'പെട്രോൾ വില കൂടാനിടയാക്കിയത് ഷാജഹാൻ താജ്മഹൽ നിർമിച്ചത്'; മോദിയെ പരിഹസിച്ച് അസദുദ്ദീൻ ഉവൈസി
രാജ്യത്തെ 20 കോടി മുസ്‌ലിംകൾ അവരുടെ പ്രപിതാക്കൾ ജിന്നയുടെ നിർദേശം തിരസ്‌കരിച്ച് ഇന്ത്യയിൽ തങ്ങിയതിന്റെ സാക്ഷികളാണെന്നും ഉവൈസി
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ വില കൂടാനിടയാക്കിയത് താജ്മഹൽ നിർമിച്ചതാണെന്നും അല്ലെങ്കിൽ പെട്രോൾ ലിറ്ററിന് 40 രൂപ നിരക്കിൽ കിട്ടിയേനേയെന്നും ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ തലവൻ അസദുദ്ദീൻ ഉവൈസി എം.പി. ഒരു പൊതുയോഗത്തിൽ ഉവൈസി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ എഐഎംഐഎം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഈ പ്രസംഗത്തിലാണ് കേന്ദ്രസർക്കാറിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ ഉവൈസി ആക്ഷേപ ഹാസ്യത്തിലൂടെ പ്രതികരിച്ചത്.
രാജ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾക്ക് ഭരണ കക്ഷിയായ ബിജെപി മുഗളന്മാരെയും മുസ്‌ലിംകളെയും കുറ്റപ്പെടുത്തുന്നത് ചൂണ്ടിക്കാട്ടിയാണ് ഉവൈസി കേന്ദ്രത്തെ പരിഹസിച്ചത്. ''രാജ്യത്തെ യുവാക്കൾ തൊഴിൽരഹിതരാണ്. പണപ്പെരുപ്പം വർധിച്ചുകൊണ്ടിരിക്കുന്നു. ഡീസൽ ലിറ്ററിന് 102 രൂപയ്ക്കാണ് വിൽക്കുന്നത്. എല്ലാത്തിനും ഔറംഗസേബാണ് ഉത്തരവാദി. (പ്രധാനമന്ത്രി നരേന്ദ്ര)മോദിയല്ല. തൊഴിലില്ലാത്തതിന് അക്ബറാണ് കാരണക്കാരൻ. പെട്രോൾ ലിറ്ററിന് 102ഉം 115ഉം രൂപയായതിന് ഉത്തരവാദി താജ്മഹൽ നിർമിച്ചയാളാണ്'' പൊതുയോഗത്തിൽ ഉവൈസി പറഞ്ഞു.
''അദ്ദേഹം താജ് മഹൽ പണിതിരുന്നില്ലെങ്കിൽ പെട്രോൾ 40 രൂപയ്ക്ക് ലഭിക്കുമായിരുന്നു. പ്രധാനമന്ത്രീ... താജ് മഹലും ചെങ്കോട്ടയും നിർമിച്ച ഷാജഹാൻ തെറ്റ് ചെയ്തതായി ഞാൻ അംഗീകരിക്കുന്നു. അദ്ദേഹം ആ പണം സൂക്ഷിച്ച് വെച്ച് മോദിജിക്ക് 2014ൽ കൈമാറേണ്ടിയിരുന്നു. എല്ലാ കാര്യത്തിനും മുസ്‌ലിംകളാണ് ഉത്തരവാദികൾ, മുഗന്മാരാണ് കാരണക്കാർ എന്നാണ് അവർ പറയുന്നത്'' ഉവൈസി പ്രസംഗിച്ചു.
മുഗന്മാർ മാത്രമാണോ ഇന്ത്യ ഭരിച്ചതെന്നും അശോകയും ചന്ദ്രഗുപ്ത മൗരനും ഭരിച്ചിട്ടില്ലേയെന്നും എന്നാൽ ബിജെപി മുഗളന്മാരെ മാത്രമേ കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവർ മുഗളന്മാരെ ഒരു കണ്ണിലും പാകിസ്താനെ മറുകണ്ണിലും കാണുകയാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ മുസ്‌ലിംകൾക്ക് മുഗളന്മാരുമായോ പാകിസ്താനുമായോ കാര്യവുമില്ലെന്നും തങ്ങൾ മുഹമ്മദലി ജിന്നയുടെ നിർദേശം നിരസിച്ചവരാണെന്നും ഇപ്പോൾ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ 20 കോടി മുസ്‌ലിംകൾ അവരുടെ പ്രപിതാക്കൾ ജിന്നയുടെ നിർദേശം തിരസ്‌കരിച്ച് ഇന്ത്യയിൽ തങ്ങിയതിന്റെ സാക്ഷികളാണെന്നും ഉവൈസി ചൂണ്ടിക്കാട്ടി.
''ഇന്ത്യ നമ്മുടെ പ്രിയ രാജ്യമാണ്. ഒരിക്കലും ഇന്ത്യ വിടില്ല. വിട്ടുപോകാൻ നിങ്ങൾ എത്ര മുദ്രാവാക്യം ഉയർത്തിയാലും ഞങ്ങൾ നാട് വിടില്ല. ഇവിടെ ജീവിക്കും. ഇവിടെ തന്നെ മരിക്കും'' ഉവൈസി പറഞ്ഞു.
Asaduddin Uwaisi mocking pm Narendra Modi on petrol price hike