ശത്രുക്കളാൽ ചുറ്റപ്പെട്ടാൽ എങ്ങനെ അതിജീവിക്കാമെന്ന് അസ്സം ഇസ്രായേലില്‍ നിന്ന് പഠിക്കണം: ഹിമന്ത ബിശ്വ ശര്‍മ

അസ്സമിൻ്റെ അതിർത്തികൾ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശർമ കൂട്ടിച്ചേര്‍ത്തു

Update: 2024-12-11 06:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

ദിസ്പൂര്‍: എതിരാളികളാൽ ചുറ്റപ്പെട്ടാലും അതിജീവിക്കാൻ ഇസ്രായേലിൽ നിന്ന് പാഠം പഠിക്കേണ്ടതുണ്ടെന്ന് അസ്സം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സോനിത്പൂർ ജില്ലയിലെ ജമുഗുരിഹാട്ടിൽ സ്വാഹിദ് ദിവസ് ആഘോഷത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസ്സമിൻ്റെ അതിർത്തികൾ ഒരിക്കലും സുരക്ഷിതമല്ലെന്ന് ശർമ കൂട്ടിച്ചേര്‍ത്തു.

"ചരിത്രപരമായി, ബംഗ്ലാദേശ്, മ്യാൻമർ, പശ്ചിമ ബംഗാൾ എന്നിവയുമായി ഞങ്ങൾ അതിർത്തികൾ പങ്കിട്ടിട്ടുണ്ട്. ഞങ്ങൾ (ആസാമികൾ) 12 ജില്ലകളിൽ ന്യൂനപക്ഷമാണ്," ഹിമന്ത പറയുന്നു. "ശത്രുക്കളാൽ ചുറ്റപ്പെട്ടപ്പോൾ പോലും വിജ്ഞാനവും ശാസ്ത്രവും സാങ്കേതികവിദ്യയും ഉപയോഗിച്ച് ഒരു ശക്തമായ രാജ്യമായി മാറിയതെങ്ങനെയെന്ന് ഇസ്രായേൽ പോലുള്ള രാജ്യങ്ങളുടെ ചരിത്രത്തിൽ നിന്ന് നമുക്ക് പഠിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ നമുക്ക് ഒരു സമുദായമായി നിലനിൽക്കാൻ കഴിയൂ," അദ്ദേഹം കൂട്ടിച്ചേർത്തു.

"നാം ഇപ്പോൾ മറ്റൊരു വഴിത്തിരിവിലാണ്. അസം പ്രക്ഷോഭം അസമീസ് ജനതയുടെ വ്യക്തിത്വം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. എന്നാൽ ഭീഷണി അപ്രത്യക്ഷമായിട്ടില്ലെന്ന് നമ്മൾ സമ്മതിക്കണം. ഓരോ ദിവസവും ജനസംഖ്യാശാസ്‌ത്രം മാറുകയാണ്, ഓരോ ദിവസവും തദ്ദേശവാസികൾക്ക് ഭൂമി നഷ്ടപ്പെടുന്നു''. ആസാമികൾക്ക് അവരുടെ ഭൂമി നഷ്ടപ്പെടുന്നതിന് കോൺഗ്രസ് ഉത്തരവാദികളാണെന്ന് ഹിമന്ത ആരോപിച്ചു. ചണ്ഡീഗഢിൻ്റെ വിസ്തൃതിക്ക് തുല്യമായ ഏകദേശം 10,000 ഹെക്ടർ ഭൂമി കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കൈയേറ്റത്തിൽ നിന്ന് ഒഴിപ്പിച്ചതായി ശർമ വ്യക്തമാക്കി.

നുഴഞ്ഞുകയറ്റക്കാരെ തുരത്തുക എന്നതാണ് അസം പ്രക്ഷോഭത്തിൻ്റെ രാഷ്ട്രീയ ലക്ഷ്യമെങ്കിൽ, സാമ്പത്തിക സ്വാശ്രയത്വം കൈവരിക്കുകയാണ് അതിൻ്റെ സാമ്പത്തിക ലക്ഷ്യമെന്നും യുവാക്കൾക്ക് ഇക്കാര്യത്തിൽ ഏറ്റവും നിർണായക പങ്കുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News