ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍

മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസാണ് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്

Update: 2022-06-28 09:41 GMT
Advertising

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈര്‍ അറസ്റ്റില്‍. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ഡൽഹി പൊലീസാണ് സുബൈറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ സുബൈറിനെ അറസ്റ്റ് ചെയ്തിട്ടും എഫ്.ഐ.ആറിനെ കുറിച്ചുള്ള വിവരങ്ങൾ ഡല്‍ഹി പൊലീസ് നൽകിയില്ലെന്ന് ആൾട്ട് ന്യൂസ് സ്ഥാപകൻ പ്രതീക് സിൻഹ ആരോപിച്ചു.

യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ആൾട്ട് ന്യൂസിനെതിരെ സൈബർ ആക്രമണവും നടത്തിയിരുന്നു.

2020ലെ കേസിലാണ് സുബൈറിനെ അറസ്റ്റ് ചെയ്തതതെന്നും എന്നാല്‍ ആ കേസില്‍ അറസ്റ്റിനെതിരായ പരിരക്ഷ മുഹമ്മദ് സുബൈറിന് ഹൈക്കോടതി അനുവദിച്ചിരുന്നതാണെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനായ പ്രതീക് സിന്‍ഹ ട്വിറ്ററില്‍ കുറിച്ചു. സുബൈറിനെ അന്വേഷണ സംഘം വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നെന്നും എഫ്.ഐ.ആര്‍ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. വ്യാജങ്ങളായ വാദങ്ങളെ തുറന്നുകാട്ടുന്നതില്‍ മുന്‍പന്തിയില്‍ നിന്ന മാധ്യമപ്രവര്‍ത്തകനാണ് മുഹമ്മദ് സുബൈർ എന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ് അഭിപ്രായപ്പെട്ടു.

സത്യാനന്തര കാലഘട്ടത്തില്‍ തെറ്റായ വിവരങ്ങൾ തുറന്നുകാട്ടുന്ന മാധ്യമമായിരുന്നു ആൾട്ട് ന്യൂസെന്നും ആ സ്ഥാപനത്തിന്‍റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈറിനെ ഉടന്‍ തന്നെ സ്വതന്ത്രനാക്കണമെന്നും ശശി തരൂര്‍ എം.പി ട്വിറ്ററില്‍ കുറിച്ചു.

അറസ്റ്റിനെ അപലപിച്ച് സി.പി.എമ്മും രംഗത്തെത്തി.

വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈറെന്നും അദ്ദേഹത്തിന്‍റെ അറസ്റ്റ് അപലപനീയമാണെന്നും സി.പി.എം പറഞ്ഞു. സ്വേച്ഛാധിപത്യ നടപടികളുടെ ഉപകരണമായാണ് ഡൽഹി പൊലീസ് പ്രവര്‍ത്തിക്കുന്നത്. ഡല്‍ഹി പൊലീസിന്‍റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവും ആണ്. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കണം. സി.പി.എം ആവശ്യപ്പെട്ടു

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News