ഗോസേവാ അയോഗിൽ 25000 രൂപ നൽകണമെന്ന് വ്യവസ്ഥ; ഗോവധം തടയൽ നിയമപ്രകാരം അറസ്റ്റിലായയാൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി
ഒരൊറ്റ അറസ്‌റ്റോടെ അഞ്ചു കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്
അലഹബാദ്: ഗോസേവാ അയോഗിൽ 25000 രൂപ നൽകണമെന്ന വ്യവസ്ഥയിൽ ഗോവധം തടയൽ നിയമപ്രകാരം അറസ്റ്റിലായ ആൾക്ക് ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി. 1955 ലെ ഉത്തർപ്രദേശ് ഗോവധം തടയൽ നിയമപ്രകാരം അറസ്റ്റിലായയാൾ പുറത്തിറങ്ങി നാലാഴ്ചക്കകം 'യു.പി ഗോസേവാ അയോഗ് ലഖ്‌നൗ' വിലേക്ക് തുക അടയ്ക്കണമെന്ന് ഉത്തരവിട്ടാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൗരഭ് ലവാനിയയുടെ ബെഞ്ചാണ് ഉത്തരവിട്ടത്. സോനു കസായിയെയാണ് പശുവിറച്ചി കൈവശം വെച്ചെന്ന് ആരോപിച്ച് പിടികൂടിയിരുന്നത്. 3, 5, 8 സെക്ഷനുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. എന്നാൽ സംഭവത്തിന് ദൃക്‌സാക്ഷികളില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു.
കണ്ടെത്തിയത് ബീഫ് തന്നെയാണെന്ന് തെളിയാനുള്ള എഫ്എസ്എൽ റിപ്പോർട്ട് പുറത്തുവരാനുണ്ട്. എങ്കിലും ഒരൊറ്റ അറസ്‌റ്റോടെ അഞ്ചു കേസുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിലെ ഇതര പ്രതികളായ റാഷിദ്, സൂരജ് പ്രകാശ്, ആസിം എന്ന ഹാഷിം എന്നിവരെ ഹൈക്കോടതി നേരത്തെ ജാമ്യത്തിൽ വിട്ടിരുന്നു. പ്രതി സോനു കസായ് പശുവിനെയും കിടാങ്ങളെയും ഇഷ്ടപ്പെടുന്ന ആളാണെന്നും ഗോശാലകൾക്ക് സംഭാവന നൽകാറുണ്ടെന്നും കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു.
Alahabad High Court grants bail To a person arrested under the Prevention of Slaughter Act on condition that he pays Rs 25000 to Gosewa Ayog