരുത്തി. ഈ നിയമങ്ങള്‍ക്കെതിരെ രാജ്യത്ത് ആദ്യമായി സമരത്തിനിറങ്ങിയത് പഞ്ചാബിലെ കര്‍ഷകരായിരുന്നു. പിന്നാലെ സമരം രാജ്യമാകെ ആളിപ്പടര്‍ന്നു. ഒടുവിൽ കർഷക ക്ഷേമത്തിനെന്ന പേരിൽ കൊണ്ടുവന്ന വിവാദ നിയമങ്ങൾ പിൻവലിച്ച് മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവന്നു. ഇതിനിടെ 719 കര്‍ഷകരുടെ ജീവന്‍ പൊലിഞ്ഞു. കർഷകർ ദില്ലി ചലോ മാർച്ച് തുടങ്ങി 365 ദിവസമാകാൻ ഏഴ് ദിവസം ബാക്കിയുള്ളപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും റദ്ദാക്കുമെന്ന് പ്രഖ്യാപിച്ചത്.
സമരം അവസാനിച്ചതിനു പിന്നാലെ 22 കര്‍ഷക സംഘടനകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. സംയുക്ത് സമാജ് മോര്‍ച്ച എന്ന പേരിലാണ് ജനവിധി തേടുക. മുതിര്‍ന്ന കര്‍ഷക നേതാവ് ബല്‍ബിര്‍ സിങ് രജേവാള്‍ ആണ് സംയുക്ത് സമാജ് മോര്‍ച്ചയെ നയിക്കുക. ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. കര്‍ഷക സമരത്തിന്‍റെ തുടര്‍ച്ചയായുള്ള ഈ രാഷ്ട്രീയ പ്രവേശനത്തിന് ഏറെ പ്രധാന്യമുണ്ട്.
ഭരണം പിടിക്കുമോ എ.എ.പി?
ഡല്‍ഹിക്കു പിന്നാലെ എ.എ.പി സാന്നിധ്യമുറപ്പിച്ച സംസ്ഥാനമാണ് പഞ്ചാബ്. 2017ല്‍ പഞ്ചാബിലെ കന്നിയങ്കത്തിലൂടെ 20 സീറ്റ് നേടി ശിരോമണി അകാലിദള്‍-ബി.ജെ.പി സഖ്യത്തെ പിന്നിലാക്കി മുഖ്യപ്രതിപക്ഷമാകാനും എ.എ.പിക്ക് സാധിച്ചു. ഇറങ്ങിക്കളിച്ചാല്‍ ഭരണം പിടിക്കാമെന്ന ഉറച്ച പ്രതീക്ഷയിലാണ് അരവിന്ദ് കെജ്‌രിവാളും സംഘവും. അകാലിദളും ബി.ജെപിയും രണ്ടു വഴിക്കായതും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹവും മുതലെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എ.എ.പി. അകാലിദളിനു സ്വാധീനമുള്ള, 69 സീറ്റുള്ള മാൾവ മേഖലയിൽ അവരെ പിന്തള്ളിയാൽ ഭരണത്തിലേറാം എന്നാണ് എ.എ.പിയുടെ കണക്കുകൂട്ടല്‍. ഡല്‍ഹിയിലേതു പോലെ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് വോട്ടുകള്‍ പെട്ടിയിലാക്കാനാണ് നീക്കം. ഭരണം ലഭിച്ചാൽ പ്രതിമാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് ആം ആദ്മി പാര്‍ട്ടിയുടെ പ്രധാന വാഗ്ദാനം. 2021ലെ ചണ്ഡിഗഡ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ നേടിയ മിന്നുംജയം എ.എ.പിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. 35ല്‍ 14 സീറ്റ് നേടിയാണ് എ.എ.പി വലിയ ഒറ്റകക്ഷിയായത്. ഇത്തവണ പഞ്ചാബില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കാത്ത മിക്ക അഭിപ്രായ സര്‍വെകളും എ.എ.പി വലിയ ഒറ്റക്കക്ഷിയാകുമെന്നാണ് വിലയിരുത്തുന്നത്.
കര്‍ഷകരോഷത്തിന്‍റെ ചൂടറിഞ്ഞ മോദിയും ബി.ജെ.പിയും
പഞ്ചാബില്‍ ബി.ജെ.പിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു ജനപ്രിയ നേതാവില്ല. ശിരോമണി-അകാലിദളിന്‍റെ തണലില്‍ ഭരണത്തിലേറിയ ബി.ജെ.പിക്ക് താഴേത്തട്ടില്‍ പാര്‍ട്ടിയെ വളര്‍ത്താന്‍ കഴിഞ്ഞില്ല. ഉത്തരേന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ച ഹിന്ദുത്വ ആശയങ്ങളും വര്‍ഗീയ അജണ്ടയും പഞ്ചാബില്‍ കാര്യമായി ചെലവായതുമില്ല. അതുകൊണ്ടുതന്നെയാണ് വികസന പദ്ധതികളുമായി വന്ന് പഞ്ചാബിന്‍റെ മനസ് കീഴടക്കാന്‍ പറ്റുമോയെന്ന്, തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ബി.ജെ.പി നോക്കുന്നത്. 42,750 കോടിയുടെ വികസന പദ്ധതികളുമായി പ്രധാനമന്ത്രി നേരിട്ടെത്തി പഞ്ചാബില്‍. അതും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം. ഡൽഹി–അമൃത്സർ–കത്ര എക്സ്‌പ്രസ്‌വേ, മുകേരിയൻ–തൽവാര ബ്രോഡ്‌ഗേജ് റെയിൽവേലൈൻ, ഫിറോസ്പുരിൽ പിജിഐ സാറ്റലൈറ്റ് സെന്റർ, കപൂർത്തലയിലും ഹോഷിയാപുരിലും രണ്ട് പുതിയ മെഡിക്കൽ കോളജ് തുടങ്ങിയവയാണ് പദ്ധതികള്‍. തറക്കല്ലിടാനും തെരഞ്ഞടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനും പഞ്ചാബിലെത്തിയ നരേന്ദ്ര മോദി ജനുവരി 5ന് 20 മിനിട്ട് ഫ്ലൈഓവറില്‍ കുടുങ്ങി. കര്‍ഷകര്‍ തടഞ്ഞതാണെന്ന് ബി.ജെ.പിയും ബി.ജെ.പി പരിപാടിയില്‍ ആളില്ലാത്തതിനാല്‍ പ്രധാനമന്ത്രി തിരികെപോയതാണെന്ന് കര്‍ഷക സംഘടനകളും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നു. പ്രധാനമന്ത്രിക്കു പോലും പഞ്ചാബില്‍ രക്ഷയില്ലെന്ന ആരോപണവുമായി സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി ക്യാമ്പെയിന്‍ കൊഴുപ്പിക്കുകയാണ് ബി.ജെ.പി. അതേസമയം താങ്ങുവില, കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍, സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം എന്നിങ്ങനെയുള്ള ഉറപ്പുകള്‍ പാലിക്കപ്പെടാത്തതില്‍ കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് അമര്‍ഷമുണ്ട്.
പുതിയ സഖ്യങ്ങൾ, പുതിയ സമവാക്യങ്ങള്‍
കോൺഗ്രസും എ.എ.പിയും നിലവിൽ ആരുമായും സഖ്യം പ്രഖ്യാപിച്ചിട്ടില്ല. വിവാദ കാർഷിക നിയമത്തെ തുടർന്നുള്ള കര്‍ഷകരോഷത്തില്‍ വേറെ വഴിയില്ലാതെ ബി.ജെ.പിയോട് ഇടഞ്ഞ ശിരോമണി അകാലിദൾ ഇത്തവണ ബി.എസ്.പിയുമായാണ് കൂട്ടുകെട്ട് ഉണ്ടാക്കിയത്. ബി.ജെ.പിയാകട്ടെ അമരീന്ദറിന്‍റെ പഞ്ചാബ് ലോക് കോൺഗ്രസുമായും ശിരോമണി അകാലിദൾ (സംയുക്ത്)മായും സഖ്യം പ്രഖ്യാപിച്ചു. ഇനിയുള്ളത് പഞ്ചാബ് ഡമോക്രാറ്റിക് അലയൻസ് ആണ്. ലോക് ഇൻസാഫ് പാർട്ടി നയിക്കുന്ന ഈ സഖ്യത്തിൽ സി.പി.ഐയും റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിയും നവാൻ പഞ്ചാബ് പാർട്ടിയുമുണ്ട്. കർഷകരുടെ സംഘടന തനിച്ചാണോ അതോ സഖ്യത്തിലാണോ മത്സരിക്കുകയെന്ന് തീരുമാനമായിട്ടില്ല.
പഞ്ചാബില്‍ കോണ്‍ഗ്രസിന്‍റെ ആദ്യ ദലിത് മുഖ്യമന്ത്രിയായ ചരണ്‍ജിത് സിങ് ചന്നിയെ മുന്‍നിര്‍ത്തി ദലിത് വോട്ടുകളും നവജോത് സിങ് സിദ്ദുവിലൂടെ ജാട്ട്-സിഖ് വോട്ടുകളും സ്വന്തമാക്കാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ബി.എസ്.പിയുമായുള്ള കൂട്ടുകെട്ടിലൂടെ ഗ്രാമ, നഗര മേഖലകളിലെ ദലിത് വോട്ടുകൾ നേടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ശിരോമണി അകാലിദൾ. അമരീന്ദറിനെ മുന്‍നിര്‍ത്തി പോരിനിറങ്ങാനാണ് ബി.ജെ.പിയുടെ നീക്കം. ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിച്ച് വോട്ടര്‍മാരെ കയ്യിലെടുക്കാന്‍ ആം ആദ്മി പാര്‍ട്ടിയും അണയാത്ത പോരാട്ടവീര്യവുമായി കര്‍ഷക സംഘടനകളും കളം നിറയുമ്പോള്‍ പഞ്ചാബില്‍ അക്ഷരാര്‍ഥത്തില്‍ പഞ്ചകോണ മത്സരമാണ് നടക്കാന്‍ പോകുന്നത്.