അങ്കോല അപകടം; കരസേന സംഘവും സ്ഥലത്തെത്തി: തെരച്ചിൽ അത്യാധൂനിക സംവിധാനങ്ങൾ ഉപയോ​ഗിച്ച്

ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും സംഭവസ്ഥലത്ത്

Update: 2024-07-21 09:34 GMT
Advertising

അങ്കോല: കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ര​ക്ഷാപ്രവർത്തനത്തിൽ പങ്കാളികളാവാൻ 60 അംഗ കരസേന സംഘം സ്ഥലത്തെത്തി. രാവിലെ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്നങ്ങൾ മൂലം സംഘത്തിന്റെ വരവ് വൈകുകയായിരുന്നു. ലോറി പുഴയിലേക്ക് ഒഴുകി പോയിട്ടില്ലെന്ന് സ്ഥിരീകരിച്ചതിനാൽ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് തന്നെ തിരച്ചിൽ ശക്തമാക്കാനാണ് കരസേന ലക്ഷ്യമിടുക.

ക‍ർണാടക മുഖ്യമന്ത്രി സിദ്ധരാമയ സംഭവ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. റവന്യൂ മന്ത്രി, കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ, കോഴിക്കോട് എം.പി എം.കെ രാഘവൻ  തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം മണ്ണിനടയിൽ നിന്ന് ഒരു വാഹനത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചെന്ന സ്ഥിരീകരിക്കാത്ത വാർത്തയും പുറത്തു വരുന്നുണ്ട്. പക്ഷെ ഇതിൽ കൂടുതൽ വ്യക്തതകൾ വരാനുണ്ട്.

Full View

ലോറി കിടക്കുന്നു എന്ന് സംശയിക്കുന്ന സ്ഥലത്ത് കൂടുതൽ മണ്ണ് നീക്കി രക്ഷാപ്രവർത്തനം നടത്താനാണ് ശ്രമം. അത്യാധൂനിക സംവിധാനങ്ങൾ ഉപയോഗിച്ചാകും രക്ഷാപ്രവർത്തനം നടക്കുക. അതേസമയം ഇടവിട്ട് പെയ്യുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്. രാവിലെ 8.30 മുതൽ സന്നദ്ധപ്രവർത്തകരും ദേശീയ സംസ്ഥാന ദുരന്തനിവാരണ സേനയും തിരച്ചിൽ തുടങ്ങിയിരുന്നു. നാവികസേനാ സംഘം തിരച്ചിൽ തുടരുകയാണ്.

തെരച്ചിലിന് സഹായകമാവുന്ന ഉപഗ്രഹചിത്രങ്ങൾ ലഭ്യമാക്കി ഐഎസ്ആർഒയും രക്ഷാദൗത്യത്തിൽ പങ്കാളിയാകുമെന്ന് അറിയിച്ചിട്ടുണ്ട്. കർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്ൽ അടക്കമുള്ള ജനപ്രതിനിധികൾ സംഭവസ്ഥലത്തെത്തിയിരുന്നു.

Full View

പുഴയിലേക്ക് ലോറി ഒഴുകിപ്പോയിട്ടില്ലെന്ന് ദൗത്യസംഘം ഉറപ്പുവരുത്തിയിട്ടുണ്ട്. ഇന്നലെ നാവികസേനയും ഈ വിവരം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രണ്ട് സിഗ്നലുകൾ ലഭിച്ച സ്ഥലത്തേക്ക് തന്നെ രക്ഷാപ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുകയാണ്. രണ്ട് ജെസിബികളാണ് ഇവിടെ മണ്ണെടുപ്പ് നടത്തുന്നത്. ഇത് ചെയ്യുമ്പോൾ തൊട്ടടുത്തുള്ള സ്ഥലത്തെയും മണ്ണിടിയാൻ സാധ്യതയുണ്ടെന്നതിനാൽ ഇത് തടയുന്നതിനാണ് മറ്റ് ജെസിബികൾ.

ചൊവ്വാഴ്ചയാണ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് മരവുമായി കേരളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News