കുറ്റവാളികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ; 'ഭാരത്‌പോൾ' പോർട്ടലുമായി സിബിഐ
പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും.
ന്യൂഡൽഹി: കുറ്റവാളികളെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന പുതിയ പോർട്ടലുമായി സിബിഐ. ഇന്റർപോൾ മാതൃകയിൽ ഭാരത്‌പോൾ എന്ന പേരിലാണ് പുതിയ പോർട്ടൽ. സിബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് പുതിയ പോർട്ടലിലേക്ക് പ്രവേശിക്കാനാവുക. പുതിയ പോർട്ടലിന്റെ ഉദ്ഘാടനം ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർവഹിക്കും.
Tomorrow is going to be a landmark day, as the BHARATPOL portal, developed by the CBI, will be launched. It will give a new edge to our investigation agencies by enhancing their global reach to fulfil the Modi govt's vision to build a secure Bharat for all.
— Amit Shah (@AmitShah) January 6, 2025
Looking forward to…
കുറ്റവാളികളെ പിടികൂടുന്നതിൽ അന്താരാഷ്ട്ര സഹായത്തിനായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും പൊലീസിനും കേന്ദ്ര ഏജൻസികൾക്കും അവരുടെ അഭ്യർഥനകൾ അയയ്ക്കാനും വിവരങ്ങൾ പങ്കിടുന്നത് ഏകോപിപ്പിക്കാനും സഹായിക്കുന്ന പ്ലാറ്റ്‌ഫോമാണ് ഭാരത്‌പോൾ. അന്വേഷണ ഏജൻസികൾക്ക് പ്രതികളെ കുറിച്ചുള്ള തത്സമയ വിവരങ്ങൾ പെട്ടെന്ന് ലഭ്യമാകാൻ ഭാരത്‌പോൾ സഹായിക്കുമെന്ന് സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു.
അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ പുതിയ പോർട്ടൽ സഹായകരമാകും. ഇന്റർപോളുമായി സഹകരിച്ചു പ്രവർത്തിക്കാൻ ഫീൽഡ്-ലെവൽ പൊലീസ് ഓഫീസർമാർക്ക് അവസരമൊരുക്കുന്നതാണ് പോർട്ടൽ. സൈബർ കുറ്റകൃത്യങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ആസൂത്രിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങി അടിയന്തര അന്താരാഷ്ട്ര സഹായം ആവശ്യമുള്ള കുറ്റകൃത്യങ്ങളിൽ അന്വേഷണം വേഗത്തിലാക്കാനാണ് പുതിയ പോർട്ടൽ വഴി ഉദ്ദേശിക്കുന്നത്.