വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിനു പിന്നാലെ ആശുപത്രി നവീകരണത്തിന് ഉത്തരവ്; മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ സർക്കുലർ വിവാദത്തിൽ
മമത സർക്കാറും പൊലീസും പറഞ്ഞത് പച്ച കള്ളമാണെന്ന് വ്യക്തമായതായി ബിജെപി
കൊൽക്കത്ത: ആർജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ടതിന്റെ തൊട്ടുടത്ത ദിവസം തന്നെ ആശുപത്രി നവീകരണത്തിന് ഉത്തരവിട്ട മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ സർക്കുലർ വിവാദത്തിൽ. നവീകരണത്തിന് ഉത്തരവിട്ടുകൊണ്ട് സന്ദീപ് ഘോഷ് ഒപ്പിട്ട സർക്കുലർ ബിജെപി ദേശീയ വക്താവ് അമിത് മാളവ്യ സമൂഹ മാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം വിവാദത്തിലായത്. ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കുറ്റകൃത്യം മറച്ചുവെക്കാനുള്ള ആശുപത്രിയുടെ ശ്രമമാണ് ഇതിനു പുറകിലെന്ന് അദ്ദേഹം ആരോപിച്ചു.
ഓഗസ്ത് 10നാണ് ആശുപത്രിയിലെ സെമിനാർ ഹാളിനോട് ചേർന്നുള്ള ടോയ്‌ലറ്റുകളുടെ നവീകരണത്തിനും നിർമാണത്തിനും ഉത്തരവിട്ടുകൊണ്ടുള്ള സർക്കുലർ സന്ദീപ് പുറത്തിറക്കിയത്. ഇതിന് സമീപത്തുള്ള സെമിനാർ ഹാളിൽ വെച്ചാണ് വനിതാ ഡോക്ടർ പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. ആശുപത്രി നവീകരണത്തിന് ഉത്തരവിട്ടത് കൊലപാതകത്തിന് മുമ്പാണെന്ന വാദം തെറ്റാണെന്ന് ഇതിനോടകം വ്യക്തമായെന്നും മമത സർക്കാറും പൊലീസും പറഞ്ഞത് പച്ച കള്ളമാണെന്നും മാളവ്യ എക്‌സിൽ കുറിച്ചു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് കൃത്രിമം കാണിക്കാനുള്ള ആശുപത്രി അധികൃതരുടെ നടപടിയിൽ ആരോപണം ഉന്നയിച്ച് കൊല്ലപ്പെട്ടെ ഡോക്ടറുടെ സഹപ്രവർത്തകരും പ്രതിഷേധക്കാരും രം?ഗത്തുവന്നെങ്കിലും പൊലീസ് കമ്മീഷണർ ആരോപണങ്ങളേയെല്ലാം തള്ള പറയുകയായിരുന്നു എന്നും ബംഗാൾ ബിജെപി അധ്യക്ഷൻ സുകാന്ത മജുംദാർ ആരോപിച്ചു. ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് ഒപ്പു വെച്ച വിവാദ ഉത്തരവ് അദ്ദേഹവും സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചു.
വിവാദ ഉത്തരവിൽ ആശുപത്രിയിലെ എല്ലാ ഡിപ്പാർട്ട്മെന്റുകളിലും പ്രത്യേക അറ്റാച്ച്ഡ് ടോയ്ലറ്റുകളോടൊപ്പം ഡ്യൂട്ടി ഡോക്ടർമാരുടെ റൂമിന്റെ അറ്റകുറ്റപ്പണി/നവീകരണം/പുനർനിർമ്മാണം എന്നിവ അടിയന്തരമായി ഏറ്റെടുക്കാൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദേശം നൽകിയിരുന്നു. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ബിജെപി.
ഓഗസ്‌ററ് 9നാണ് ആശുപത്രിയിലെ സെമിനാർ ഹാളിൽ വെച്ച് ട്രെയിനി ഡോക്ടറുടെ മൃതദേഹം കണ്ടെത്തിത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ആശുപത്രിയിലെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് സന്ദീപ് ഘോഷിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.