50 ശതമാനം കൂട്ടി ആമസോൺ; 60 ശതമാനം കുറച്ച് നെറ്റ്ഫ്‌ളിക്‌സ്
നെറ്റ്ഫ്‌ളിക്‌സിന്റെ 499 രൂപയുടെ പ്ലാൻ 199 രൂപയ്ക്ക്, ആമസോണിന്റെ 999 രൂപയുടെ പ്ലാനിന് 1499 രൂപ നൽകേണ്ടിവരും
ഒ.ടി.ടി ഭീമൻമാരായ ആമസോൺ ഇന്ത്യയിലെ നിരക്ക് കുത്തനെ കൂട്ടിയപ്പോൾ നെറ്റ്ഫ്‌ളിക്‌സ് കുത്തനെ കുറച്ചു. ചൊവ്വാഴ്ച മുതൽ ആമസോൺ പ്രൈമിലെ നിലവിലെ നിരക്കിൽ നിന്ന് 50 ശതമാനം കൂടുതൽ നൽകേണ്ടി വരും. ഈ സാഹചര്യം മുതലെടുത്ത് നിരക്കിൽ 60 ശതമാനത്തോളം കുറവ് വരുത്തിയാണ് നെറ്റ്ഫ്‌ളിക്‌സ് വരിക്കാരെ പിടിച്ചുനിർത്തിയത്.
കൊറോണ മഹാമാരിക്കാലത്ത് പുറത്തിറങ്ങാൻ പറ്റാതെ വീട്ടിലിരുന്നവർക്ക് ലഭിച്ച ആശ്വാസമായിരുന്നു ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് വേണ്ടി മാത്രം സിനിമകൾ വരെ റിലീസ് ചെയ്തു. കൊറോണയുടെ വ്യാപനം കുറഞ്ഞതിന് ശേഷം തിയേറ്ററുകൾ തുറക്കുകയും പുതിയ സിനിമകൾ റിലീസ് ചെയ്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഈ സമയത്താണ് നിരക്കിൽ വ്യത്യാസം വരുത്താൻ ഓൺലൈൻ സിനിമ പ്ലാറ്റ്‌ഫോമുകൾ തീരുമാനിച്ചിരിക്കുന്നത്.
ആമസോൺ പ്രൈം അംഗത്വത്തിന് ഡിസംബർ 14 മുതൽ 1499 രൂപ നൽകേണ്ടി വരും. മുമ്പ് ആമസോൺ വാർഷിക പ്രൈ അംഗത്വനിരക്ക് 999 രൂപയായിരുന്നു. 500രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതുപോലെ പ്രതിമാസ നിരക്ക് 129 രൂപയിൽ നിന്ന് 179 രൂപയായി വർധിച്ചു. മൂന്ന് മാസത്തെ പ്ലാനിന് 329 രൂപയായിരുന്നു മുമ്പുണ്ടായിരുന്നത്. ഇപ്പോഴത് 459 രൂപയായി വർധിച്ചു. നിലവിൽ അംഗത്വമുള്ളവർക്ക് ഈ നിരക്ക് ബാധിക്കില്ല. അംഗത്വം അവസാനിച്ച് പുതുക്കുമ്പോൾ പുതിയ നിരക്ക് നൽകേണ്ടിവരും.ആമസോൺ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് നെറ്റ്ഫ്‌ളിക്‌സ് നിരക്ക് കുറച്ചത്. 499 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് ബേസിക് പ്ലാനിന് ഇനി മുതൽ 199 രൂപ നൽകിയാൽ മതി. അതുപോലെ 199 രൂപയുടെ നെറ്റ്ഫ്‌ളിക് മൊബൈൽ പ്ലാനിന് 25 ശതമാനം നിരക്ക് കുറച്ച് 149 രൂപയാക്കി. 799 രൂപയുടെ നെറ്റ്ഫ്‌ളിക്‌സ് പ്രീമിയം പ്ലാൻ 649 രൂപക്ക് ലഭ്യമാകും. ഈ അക്കൗണ്ട് ഉപയോഗിച്ച് നാലുപേർക്ക് സിനിമകൾ കാണാൻ സാധിക്കും. മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളി ഈ ക്രിസ്തുമസിന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസാകുന്നത്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയുടെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. ദുൽഖർ സൽമാൻ നായകനായി തിയേറ്ററിൽ റിലീസ് ചെയ്ത കുറുപ്പും അടുത്ത് തന്നെ നെറ്റ്ഫ്‌ളിസിലെത്തുന്നുണ്ട്. ഇതിന് പുറമെ വമ്പൻ സീരിയസുകളും സിനിമകളും നെറ്റ്ഫ്‌ളിക്‌സിനായി ഒരുങ്ങുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കുക എന്നതാണ് നെറ്റഫ്‌ളിക്‌സ് ലക്ഷ്യമിടുന്നത്.