അഗ്നിപഥിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഉദ്യോഗാര്‍ഥികള്‍; ഇന്ന് ബന്ദിന് ആഹ്വാനം
ഔദ്യോഗികമായി ആരും ഭാരത് ബന്ദിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല
ഡല്‍ഹി: രാജ്യത്ത് അഗ്നിപഥിനെതിരായ പ്രതിഷേധം തുടരുന്നു. ഇന്ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഉദ്യോഗാർഥികൾ. ബിഹാർ, ഉത്തർപ്രദേശ്, ഹരിയാന തുടങ്ങി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ ബന്ദ് ബാധിച്ചേക്കും. ബന്ദിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ പൊലീസിന് ജാഗ്രതാ നിർദേശം നൽകി.
ഔദ്യോഗികമായി ആരും ഭാരത് ബന്ദിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. എന്നാൽ ഹരിയാനയിലും ഉത്തർപ്രദേശിലും പ്രതിഷേധം കൂടുതൽ ശക്തമാകുന്നതിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകൾ അതീവ ജാഗ്രതയിലാണ്. ബിഹാറിൽ അക്രമ സംഭവങ്ങൾക്ക് ഇന്നലെ നേരിയ കുറവുണ്ടായെങ്കിലും ഇന്ന് വീണ്ടും സ്ഥിതി മോശമാകാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് 15 ജില്ലകളിൽ ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് വിലക്ക് നീട്ടിയിട്ടുണ്ട്. ഈ മാസം 16 മുതൽ 18 വരെ നടന്ന അക്രമ സംഭവങ്ങളിൽ 145 എഫ്ഐആറുകൾ പ്രകാരം 804 ആളുകൾക്ക് എതിരെയാണ് ബിഹാർ പൊലീസ് ഇതുവരെ കേസ് എടുത്തിട്ടുള്ളത്.
ഭാരത് ബന്ദിന്‍റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ ഇടങ്ങളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സെക്കന്തരാബാദിൽ പ്രതിഷേധത്തിനിടെ ട്രെയിൻ കത്തിച്ച സംഭവത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളിലെ നിരീക്ഷണം കേന്ദ്ര സർക്കാർ കടുപ്പിച്ചിട്ടുണ്ട്. അഗ്നിപഥിനെതിരെ വ്യാജ പ്രചരണം നടത്തിയ 35 വാട്സ്ആപ്പ് ഗ്രൂപ്പുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെട്ട് പൂട്ടിച്ചു. ട്രെയിനുകൾക്ക് നേരെ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഭാരത് ബന്ദ് ദിനത്തിൽ ബിഹാർ, ബംഗാൾ വഴിയുള്ള 10 ട്രെയിനുകൾ റദ്ദാക്കുകയും രണ്ട് ട്രെയിനുകൾ റീ ഷെഡ്യൂൾ ചെയ്യുകയും ചെയ്തു.