അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച; 36 പരീക്ഷകൾ റദ്ദാക്കി

സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി

Update: 2025-03-23 09:14 GMT
Editor : സനു ഹദീബ | By : Web Desk
അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർച്ച; 36 പരീക്ഷകൾ റദ്ദാക്കി
AddThis Website Tools
Advertising

ദിസ്‌പൂർ: അസമിൽ വീണ്ടും ചോദ്യപേപ്പർ ചോർന്നു. സംസ്ഥാന ബോർഡിന്റെ പതിനൊന്നാം ക്ലാസ് ചോദ്യപേപ്പറുകളാണ് ചോർന്നത്. മാർച്ച് 24 മുതൽ 29 വരെ നടക്കാനിരുന്ന 36 പരീക്ഷകൾ റദ്ദാക്കി. സംഭവത്തിൽ അസം സ്കൂൾ വിദ്യാഭ്യാസ ബോർഡ് പൊലീസിൽ പരാതി നൽകി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂന്ന് സർക്കാർ സ്ഥാപനങ്ങൾ ഉൾപ്പെടെ 18 സ്‌കൂളുകൾ പരീക്ഷക്ക് ഒരുദിവസം മുൻപേ സീൽ പൊട്ടിച്ചതിനാലാണ് ചോദ്യപേപ്പർ ചോർന്നതെന്ന് വിദ്യാഭ്യാസ മന്ത്രി റാനോജ് പെഗു പറഞ്ഞു. സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2025-26 അധ്യയന വർഷത്തേക്ക് ഈ സ്കൂളുകളിൽ 11-ാം ക്ലാസ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.

നേരത്തെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ചിരുന്നു. അസം സ്റ്റേറ്റ് സ്കൂൾ വിദ്യാഭ്യാസ ബോർഡിന്റെ മാർച്ച് 21 ന് നടക്കേണ്ടിയിരുന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ ഗണിതശാസ്ത്ര ചോദ്യപേപ്പർ ആണ് ചോർന്നത്. പിന്നാലെ പരീക്ഷ റദ്ദാക്കി പോലീസിൽ പരാതി നൽകുകയായിരുന്നു.

ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകൾ മാർച്ച് 6 ന് മുതൽ മാർച്ച് 29 വരെയായിരുന്നു നടക്കേണ്ടിയിരുന്നത്. "ചോദ്യപേപ്പർ ചോർച്ചയും പ്രോട്ടോക്കോൾ ലംഘനവും കാരണം, 2025 ലെ എച്ച്എസ് ഒന്നാം വർഷ പരീക്ഷയുടെ ശേഷിക്കുന്ന വിഷയങ്ങളുടെ പരീക്ഷകൾ റദ്ദാക്കി," റാനോജ് പെഗു പങ്കുവെച്ച എക്സ് പോസ്റ്റിൽ പറഞ്ഞു. പരീക്ഷയുടെ പുതിയ സമയക്രമം നാളെ നടക്കുന്ന ബോർഡ് യോഗത്തിൽ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പന്ത്രണ്ടാം ക്ലാസ് കണക്ക് ചോദ്യപേപ്പറുകളുടെ സീൽ നിശ്ചിത സമയത്തിന് മുമ്പ് പൊട്ടിച്ചതിന് 15 സ്വകാര്യ സ്കൂളുകളുടെ അഫിലിയേഷൻ ബോർഡ് മരവിപ്പിച്ചു.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News