കിഴക്കൻ ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി മേഖലയിൽ സൈനിക പിൻമാറ്റം തുടങ്ങി
ഉസ്‌ബെക്കിസ്ഥാനിൽ അടുത്തയാഴ്ച ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എത്തുന്നുണ്ട്. ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ ഇന്ത്യ - ചൈന അതിർത്തി ഗോഗ്ര - ഹോട്‌സ്പ്രിങ്സ് മേഖലയിൽ നിന്ന് സൈനിക പിൻമാറ്റം തുടങ്ങി. ഇതോടെ ഇരു സൈന്യങ്ങളും ഡെസ്പാങ്ങിൽ മാത്രമാണ് ഇനി നേർക്കുനേർ ഉണ്ടാകുക. ദിവസങ്ങൾ എടുത്താകും സൈനിക പിൻമാറ്റം പൂർത്തിയാകുക.
ഉസ്‌ബെക്കിസ്ഥാനിൽ അടുത്തയാഴ്ച ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ യോഗത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും എത്തുന്നുണ്ട്. ഇരു നേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടന്നേക്കുമെന്നാണ് റിപ്പോർട്ട്. ഇതിനു മുന്നോടിയായി സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നു വിലയിരുത്തുന്നു. എന്നാൽ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക വിശദീകരണമില്ല.
2020 ഏപ്രിൽ-മേയ് മാസങ്ങളിലാണ് ചൈനീസ് സൈന്യം കിഴക്കൻ ലഡാക്കിൽ നേരത്തെ സൈനിക വിന്യാസമുണ്ടാകാതിരുന്ന സ്ഥലങ്ങളിൽ കടന്നുകയറുകയും ഇവരെ പ്രതിരോധിച്ച് ഇന്ത്യൻ സേന നേർക്കുനേർ നിൽക്കുകയും ചെയ്തത്. ഒടുവിൽ ജൂണിൽ ഗാൽവാനിൽ ഇരു സൈനികരും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥവരെ എത്തിയിരുന്നു. നേരത്തെ പലതവണ ചൈനയോട് പിന്മാറണമെന്ന് ആവശ്യപ്പെട്ടിരുന്നെകിലും ഫലമുണ്ടായിരുന്നില്ല.