ഉത്തർപ്രദേശിന് പുറമേ കൂടുതൽ കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ അയോധ്യയിലേക്ക്
രാഹുൽ ഗാന്ധി അയോധ്യ സന്ദർശിക്കണമെന്ന് ആവശ്യപ്പെടുമെന്ന് യു.പി കോൺഗ്രസ് അറിയിച്ചു.
ന്യൂഡൽഹി: ഉത്തർപ്രദേശിന് പുറമേ കൂടുതൽ കോൺഗ്രസ് സംസ്ഥാന ഘടകങ്ങൾ അയോധ്യ സന്ദർശിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഹിമാചൽപ്രദേശ് പി.സി.സി സംഘങ്ങളാണ് പ്രതിഷ്ഠാ ചടങ്ങിന് ശേഷം അയോധ്യ സന്ദർശിക്കുക. രാഹുൽ ഗാന്ധി അയോധ്യ സന്ദർശിക്കണമെന്ന് ആവശ്യപ്പെടുമെന്ന് യു.പി കോൺഗ്രസ് അറിയിച്ചു.
ഉത്തർപ്രദേശിലെ കോൺഗ്രസ് നേതാക്കൾ ഇന്ന് അയോധ്യ സന്ദർശിക്കുന്നുണ്ട്. ഉച്ചക്ക് 12ന് രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സരയൂ നദിയിൽ സ്‌നാനം ചെയ്ത് മറ്റു ക്ഷേത്രങ്ങളും സന്ദർശിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി അവിനാശ് പാണ്ഡെ, പി.സി.സി അധ്യക്ഷൻ അജയ് റായ്, പ്രമോദ് തിവാരി എം.പി, അനുരാധ മിശ്ര, പി.എൽ പുനിയ എന്നിവരാണ് അയോധ്യ സന്ദർശിക്കുന്നത്.
വിശ്വാസികൾ രാമക്ഷേത്രം സന്ദർശിക്കുന്നതിന് എതിരല്ലെന്ന നിലപാടിലാണ് കോൺഗ്രസ്. പണി പൂർത്തിയാകാത്ത ക്ഷേത്രത്തിൽ ജനുവരി 22-ന് രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രതിഷ്ഠ നടത്തുന്നതിനെയാണ് എതിർക്കുന്നതെന്നും നേതാക്കൾ പറയുന്നു. പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സോണിയാ ഗാന്ധി സ്വീകരിക്കണമെന്ന് ദിഗ്‌വിജയ് സിങ് നേരത്തെ ആവശ്യപ്പെട്ടിരന്നു.