അമേഠിയും റായ്ബറേലിയും ഇന്ന് വിധിയെഴുതും; അമേഠി തിരിച്ചുപിടിക്കാനാവുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്
49 മണ്ഡലങ്ങളിൽ 40 മണ്ഡലങ്ങളിൽ ബി.ജെ.പി മത്സരിക്കുമ്പോൾ കോൺഗ്രസ് ബി.ജെ.പിയുമായി നേരിട്ട് പോരാടുന്നത് 18 ഇടത്ത് മാത്രമാണ്.
ന്യൂഡൽഹി: ശ്രദ്ധേയ മണ്ഡലങ്ങളായ ഉത്തർപ്രദേശിലെ റായ്ബറേലിയും അമേഠിയും ഇന്ന് ജനവിധിയെഴുതും. റായ്ബറേലിയിൽ രാഹുലിലൂടെ ഭൂരിപക്ഷം വർധിപ്പിക്കാമെന്നും, അമേഠി തിരിച്ചുപിടിക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് കോൺഗ്രസ്. 49 മണ്ഡലങ്ങളിൽ 40 മണ്ഡലങ്ങളിൽ ബി.ജെ.പി മത്സരിക്കുമ്പോൾ കോൺഗ്രസ് ബി.ജെ.പിയുമായി നേരിട്ട് പോരാടുന്നത് 18 ഇടത്ത് മാത്രമാണ്.
തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ ഉയർന്ന ചോദ്യമാണ് അമേഠിയിലും റായ്ബറേലിയിലും കോൺഗ്രസ് സ്ഥാനാർഥികൾ ആരാണ് എന്നത്. 80 സീറ്റിൽ 79 ഉം കൈവിട്ടപ്പോൾ കോൺഗ്രസിന് കഴിഞ്ഞ തവണ ഒരു തുരുത്തായത് റായ്ബറേലി ആയിരുന്നു. രാഹുൽ ഗാന്ധി മത്സരിക്കാനെത്തിയതോടെ പോരാട്ടം ശക്തമായി. ഈ ലോക്‌സഭാ സീറ്റ് മോഹിച്ചു കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ ചേർന്ന അതിഥി സിങ്ങിനെ ബി.ജെ.പി പരിഗണിച്ചില്ല. കഴിഞ്ഞ തവണ സോണിയാ ഗാന്ധിയുടെ വോട്ട് വിഹിതം 24 ശതമാനം കുറച്ച യു.പി സംസ്ഥാന മന്ത്രി ദിനേശ് പ്രതാപ് സിങ്ങിനെയാണ് ബി.ജെ.പി കളത്തിലിറക്കിയത്.
അമേഠിയിൽ രാഹുലോ പ്രിയങ്കയോ എതിരാളിയായി എത്തുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിക്കെതിരെ കോൺഗ്രസ് നിർത്തിയത് കെ.എൽ ശർമ എന്ന സാധാരണ പ്രവർത്തകനെ. മല്ലികാർജുൻ ഖാർഗെ, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ വൻ മരങ്ങൾ 2019ൽ കടപുഴകിയത്, മുൻ പി.എ അടക്കമുള്ള സാധാരണക്കാരുടെ മുന്നിലായിരുന്നു. ഈ ചരിത്രം അമേഠിയിൽ ആവർത്തിക്കുമോ എന്നതാണ് ചോദ്യം. ലഖ്‌നോവിൽ ഹാട്രിക് വിജയം തേടിയാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇറങ്ങിരിക്കുന്നത്. ഓരോ മത്സരത്തിലും ഭൂരിപക്ഷം വർധിപ്പിക്കുന്ന രാജ്നാഥ് സിങ് എസ്.പി സ്ഥാനാർഥി രവിദാസ് മെർഹോത്രയിൽ നിന്നും കടുത്ത മത്സരമാണ് നേരിടുന്നത്. ഇന്ന് വോട്ടെടുപ്പ് നടക്കുന്ന യു.പിയിലെ 14 മണ്ഡലങ്ങളിൽ 13 ഇടത്തും കഴിഞ്ഞ തവണ ബി.ജെ.പിയാണ് ജയിച്ചത്.