'മതി....ഇനി ബി.ജെ.പി നേതാക്കളെ ആവശ്യമില്ല'; പാര്‍ട്ടിയിലേക്കുള്ള വാതിലടച്ച് അഖിലേഷ് യാദവ്

'ഇനി ഒരു ബി.ജെ.പി എം.എൽ.എയെയോ മന്ത്രിയെയോ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് ബി.ജെ.പിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു'

Update: 2022-01-17 07:55 GMT
Editor : ijas
Advertising

ബിജെപി എം.എൽ.എമാർക്കും മന്ത്രിമാർക്കും മുന്നിൽ പാർട്ടി വാതിൽ അടച്ചതായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിക്ക് ധൈര്യമായി മുന്നോട്ട് പോവാം, സ്ഥാന മോഹികള്‍ക്ക് ടിക്കറ്റ് നിഷേധിക്കാമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ഇതുവരെ 11 എം.എല്‍.എമാരാണ് ബി.ജെ.പി പാളയത്തില്‍ നിന്നും സമാജ്‍വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്.

'ഇനി ഒരു ബി.ജെ.പി എം.എൽ.എയെയോ മന്ത്രിയെയോ പാര്‍ട്ടിയില്‍ എടുക്കില്ലെന്ന് ബി.ജെ.പിയോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് എത്ര പേര്‍ക്ക് വേണമെങ്കിലും ടിക്കറ്റ് നിഷേധിച്ച് മുന്നോട്ട് പോകാം'; അഖിലേഷ് യാദവ് പറഞ്ഞു.

മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയ്ക്കും ധരം സിങ് സൈനിക്കും ചൗഹാനും പുറമെ എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരാണ് ബിജെപിയിൽനിന്ന് എസ്പിയിലേക്ക് കൂടുമാറിയത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യു.പി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും. സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തിന്ദ്വാരിയിൽനിന്നുള്ള ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽനിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. ധാരാസിങ് ചൗഹാനും രാജിപ്രഖ്യാപിച്ചതോടെ കടുത്ത ഞെട്ടലിലാണ് ബിജെപി ക്യാംപ്. രാജിവച്ച എംഎൽഎമാർ പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളോട് ബിജെപി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു എല്ലാവരുടെയും രാജി.

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി ആദ്യ ഘട്ട സ്ഥാനാര്‍ഥി പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥ് പതിവുപോലെ സ്വന്തം തട്ടകമായ ഗോരഖ്പുരിലാവും മത്സരിക്കുക. ഈ നീക്കത്തെയും അഖിലേഷ് യാദവ് പരിഹസിച്ചു. "ബിജെപി അദ്ദേഹത്തെ നേരത്തെ വീട്ടിലേക്ക് അയച്ചതിൽ സന്തോഷമുണ്ട്", എന്നായിരുന്നു അഖിലേഷ് യാദവിന്‍റെ പ്രതികരണം.

ഗോരഖ്പൂർ സ്വദേശിയായ ആദിത്യനാഥ് 1998 മുതൽ 2017ൽ മുഖ്യമന്ത്രിയാകുന്നതുവരെ ഗോരഖ്പൂർ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News