ഇന്ത്യൻ സ്‌കൂളുകളിൽ കംപ്യൂട്ടർ സയൻസ് പാഠ്യപദ്ധതിയൊരുക്കി ആമസോൺ
ആദ്യ ഘട്ടത്തിൽ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ ഗവൺമെൻറ് തലത്തിലും എയിഡഡ് തലത്തിലുമായുള്ള 900 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് കംപ്യൂട്ടർ വിദ്യാഭ്യാസം ലഭിക്കുക
ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 അല്ല, ഇന്ത്യൻ സ്‌കൂൾ കമ്പനിയാണ് ആമസോണെന്ന് പറയേണ്ടിവരും. കാരണം ആമസോണിനെ ഈസ്റ്റ് ഇന്ത്യ കമ്പനി 2.0 എന്ന് വിളിച്ച് സംഘ്പരിവാർ മാസികയായ പാഞ്ചജന്യ കവർസ്‌റ്റോറിയിറക്കി ദിവസങ്ങൾക്ക് ശേഷം ഇന്ത്യയിലാകെ സ്‌കൂൾ തലത്തിൽ കംപ്യൂട്ടർ സയൻസ് വിദ്യാഭ്യാസത്തിന് അവസരമൊരുക്കുകയാണ് കമ്പനി.
പിന്നാക്ക വിഭാഗത്തിനും താഴെത്തട്ടിലുള്ളവർക്കും ഗുണമേന്മയുള്ള കംപ്യൂട്ടർ സയൻസ് വിദ്യാഭ്യാസം നൽകാനും മികച്ച കരിയർ കണ്ടെത്താൻ അവസരമൊരുക്കാനും ലക്ഷ്യമിട്ട് ഇന്ത്യയിൽ ഗ്ലോബൽ കംപ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പ്രോഗ്രാമായ ആമസോൺ ഫ്യൂച്ചർ എൻജിനിയർ (എ.എഫ്.ഇ.) കോഴ്‌സാണ് ആമസോൺ നടത്തുന്നത്.
സ്‌കൂളുകളിൽ ആറു മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്നവർക്കാണ് പദ്ധതി പ്രയോജനപ്പെടുക. അധ്യാപകർക്കും കംപ്യൂട്ടർ സയൻസ് പഠിപ്പിക്കുന്നതിന് പരിശീലനം നൽകും.
ആഗോള വിദ്യാഭ്യാസ പങ്കാളിയായ 'കോഡ്.ഓർഗ്'മായി ചേർന്നാണ് പദ്ധതി നടപ്പാക്കുക. കംപ്യൂട്ടർ സയൻസിനായി പ്രവർത്തിക്കുന്ന ആഗോള നൺപ്രൊഫിറ്റ് സംഘടനയാണിത്.
പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ രാജ്യത്തെ ഏഴു സംസ്ഥാനങ്ങളിൽ ഗവൺമെൻറ് തലത്തിലും എയിഡഡ് തലത്തിലുമായുള്ള 900 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് കംപ്യൂട്ടർ വിദ്യാഭ്യാസം ലഭിക്കുക. കർണാടക, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് ആദ്യ ഘട്ടത്തിലുള്ളത്.
തൊഴിൽ രംഗത്ത് കംപ്യൂട്ടർ വിദ്യാഭ്യാസം വലിയ അവസരമാണ് ഒരുക്കുന്നതെന്നും ചെറുപ്പത്തിലേ ഇവ പഠിക്കാനാകുന്നത് ഇന്ത്യയിലെ പുതുതലമുറക്ക് നല്ല ഭാവി നൽകുമെന്നും ആമസോണിന്റെ ഇന്ത്യാ മേധാവിയും ഗ്ലോബൽ സീനിയർ വൈസ് പ്രസിഡൻറുമായ അമിത് അഗർവാൾ പറഞ്ഞു.
പ്രാദേശിക ഭാഷയിൽ മികച്ച ഉള്ളടക്കം കിട്ടാത്തതും നല്ല മാതൃകകൾ ഇല്ലാത്തതും കംപ്യൂട്ടർ സയൻസ് കരിയറിൽ യുവതക്ക് തടസ്സമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഠിക്കാൻ അഭിനിവേശമുള്ളപ്പോൾ അവസരമില്ലാത്തതാണ് വലിയ പ്രശ്‌നമെന്നും അതിന് ആമസോൺ അവസരം ഒരുക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇതിനായി സർക്കാറുമായും സർക്കാറേതര സംഘടനകളുമായും സഹകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സാഹചര്യത്തിന് ഇണങ്ങുന്ന രീതിയിലാണ് പാഠ്യപദ്ധതി തയാറാക്കുക. കോഡിംഗ്, ആർട്ടിഫിഷ്യൽ ഇൻറലിജൻറ്‌സ്, മെഷീൻ ലേണിംഗ്, നാച്ചുറൽ ലാംഗേജ് പ്രൊസ്സസിംഗ് എന്നിവ ഇന്ത്യൻ ഭാഷകളിൽ തന്നെ പഠിപ്പിക്കും.
ഇൻഡസ്ട്രിയെ കുറിച്ച് മനസ്സിലാക്കാൻ ആമസോണിൽ ജോലി ചെയ്യുന്നവരുമായി 'ചാറ്റ് ക്ലാസും' നടത്തും.
അടുത്ത കുറച്ചുവർഷങ്ങൾക്കുള്ളിൽ കംപ്യൂട്ടർ സയൻസ് വിദ്യാഭ്യാസ പദ്ധതി ഇന്ത്യയിലുടനീളം വ്യാപിപ്പിക്കും. സ്‌കോളർഷിപ്, ഇന്റേൺഷിപ്, പ്രോബ്ലം സോൾവിംഗ് ഹാക്കത്തോൺ പരിപാടികൾ, മെൻറർഷിപ് പ്രോഗ്രാമുകൾ എന്നിവ നടത്തും.